കൊളോണിലെ ഈസ്റര്‍ കര്‍മങ്ങള്‍ ഭക്തിസാന്ദ്രമായി
Saturday, April 11, 2015 8:15 AM IST
കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഈസ്റര്‍ ആഘോഷം ഭക്തിനിര്‍ഭരമായി നടത്തി. ഉയിര്‍പ്പുതിരുനാളിന്റെ തിരുക്കര്‍മങ്ങള്‍ ഏപ്രില്‍ നാലിന് (ശനി) രാത്രി പത്തിന് ആരംഭിച്ചു. ദേവാലയ അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ പീഠത്തിലെ കര്‍മ്മങ്ങള്‍ക്കുശേഷം വിശ്വാസികള്‍ കത്തിച്ച മെഴുകു തിരിയുമേന്തി പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിച്ചാണ് ഉയിര്‍പ്പു കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഈസ്റര്‍ ശുശ്രൂഷകള്‍ക്ക് ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ നേതൃത്വം നല്‍കി.

ആഘോഷമായ ദിവ്യബലിക്ക് റവ.ഡോ. പ്രിന്‍സ് പാണേങ്ങാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.ഇഗ്നേഷ്യസ് ചാലിശേരി, ബെല്‍ജിയം ലുവൈന്‍ യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം നടത്തുന്ന ഫാ.അരുണ്‍ വടക്കേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ദിവ്യബലിമധ്യേ ഫാ. പ്രിന്‍സ് ഈസ്റര്‍ സന്ദേശം നല്‍കി. യൂത്ത് ഗായക സംഘത്തിന്റെ ആലാപനം ദിവ്യകര്‍മങ്ങളെ ഭക്തിസാന്ദ്രതയില്‍ നിറച്ചു. സിസ്റര്‍ പൌളിനെ, ഡാനി ചാലായില്‍, ജിം, റിയാ വടക്കിനേത്ത്, ജെന്‍സ്, ജോയല്‍ കുമ്പിളുവേലില്‍, വര്‍ഗീസ് ശ്രാമ്പിക്കല്‍ എന്നിവര്‍ ശുശ്രൂഷകരായിരുന്നു.

സെന്റ് തെരേസിയ ദേവാലയത്തില്‍ നടന്ന ദുഃഖവെള്ളിയുടെ തിരുക്കര്‍മങ്ങളില്‍ പാനവായന, ക്രിസ്തുവിന്റെ പീഢാനുഭ ചരിത്രം, പ്രസംഗം, കുരിശിന്റെ വഴി, കുരിശുചുംബിക്കല്‍, കയ്പ്പുനീര്‍ കുടിക്കല്‍ തുടങ്ങിയ പരിപാടികളില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തു. ജോസ് കവലേച്ചിറ, സിനി പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ ലേഖനങ്ങള്‍ വായിച്ചു.

ഈസ്റര്‍ വാരാഘോഷം അനുഗ്രഹപ്രദമാക്കി നടത്താന്‍ സഹായിച്ച എല്ലാവര്‍ക്കും ഫാ. ഇഗ്നേഷ്യസ് നന്ദി പറഞ്ഞു. ദിവ്യബലിയെ തുടര്‍ന്നു ദേവാലയ ഹാളില്‍ കാപ്പി സല്‍ക്കാരവും ജീവന്റെ പ്രതീകമായിട്ടുള്ള ഈസ്റര്‍ മുട്ടയുടെ വിതരണം നടന്നു.

കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയ ദേവാലയത്തില്‍ നടന്ന കര്‍മങ്ങളില്‍ ഏതാണ്ട് ഇരുനൂറ്റിയന്‍പതോളം വിശ്വാസികള്‍ പങ്കെടുത്തു. വിശുദ്ധവാര പരിപാടികള്‍ക്ക് കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരിയുടെ നേതൃത്വത്തില്‍ കമ്മിറ്റിയംഗങ്ങളായ മേഴ്സി തടത്തില്‍ (സെക്രട്ടറി), ആന്റണി സഖറിയാ, ഷീബ കല്ലറയ്ക്കല്‍, എല്‍സി വേലൂക്കാരന്‍, സാബു കോയിക്കേരില്‍ തുടങ്ങിയവര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍