നഴ്സുമാരുടെ റിക്രൂട്ട്മെന്റ്: ഇന്ത്യന്‍ സംഘം കുവൈറ്റ് സന്ദര്‍ശിക്കും
Tuesday, April 14, 2015 4:17 AM IST
കുവൈറ്റ്: കുവൈറ്റിലേക്കുള്ള നഴ്സുമാരുടെ നിയമനം നടപ്പിലാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘം അടുത്ത ദിവസം കുവൈറ്റ് സന്ദര്‍ശിക്കും. നഴ്സുമാരുടെ റിക്രൂട്ട്മെന്റ് സ്വകാര്യ ഏജന്‍സികളില്‍നിന്നു നീക്കി കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള നോര്‍ക്ക റൂട്ട്സ്, ഒഡാപെക് എന്നിവ വഴി മാത്രമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇറക്കിയ സാഹചര്യത്തിലാണു കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുമായും കുവൈറ്റ് അധികൃതരുമായും ചര്‍ച്ചകള്‍ക്ക് ഉദ്യോഗസ്ഥസംഘം എത്തുന്നത്. തൊഴില്‍ വകുപ്പ് സെക്രട്ടറി ടോം ജോസ്, നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്, സിഇഒ കണ്ണന്‍, ഒഡാപെക് എംഡി ജി.എന്‍. മുരളീധരന്‍ എന്നിവരുടെ സംഘമാണ് സന്ദര്‍ശനം നടത്തുന്നത്.

ഈ മാസം 30 മുതല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമേ നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്തുകയുള്ളൂ. ഇതിനായി ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തിയ തൊഴില്‍ കരാര്‍ എമിഗ്രഷന്‍ ക്ളിയറന്‍സ് (ഇസിആര്‍) നിര്‍ബന്ധമാണ്. നോര്‍ക്ക റൂട്ട്സ്, ഒഡാപെക് എന്നിവ വഴിയുള്ള തൊഴില്‍ കരാറുകള്‍ മാത്രമേ എംബസി സാക്ഷ്യപ്പെടുത്തൂ. വിദേശ രാജ്യങ്ങളിലേക്കു നടത്തുന്ന റിക്രൂട്ട്മെന്റുകളില്‍ വന്‍ തട്ടിപ്പ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനു ശേഷമാണു നിയമനങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സി വഴി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കുവൈറ്റില്‍ കരാര്‍ നല്‍കാന്‍ നിലവിലുള്ള സ്വകാര്യ ഏജന്‍സികളെ കുവൈറ്റ് സര്‍ക്കാരും ഒഴിവാക്കേണ്ടതുണ്ട്. പുതിയ സാഹചര്യത്തില്‍ റിക്രൂട്മെന്റിനു സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ എന്തൊക്കയാകണം എന്നതുസംബന്ധിച്ചാകും ഇന്ത്യയില്‍നിന്നുള്ള പ്രതിനിധികള്‍ കുവൈറ്റ് അധികൃതരുമായും, കുവൈറ്റ് ഇന്ത്യന്‍ എംബസിയുമായും ചര്‍ച്ച നടത്തുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍