ഫാ. ബാബു വടക്കേക്കരയ്ക്കു യാത്രയയപ്പു നല്‍കി
Tuesday, April 14, 2015 6:07 AM IST
മെല്‍ബണ്‍: മെല്‍ബണിലെ ഡെയില്‍ രൂപതയിലെ ഏറ്റവും കൂടുതല്‍ ഇടവകാംഗങ്ങളുള്ള നരേവാറന്‍ ഔവര്‍ ലേഡി ചര്‍ച്ചിലെ അസിസ്റന്റ് വികാരിയായിരുന്ന ഫാ. ബാബു വടക്കേക്കരയ്ക്കു മലയാളി സമൂഹത്തിന്റെ സ്നേഹനിര്‍ഭരമായ യാത്രയയപ്പു നല്‍കി.

ഡാന്റിനോംഗിലെ ചില്ലിബോള്‍ റസ്ററന്റിലാണ് മലയാളി കൂട്ടായ്മ സംഘടിപ്പിച്ചത്. ഫെയര്‍വെല്‍ പാര്‍ട്ടിക്കു സ്വാഗതം ആശംസിച്ചുകൊണ്ടു ജോണി മറ്റം സ്വാഗതം ആശംസിച്ചു.

രണ്ടു വര്‍ഷക്കാലമായി ഡെയില്‍ രൂപതയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാ. ബാബു വടക്കേക്കര മികച്ച വാഗ്മിയും കഴിവുറ്റ ധ്യാനഗുരുവുമാണ്. നരേവാറന്‍ ഔവര്‍ ലേഡി ചര്‍ച്ചിലെ മലയാളം കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കിയത് ഫാ. ബാബുവായിരുന്നു. ആധ്യാത്മിക ചൈതന്യം നിറഞ്ഞുനിന്നിരുന്ന പ്രാര്‍ഥനകളും കുര്‍ബാനയും ഫാ. ബാബു വടക്കേക്കരയുടെ പ്രത്യേകതയായിരുന്നു.

മലയാളി കൂട്ടായ്മയുടെ സ്നേഹോപഹാരം ജയിസന്‍ ആലപ്പാട്ട്, ഫാ. ബാബു വടക്കേക്കരയ്ക്കുസമ്മാനിച്ചു. ക്നാനായ കാത്തലിക് മിഷന്‍ പിആര്‍ഒ റെജി പാറയ്ക്കന്‍ ആശംസ നേര്‍ന്നു. ബിനോയി ഉഴവൂര്‍, ജോണി മറ്റം, ബിനോയി പൈക, സെബാസ്റ്യന്‍ കോഴിക്കോട്, ബിനു വര്‍ക്കി എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. കൂട്ടായ്മ നല്‍കിയ സ്നേഹത്തിനു ഫാ. ബാബു വടക്കേക്കര നന്ദി പറഞ്ഞു. ഡിന്നറോടുകൂടി യാത്രയയപ്പു സമ്മേളനം സമാപിച്ചു.