ലിണ്ടന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിലെ വിശുദ്ധ വാരാചരണം ഭക്തിനിര്‍ഭമായി
Monday, April 13, 2015 3:07 AM IST
ന്യൂജേഴ്സി: വിശുദ്ധ മാതാവിന്റെ നാമത്തിലുള്ള ലിണ്ടന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിലെ വിശുദ്ധ വാരാചരണത്തില്‍ നൂറുകണക്കിന് ഭക്തജനങ്ങളുടെ നിറസാന്നിധ്യത്തില്‍ പെസഹയുടെ കാല്‍കഴുകല്‍ ശുശ്രൂഷയും, ദുഖവെള്ളിയുടെ ശുശ്രൂഷയും, ഉയിര്‍പ്പ് പെരുന്നാളും ആചരിച്ചു. മാര്‍ച്ച് 30-നു കണ്ടനാട് ഭദ്രാസനാധിപന്‍ അത്തനാസിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന സന്ധ്യാപ്രാര്‍ത്ഥനയോടെ വിശുദ്ധവാരത്തിനു തുടക്കംകുറിച്ചു. തുടര്‍ന്ന് എല്ലാ ദിവസങ്ങളിലും തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയും വചന പ്രഘോഷണവും ഉണ്ടായിരുന്നു.

വ്യാഴാഴ്ച നടത്തപ്പെട്ട പെസഹയുടെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ കോര്‍എപ്പിസ്കോപ്പ ജോണ്‍ അച്ചന്‍, ബാബു മാത്യു അച്ചന്‍, മാത്യു തോമസ് അച്ചന്‍, തോമസ് മാത്യു അച്ചന്‍, ചെറിയാന്‍ മുണ്ടയ്ക്കല്‍ അച്ചന്‍, ഷിബു ദാനിയേല്‍ അച്ചന്‍, ഷിനോജ് തോമസ് അച്ചന്‍, ബോബി വര്‍ഗീസ് അച്ചന്‍, ഭദ്രാസന പ്രതിനിധികളായ പോള്‍ കറുകപ്പിള്ളി, ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.

പീഡാനുഭവത്തിന്റേയും ക്രൂശുമരണത്തിന്റേയും ഓര്‍മ്മപ്പെടുത്തലായ ദുഖവെള്ളിയാഴ്ചയുടെ ശുശ്രൂഷ അനേകങ്ങള്‍ പങ്കെടുത്ത ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടത്തപ്പെട്ടു. തദവസരത്തില്‍ ക്രിസ്തുവിന്റെ ക്രൂശുമരണംകൊണ്ട് മനുഷ്യരാശിക്ക് ലഭിച്ച രക്ഷയുടെ മാര്‍ഗത്തെ കുറിച്ചും, അതു കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബഹുമാനപ്പെട്ട തിരുമേനി ഭക്തജനങ്ങളെ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് ശനിയാഴ്ച മരിച്ചുപോയവര്‍ക്കുവേണ്ടിയുള്ള പ്രത്യേക കുര്‍ബാനയും നടത്തപ്പെട്ടു.

ഞായറാഴ്ച ഉയിര്‍പ്പിന്റെ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും അനുഭവിക്കുന്നതിനായി നൂറുകണക്കിന് ഭക്തജനങ്ങള്‍ ദേവാലയത്തിലേക്ക് ഒഴുകിയെത്തിയത് ഈ പള്ളിക്ക് വിശ്വാസികള്‍ നല്‍കുന്ന പ്രധാന്യത്തെ എടുത്തുകാട്ടുന്ന ഒന്നായിരുന്നു. തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെട്ട വിശുദ്ധ ബലിയര്‍പ്പണത്തിനുശേഷം ചടങ്ങില്‍ പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും ബഹുമാനപ്പെട്ട തിരുമേനിയുമായി സമയം ചെലവഴിക്കുന്നതിനുള്ള അവസരവും ഉണ്ടായിരുന്നു. ഈ വിശുദ്ധ വാരം ഇത്രയും അനുഗ്രഹം നിറഞ്ഞതാക്കാനും ആത്മീയമന്ന സ്വീകരിക്കാനും വിശുദ്ധ ദേവാലയത്തിലേക്ക് കടന്നുവന്ന എല്ലാ വിശ്വാസികളോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായി കോര്‍എപ്പിസ്കോപ്പ ജോണ്‍ അച്ചനും, ഇടവക വികാരി സണ്ണി ജോസഫ് അച്ചനും മറ്റ് ഇടവക ജനങ്ങളും അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം