പി.കെ. ബഷീര്‍ എംഎല്‍എ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി
Tuesday, April 14, 2015 4:16 AM IST
റിയാദ്: മാര്‍ച്ച് 23 മുതല്‍ യമനിലെ സനായില്‍ ഹൂത്തി വിമത പോരാളികളുടെ പിടിയിലുള്ള മലപ്പുറം അരിക്കോട് സ്വദേശി നാലകത്ത് സല്‍മാന്റെ മോചനശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ഏറനാട് എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ പി.കെ. ബഷീര്‍ റിയാദ് ഇന്ത്യന്‍ എംബസിയിലെ ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച സല്‍മാന്റെ സഹോദരന്‍ മുഅ്മീനോടൊപ്പം ഇന്ത്യന്‍ എംബസിയിലെത്തിയ പി.കെ. ബഷീര്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഹേമന്ത് കോട്ടേല്‍വാര്‍, യെമനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ചു ദിവസത്തോളം സന്‍ആയിലുണ്ടായിരുന്ന തൊഴിലാളി ക്ഷേമ വിഭാഗം തേര്‍ഡ് സെക്രട്ടറി ഡോ. എം. അലീം എന്നിവരുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. ബുധനാഴ്ച മുതല്‍ യമനിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുകയില്ലെന്നും അതുകൊണ്ടുതന്നെ ഉടനെതന്നെ അവിടെയുള്ള എംബസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു സല്‍മാന്റെ മോചനത്തിനും ഭാര്യയെയും മക്കളെയും നാട്ടിലയയ്ക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നു ഡിസിഎം പി.കെ. ബഷീറിന് ഉറപ്പു നല്‍കി. സല്‍മാന്റെ ഭാര്യയും മക്കളും ഏറെ ഭയചകിതരും ഭക്ഷണസാധനങ്ങളടക്കമുള്ള അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവു മൂലം വിഷമസന്ധിയിലാണെന്നും സല്‍മാന്റെ സഹോദരന്‍ മുഅ്മീന്‍ എംബസി ഉദ്യോഗസ്ഥരോടു പറഞ്ഞു.

യമനിലെ സ്ഥിതിഗതികള്‍ ഏറെ പരിതാപകരമാണെന്നും തെരുവുകളെല്ലാം വിജനമാണെന്നും സനായില്‍നിന്ന് ആളുകളെല്ലാം വിദൂരങ്ങളിലേക്കു പലായനം ചെയ്തുകൊണ്ടിരിക്കയാണെന്നും അഞ്ച് ദവസം സനായിലെ ഇന്ത്യന്‍ എംബസിയിലുണ്ടായിരുന്ന ഡോ. അലീം പറഞ്ഞു. സല്‍മന്റെ കുടുംബത്തെ നാട്ടിലെത്തിക്കാന്‍ ഊര്‍ജിതശ്രമങ്ങള്‍ നടത്തുമെന്നു ഡോ. അലീമും എംഎല്‍എയ്ക്കു ഉറപ്പു നല്‍കി. യെമനിലേക്കു പോയ മലയാളികളെക്കുറിച്ച് നാട്ടില്‍ ഏറെ കിംവദന്തികള്‍ പ്രചരിക്കുന്നുണ്െടന്നും എന്നാല്‍, ഇപ്പോഴത്തെ പ്രതിസന്ധിഘട്ടത്തില്‍ ഇത്തരം ചര്‍ച്ചകള്‍ക്കു പകരം തങ്ങളുടെ സഹോദരങ്ങളെ യുദ്ധക്കെടുതിയില്‍നിന്നു രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നാം നടത്തേണ്ടതെന്നും എംബസി സന്ദര്‍ശിച്ച ശേഷം പി.കെ. ബഷീര്‍ പറഞ്ഞു. സ്വന്തം നിയോജകമണ്ഡലത്തില്‍നിന്നുള്ള ഒരു കുടുംബം യെമനില്‍ കുടുങ്ങിക്കിടക്കുന്നതായി ഏറെ വൈകിയാണ് അറിഞ്ഞതെന്നും നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ മോചനശ്രമങ്ങള്‍ കുറേക്കൂടി എളുപ്പമാകുമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി എം. മൊയ്തീന്‍ കോയയുടെ നേതൃത്വത്തില്‍ കെഎംസിസി ഭാരവാഹികളും എംഎല്‍എയോടൊപ്പം ഇന്ത്യന്‍ എംബസിയിലെത്തിയിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍