മാഞ്ചസ്റര്‍ കാത്തലിക് അസോസിയേഷന്റെ ഈസ്റര്‍ ആഘോഷം ചരിത്രമായി
Monday, April 13, 2015 7:59 AM IST
മാഞ്ചസ്റര്‍: ഇന്ത്യയിലെ മൂന്നു റീത്തിലുംപെട്ട വൈദികര്‍ കാര്‍മികരായ ദിവ്യബലിയെ തുടര്‍ന്നു നാടന്‍ കലാരൂപങ്ങളും ബൈബിള്‍ അധിഷ്ഠിത കലാപരിപാടികളും ഇടതടവില്ലാതെ വേദിയില്‍ എത്തിയതോടെ കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്ററിന്റെ ഈസ്റര്‍ ആഘോഷ പരിപാടികള്‍ ചരിത്രമായി.

കമ്യൂണിറ്റി, കമിറ്റ്മെന്റ്, കോണ്‍ട്രിബ്യൂഷന്‍ തുടങ്ങി സന്ദേശങ്ങള്‍ ഉയര്‍ത്തി നടന്ന ആഘോഷ പരിപാടികളില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ പങ്കാളികളായി. ശനി ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ടിംബര്‍ മെതോഡിസ്റ്റ് ഹാളില്‍ നടന്ന ആഘോഷമായ ദിവ്യബലിയോടെ പരിപാടികള്‍ക്കു തുടക്കമായി.

ഷ്രൂഷ്ബറി രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി, സീറോ മലങ്കര ചാപ്ളയിന്‍ ഫാ. തോമസ് മടുക്കമൂട്ടില്‍, ലാറ്റിന്‍ ചാപ്ളെയിന്‍ ഫാ. റോബിന്‍സണ്‍ മെല്‍ക്കിസ് തുടങ്ങിയവര്‍ ദിവ്യബലിയില്‍ കാര്‍മികരായി. തോമാശ്ളീഹായില്‍ നിന്നും ശ്ളൈഹികമായി ലഭിച്ച വിശ്വാസ പാരമ്പര്യത്തെ മുറുകെ പിടിച്ച് പ്രതിബന്ധങ്ങളില്‍ തളരാതെ മുന്നോട്ടുപോകുവാന്‍ ദിവ്യബലി മധ്യേ നല്‍കിയ സന്ദേശത്തില്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. ഏയ്ഞ്ചല്‍ വോയിസ് ശ്രുതി ശുദ്ധമായി ആലപിച്ച ഗാനങ്ങള്‍ ദിവ്യബലിയെ ഭക്തി സാന്ദ്രമാക്കി മാറ്റി.

ദിവ്യബലിയെ തുടര്‍ന്ന് പൊതുസമ്മേളനത്തിനു തുടക്കമായി. അസോസിയേഷന്‍ പ്രസിഡന്റ് ബിജു ആന്റണി അധ്യക്ഷത വഹിച്ച യോഗത്തില്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി, ഫാ. റോബിന്‍സണ്‍ മെല്‍ക്കിസ്, ഫാ. തോമസ് മടുക്കമൂട്ടില്‍, അസോസിയേഷന്‍, ചെയര്‍പേഴ്സണ്‍ സുശിലാ ജേക്കബ് തുടങ്ങിയവര്‍ ഈസ്റര്‍ സന്ദേശം നല്‍കി. തുടര്‍ന്നു വൈദികര്‍ ചേര്‍ന്ന്് ഭദ്രദീപം തെളിച്ച് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. റിന്‍സി സജിത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് സ്മിതാ സാബു നന്ദിയും പറഞ്ഞു. ക്യാന്‍ഡില്‍ ഡാന്‍സോടെ കലാസന്ധ്യക്ക് തുടക്കമായി. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വിവിധ പരിപാടികളുമായി വേദിയില്‍ എത്തി.

നാടന്‍ കേരളീയ നൃത്ത ശില്‍പ്പങ്ങളും ബൈബിള്‍ അധിഷ്ഠിതമായ ഒട്ടേറെ കലാപരിപാടികളും കണ്ണിമ ചിമ്മാതെ വേദിയില്‍ എത്തിക്കൊണ്ടിരുന്നു. ജോബി, അനഘ അലക്സ്, സാന്ദ്ര സാബു തുടങ്ങിയവര്‍ പരിപാടിയുടെ അവതാരകരായി. സിന്ദൂര്‍ കേറ്റേഴ്സ് ഒരുക്കിയ വിഭവ സമൃദ്ധമായ ഈസ്റര്‍ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു. സെക്രട്ടറി റോയല്‍ ജോര്‍ജ്, സുനില്‍ കോച്ചേരി, ജോര്‍ജ് മാത്യു, ജോസ് ജോര്‍ജ്, സിബി മാത്യു, പ്രിതാ മിന്റോ, ടോമി തെനയന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍മാരായ മിന്റോ ആന്റണി, ലിസി തോമസ് തുടങ്ങിയവര്‍ കലാപരിപാടികള്‍ നേതൃത്വം നല്‍കി. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി പറഞ്ഞു

റിപ്പോര്‍ട്ട്: സാബു ചൂണ്ടക്കാട്ടില്‍