ആംഗലാ മെര്‍ക്കല്‍; ക്രിസ്റ്യന്‍ ഡമോക്രാറ്റ് പാര്‍ട്ടിയുടെ പതിനഞ്ച് വര്‍ഷത്തിന്റെ മാതൃത്വം
Saturday, April 11, 2015 8:15 AM IST
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍(60) പാര്‍ട്ടി ചീഫായി പതിനഞ്ച് വര്‍ഷം തികച്ചു. 2000 ഏപ്രില്‍ പത്തിനാണ് അവര്‍ ആദ്യമായി ക്രിസ്റ്യന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ(സിഡിയു) ചെയര്‍പേഴ്സണായി അധികാരമേല്‍ക്കുന്നത്. അന്നുമുതലിങ്ങോട്ട് മൂന്നു തെരഞ്ഞെടുപ്പുകള്‍ ജയിച്ചു, പല പ്രതിസന്ധികള്‍ തരണം ചെയ്തു, വിവിധ ലോകനേതാക്കളെ കൂടെ നിര്‍ത്തി. മൂന്നാം പ്രാവശ്യവും അധികാരം കൈയാളുന്നതിനിടയില്‍ ജര്‍മനിയുടെ ചാന്‍സലറായി പത്തുവര്‍ഷവും തികച്ചു. ഇതിനു മുന്‍പ് രണ്ടു പേര്‍ മാത്രമാണ് ഇതിലേറെ കാലം ജര്‍മന്‍ ചാന്‍സലറായിരുന്നിട്ടുള്ളത്, കോണ്‍റാഡ് അഡെനോവറും (16 വര്‍ഷം) ഹെല്‍മുട്ട് കോളും (22 വര്‍ഷം).

പുരുഷാധിപത്യം ശക്തമായിരുന്ന ക്രിസ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ ചീഫായി ഒരു പ്രൊട്ടസ്റന്റ് വനിത ഉയര്‍ന്നുവന്നത് അന്ന് അദ്ഭുതമായിരുന്നു. ഇന്നു മെര്‍ക്കലിനു പകരം വയ്ക്കാനൊരു പേരില്ലാത്ത വണ്ണം അനിഷേധ്യ നേതാവായി അവര്‍ രാജ്യത്തും യൂറോപ്പിലും പാര്‍ട്ടിയിലും വളര്‍ന്നുകഴിഞ്ഞു.

മൂന്നു വ്യത്യസ്ത രാഷ്ട്രീയ സഖ്യങ്ങളെ നയിച്ച് ഭരണം നടത്തിയ മെര്‍ക്കല്‍, അക്കാര്യത്തിലും നയതന്ത്ര മികവു തെളിയിച്ചു. ആഗോള സാമ്പത്തിക മാന്ദ്യകാലത്തും യൂറോപ്യന്‍ മാന്ദ്യകാലത്തും ജര്‍മനിയെ ശക്തമായി മുന്നോട്ടു നയിച്ചതു തന്നെയാണ് മെര്‍ക്കല്‍ യുഗത്തിലെ ഏറ്റവും തിളങ്ങുന്ന ഏടുകളായി വിശേഷിപ്പിക്കപ്പെടുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍