'എ നൈറ്റ് ടു റിമംബര്‍' പ്രൌഢഗംഭീരമായി
Friday, April 10, 2015 7:34 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ ക്നാനായ കാത്തലിക് യൂത്ത് ലീഗ് മാതാപിതാക്കന്മാര്‍ക്കായി ഒരുക്കിയ 'എ നൈറ്റ് ടു റിമംബര്‍' പ്രൌഢഗംഭീരമായി.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുളള കലാരൂപങ്ങളും ദൃശ്യ ആവിഷ്കാരങ്ങളും ഇടതടവില്ലാതെ വേദിയില്‍ എത്തിയതോടെ ക്നാനായ സമൂഹത്തിന്റെ ഈസ്റര്‍ ആഘോഷ പരിപാടികള്‍ വേറിട്ട അനുഭവമായി മാറി. തനിമയില്‍ ഒരുമയില്‍ നാം ഒരു കുടുംബം എന്നതാണു സന്ദേശം.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു ഷ്രൂഷ്ബറി രൂപതാ ക്നാനായ ചാപ്ളയിന്‍ ഫാ. സജി മലയില്‍ പുത്തന്‍ പുരയുടെ കാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയോടെ പരിപാടികള്‍ക്കു തുടക്കമായി.

ഉത്ഥിതനായ യേശു മനുഷ്യകുലത്തിന്റെ രക്ഷകനായിതീര്‍ന്ന പോലെ മുന്നോട്ടുളള നമ്മുടെ പ്രയാണത്തിലും ഉത്ഥിതന്റെ ചൈതന്യം ഉള്‍ക്കൊണ്ടു മുന്നോട്ടു പോകാന്‍ ദിവ്യബലി മധ്യേ സന്ദേശം നല്‍കിയ ഫാ. സജി മലയില്‍ പുത്തന്‍പുര വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ എംകെസിവൈഎല്‍ പ്രസിഡന്റ് ഷാലു ജോസ് അധ്യക്ഷത വഹിച്ചു. ഫാ. സജി മലയില്‍ പുത്തന്‍പുര യുകെ കെസിഎ പ്രസിഡന്റ് ബെന്നി മാവേലി, യുകെ കെസിഎ ട്രഷറര്‍ സജി പുതിയ വീട്ടില്‍, യുകെ കെസിവൈഎല്‍ പ്രസിഡന്റ് ഷിബിന്‍ ജോസ്, സെക്രട്ടറി ജോണ്‍ സജി എന്നിവയുടെ നേതൃത്വത്തില്‍ മുഴുവന്‍ നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും എംകെസിഎ സെക്രട്ടറി ജോസ് പടിപ്പുരയ്ക്കല്‍, വൈസ് പ്രസിഡന്റ് ഷൈനി എബ്രഹാം തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

സാധാരണ മാതാപിതാക്കള്‍ മക്കള്‍ക്കായി പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ഇവിടെ മക്കള്‍ മാതാപിതാക്കന്മാര്‍ക്കായി ഒരുക്കിയ പരിപാടി പുതുതലമുറയ്ക്കു കൂടുതല്‍ ആവേശം പകര്‍ന്നു നല്‍കട്ടെയെന്നു ചടങ്ങില്‍ മുഖ്യ സന്ദേശം നല്‍കിയ യുകെകെസിഎ പ്രസിഡന്റ് ബെന്നി മവേലില്‍ അറിയിച്ചു.

പ്രവാസികളായ നാം തനിമയില്‍ ഒരുമയില്‍ നമ്മുടെ പാരമ്പര്യം പിന്തുടരണമെന്നും പുതുതലമുറയ്ക്കു വെളിച്ചം പകരുന്നവരാകണമെന്നും സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. സജി മലയില്‍ പുത്തന്‍പുര ഉദ്ബോധിപ്പിച്ചു. തുടര്‍ന്നു മാര്‍ഗം കളിയോടെ കലാപരിപാടികള്‍ക്കു തുടക്കമായി. ഒരു പ്രണയ കഥയെ അനുസ്മരിപ്പിക്കുംവിധമാണ് അവതാരകര്‍ കലാപരിപാടികള്‍ ഡിസൈന്‍ ചെയ്തത്. തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലുളള നാടന്‍ കലാരൂപങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചു. ഡപ്പാന്‍കൂത്ത്, ബാങ്കട ഡാന്‍സ്, ഡാന്‍ഡിയ ഡാന്‍സ്, മയിലാട്ടം, ഫാഷന്‍ ഷോ തുടങ്ങിയ പരിപാടികളും അരങ്ങേറി.

ജോണ്‍ ജേക്കബ്, ലെവിന ജോര്‍ജ് തുടങ്ങിയര്‍ അവതരണ കഥാപാത്രങ്ങളെ അന്വര്‍ഥമാക്കി. വിഭവസമൃദ്ധമായ ഈസ്റര്‍ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.

എംകെസിവൈഎല്‍ ഡയറക്ടര്‍മാരായ ജിഷു ജോണ്‍, ഷൈനി ഏബ്രഹാം തുടങ്ങിയവരുടേയും എംകെസിവൈഎല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയുടേയും നിതാന്ത പരിശ്രമം പരിപാടികളുടെ വിജയത്തിനു കാരണമായി. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും സെക്രട്ടറി നിമിഷ ബേബി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍