പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാന്‍സില്‍ ഊഷ്മള സ്വീകരണം
Friday, April 10, 2015 9:00 AM IST
പാരീസ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ്യന്‍യാത്ര ആരംഭിച്ചു. ഇന്നു രാവിലെ ഫ്രാന്‍സിലെ പാരീസ് ഓര്‍ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രിക്കു ഫ്രഞ്ച് കായിക മന്ത്രി തിയറി ബ്രയിലേറും ഇന്ത്യന്‍ നയതന്ത്രപ്രതിനിധികളും ചേര്‍ന്ന് ഊഷ്മള സ്വീകരണം നല്‍കി.

തുടര്‍ന്നു ഗാര്‍ഡ് ഓഫ് ഓണര്‍ സെറിമണിക്കുശേഷം ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍ങ്കോയിസ് ഒളാന്ദുമായി മോദി ചര്‍ച്ച നടത്തി. പ്രതിരോധ വ്യാപാര മേഖലകളിലെ സഹകരണവും സൈനികേതര ആണവവിഷയവുമാണ് ചര്‍ച്ചയില്‍ മുഖ്യവിഷയമായത്. 'ജെറ്റ് ഡീല്‍' എന്നാണു പാശ്ചാത്യമാധ്യമങ്ങള്‍ മോദിയും ഒളാന്ദുമായുള്ള ചര്‍ച്ചയെ വിശേഷിപ്പിക്കുന്നത്.

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ 2003 ല്‍ 28.6 ബില്യന്‍ യൂറോയുടെ വ്യാപാര ഇടപാടുകള്‍ നടത്തിയിരുന്നെങ്കില്‍ അത് 2013 ല്‍ 72.7 ബില്യന്‍ യൂറോയുടെ ഇടപാടുകളാണ് നടത്തിയതെന്ന് കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് മോദി പറഞ്ഞു. ഇതില്‍ ഫ്രാന്‍സിന്റെ ഭാഗം വലുതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

സന്ദര്‍ശനത്തിനിടയില്‍ പാരീസിലെ യുനെസ്കോയുടെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ എത്തിയ മോദി വേദിയില്‍ പ്രസംഗിച്ചു. ഇന്ത്യയിലെ എല്ലാ മതവിശ്വാസികള്‍ക്കും തുല്യത ഉറപ്പു വരുത്തുമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ താനും തന്റെ സര്‍ക്കാരും പാര്‍ട്ടിയും പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു. വിവിധ സംസ്കാരങ്ങളുടെ ആകെത്തുകയാണ് ഇന്ത്യ. സംസ്കാരങ്ങള്‍ ഒരിക്കലും സംഘര്‍ഷങ്ങള്‍ വഴിതെളിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈകുന്നേരം പ്രസിഡന്റ് ഒളാന്ദിനൊപ്പം 'ചാറ്റ് ഓണ്‍ ബോട്ട്' എന്ന ഔദ്യോഗിക പരിപാടിയിലും നരേന്ദ്രമോദി പങ്കെടുക്കും. ഒന്നാം ലോകമഹായുദ്ധകാലത്ത് 10,000 ത്തോളം ഇന്ത്യന്‍ പട്ടാളക്കാരാണ് ഫ്രാന്‍സില്‍ മരിച്ചത്. അവര്‍ക്കുവേണ്ടിയുള്ള യുദ്ധസ്മാരകവും സന്ദര്‍ശിച്ച് മോദി ആദരാഞ്ജലികള്‍ അര്‍പ്പിക്കും. മുന്‍പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുമായും മോദി കൂടിക്കണ്ടു.

ഇന്ത്യയിലേക്കു നിക്ഷേപം കൊണ്ടുവരാനും സാങ്കേതിക സഹകരണം ശക്തമാക്കാനും ലക്ഷ്യമിട്ടാണ് മോദി ഫ്രാന്‍സിനു പുറമേ, ജര്‍മനി, കാനഡ എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കുന്നത്. മോദിയുടെ യൂറോപ്പിലേക്കുള്ള ആദ്യ യാത്രയാണിത്. ഫ്രാന്‍സ് പര്യടനം കഴിഞ്ഞ് മോദി ഏപ്രില്‍ 12നു ജര്‍മനിയിലെത്തും.

ഇന്ത്യയില്‍ മൊത്തം 394 ഫ്രഞ്ച് മേജര്‍ കമ്പനികളാണു പ്രവര്‍ത്തിക്കുന്നത്. മൂന്നുലക്ഷത്തിലധികം ആളുകളാണ് ഈ കമ്പനികളില്‍ ജോലിചെയ്യുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍