ഉത്തമ സമുദായം, ഉത്കൃഷ്ട സംസ്കാരം ആര്‍ഐസിസി കാമ്പയിനു ഏപ്രില്‍ 17നു തുടക്കം
Tuesday, April 14, 2015 6:00 AM IST
റിയാദ്: 'ഉത്തമ സമുദായം, ഉത്കൃഷ്ട സംസ്കാരം' എന്ന പ്രമേയത്തില്‍ ആര്‍ഐസിസി സംഘടിപ്പിക്കുന്ന ദഅവ കാമ്പയിന് ഏപ്രില്‍ 17നു (വെള്ളി) തുടക്കമാവും.

സാംസ്കാരികമായും ധാര്‍മികമായും വെല്ലുവിളികള്‍ നേരിടുന്ന ആധുനിക സമൂഹത്തിനു ദിശാബോധം നല്‍കുകയാണു രണ്ടു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ ലക്ഷ്യമാക്കുന്നത്. അന്ധവിശ്വാസങ്ങളും തീവ്രവാദവും സാംസ്കാരിക ജീര്‍ണതകളും അനുദിനം വര്‍ധിച്ചുവരികയാണ്. ആധുനിക സമൂഹത്തിനു നഷ്ടമായ ഉത്കൃഷ്ട ബോധവും ഉന്നതമായ സംസ്കാരവും വീണ്െടടുക്കാന്‍ എകദൈവത്വവും എകമാനവതയും പ്രഘോഷണം ചെയ്യുന്ന വിശുദ്ധ ഖുര്‍ആനിന്റെയും മുഹമ്മദ് നബിയുടെയും സന്ദേശങ്ങള്‍ക്കു മാത്രമേ കഴിയൂ. ഉത്കൃഷ്ട സംസ്കാരത്തിന്റെ ഉദാത്ത മാതൃകയായി ലോകം അംഗീകരിച്ച മുഹമ്മദ് നബിയുടെയും അനുചരന്മാരുടെയും ഉത്തമ നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന പൂര്‍വസൂരികളുടെയും ജീവിതത്തെ അനുധാവനം ചെയ്യുന്നതിലൂടെ മാത്രമേ വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ച ഉത്തമ സമുദായത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കൂ. വിശ്വാസപരമായും ധാര്‍മികമായും തകര്‍ന്നടിഞ്ഞിരുന്ന ഇരുണ്ട യുഗത്തിലെ അറബികളെ ലോകത്തിലെ ഒന്നാം തരം പൌരന്മാരായി വളര്‍ത്തിയെടുത്ത പ്രവാചക ജീവിത സന്ദേശങ്ങള്‍ എന്നും ലോകത്തിനു വഴികാട്ടിയാണ്. ഇസ്ലാമിക ആദര്‍ശത്തെ പൊതു സമൂഹത്തിനു പരിചയപ്പെടുത്തുകയാണ് കാമ്പയിന്‍ ലക്ഷ്യമാക്കുന്നതെന്നു ആര്‍ഐസിസി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

കാമ്പയിന്റെ ഉദ്ഘാടന സമ്മേളനം ഏപ്രില്‍ 17നു(വെള്ളി) എക്സിറ്റ് 18ലെ നൂറല്‍മാസ് ഓഡിറ്റോറിയത്തില്‍ നടക്കും. ഐഎസ്എം സംസ്ഥാന സെക്രട്ടറി താജുദ്ധീന്‍ സ്വലാഹി മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. പ്രഫ. കെ.പി സയദ് (എഐഎ കോളജ്, മോങ്ങം), റാഫി സ്വലാഹി ചുങ്കത്തറ തുടങ്ങിയവര്‍ പ്രസംഗിക്കും.

രണ്ടു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി മലയാളി സമൂഹത്തിലെ വ്യത്യസ്ത തലങ്ങളില്‍ ഉള്ളവരെ ഉദ്ദേശിച്ചുകൊണ്ടു സാമൂഹ്യ സംവാദം, നിച്ച് ഓഫ് ട്രൂത്ത് സ്നേഹസംഗമം, ഡോര്‍ ടു ഡോര്‍ ദഅവ, കുടുംബ സംഗമം, സ്കൂള്‍ മീറ്റ്, യുവജന സംഗമം, മദ്രസ സര്‍ഗമേള, സിആര്‍ഇ വിദ്യാര്‍ഥി സംഗമം, അധ്യാപക സംഗമം, ടീന്‍സ് ഗാതറിംഗ്, സമാപന സമ്മേളനം തുടങ്ങിയവ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.