ദാവീദും സോളമനും
Friday, April 10, 2015 7:29 AM IST
ന്യൂയോര്‍ക്ക്: ലോംഗ് ഐലന്‍ഡ് സെന്റ്മേരീസ് സീറോ മലബാര്‍ പളളിയുടെ പ്രഥമ വികാരി ഫാ. ഏബ്രഹാം കരോട്ടിനും (ആന്റോച്ചന്‍) ഇപ്പോഴത്തെ വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്സിനും അല്‍പ്പനേരത്തേക്കെങ്കിലും മറുപേരുകള്‍ ചാര്‍ത്തിക്കിട്ടി. ദാവീദും സോളമനും. ഇരുവരും രാജാക്കന്മാര്‍ തന്നെ. ദാവീദ് രാജാവും സോളമന്‍ രാജാവും.

ലോംഗ് ഐലന്‍ഡ് സീറോ മലബാര്‍ സമൂഹം സ്വന്തമാക്കിയ ദേവാലയത്തിന്റെ കൂദാശ യോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവേ സദസില്‍ പൊട്ടിച്ചിരി പടര്‍ത്തിക്കൊണ്ടു ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ഈ പരാമര്‍ശം ഉണ്ടായത്.

ജറുസലേം ദേവാലയ നിര്‍മിതിക്കായി വേണ്ട വിഭവങ്ങള്‍ ഒരുക്കിക്കൊടുത്ത ദാവീദ് രാജാവിനെപ്പോലെയാണു പ്രഥമ വികാരി ഫാ. ഏബ്രഹാം കരോട്ടെന്ന് ഫാ. കണ്ടത്തിക്കുടി ചൂണ്ടിക്കാട്ടി. ദാവീദിനെപ്പോലെ ദേവാലയ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ആന്റോച്ചനായില്ല. പക്ഷേ, ദാവീദ് രാജാവ് വേണ്ടതൊക്കെ സമാഹരിച്ചിരുന്നു. എന്നാല്‍, ദേവാലയം പൂര്‍ത്തിയാക്കാന്‍ ദൈവം അവസരം നല്‍കിയതു പുത്രനായ സോളമന്‍ രാജാവിനാണ്. ഇപ്പോഴത്തെ വികാരി ഫാ. ജോണ്‍സണ്‍ അതുകൊണ്ടുതന്നെ സോളമന്‍ രാജാവിന്റെ സ്ഥാനത്തിരിക്കുന്നു; ഫാ. കണ്ടത്തിക്കുടി പറഞ്ഞു.

കൂദാശ ദിനത്തിലുണ്ടായ മഞ്ഞുവീഴ്ചയിലും ഫാ. ജോസ് കണ്ടത്തിക്കുടി ദൈവസാന്നിധ്യം കണ്െടത്തി. എന്തുകൊണ്ടും അനുഗ്രഹീതമായ ദിനമാണിത്. അന്തരീക്ഷത്തില്‍നിന്നു പുഷ്പവൃഷ്ടി വരെ. ചുവന്ന റോസാപ്പൂക്കളൊന്നുമല്ല അന്തരീക്ഷത്തില്‍നിന്നു പൊഴിയുന്നത്. നല്ല തൂവെളളപ്പൂക്കള്‍.

ദാവീദ് രാജാവ് പദ്ധതിയിട്ട് സോളമന്‍ രാജാവ് പൂര്‍ത്തീകരിച്ച ജറുസലേം ദേവാലയമായിരുന്നു ജൂത സമൂഹത്തിന്റെ ഏക ദേവാലയമെന്നു സഭാ പണ്ഡിതനായ ഫാ. ജോസ് കണ്ടത്തിക്കുടി വിശദീകരിച്ചു. ജൂത സമൂഹത്തിനു മറ്റു ദേവാലയങ്ങള്‍ ഉണ്ടായിട്ടില്ല. അവര്‍ക്കിപ്പോള്‍ സിനഗോഗുകള്‍ മാത്രമേയുളളൂ. ദേവാലയത്തില്‍ മാത്രമേ ബലിയര്‍പ്പണം നടക്കാറുളളൂ. സിനഗോഗുകളില്‍ വചനശുശ്രൂഷയാണുളളത്.

ദൈവം നിഷ്കര്‍ഷിച്ച് അളവിലും ആകൃതിയിലുമായിരുന്നു ജറുസലേം ദേവാലയത്തിന്റെ നിര്‍മാണം. അതിന്റെ നിര്‍മിതിക്കു വേണ്ട കാര്യങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനിടെ സമീപത്തെ പല രാജ്യങ്ങളും ദാവീദിനെതിരായി യുദ്ധം പ്രഖ്യാപിച്ചു. യുദ്ധത്തിന്റെ ചുമതലയില്‍ പെട്ടുപോയതു കൊണ്ടാണു ദാവീദിനു നിര്‍മാണം പൂര്‍ത്തീകരിക്കാനാവാതെ പോയത്. എന്നിരുന്നാലും ദേവതാരു ഉള്‍പ്പെടെ നിര്‍മാണത്തിനു വേണ്ട വസ്തുക്കള്‍ സമാഹരിക്കാന്‍ ദാവീദ് രാജാവ് യുദ്ധത്തിനിടയിലും ശ്രദ്ധിച്ചിരുന്നു. ഇങ്ങനെ ചേര്‍ത്തുവച്ച വസ്തുക്കള്‍ കൊണ്ടാണു പുത്രന്‍ സോളമന്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്.

ഈശോയുടെ അമര്‍ഷം വരെ ഏറ്റുവാങ്ങിയ ജറുസലേം ദേവാലയം പല ദുര്യോഗങ്ങള്‍ക്കും പിന്നീട് സാക്ഷ്യം വഹിക്കുകയുണ്ടായി. എഡി 61 ല്‍ ബാബിലോണിയന്‍ ചക്രവര്‍ത്തി നെബുക്കഡ്നെസര്‍ ദേവാലയം അഗ്നിക്കിരയാക്കി. സിമന്റിനും മണ്ണിനും പകരം സ്വര്‍ണവും വെളളിയുമായിരുന്നു ദേവാലയ ഭിത്തികളുടെ നിര്‍മിതിയില്‍ മിശ്രിതമായി ചേര്‍ ത്തിരുന്നത്. വിശേഷപ്പെട്ട തടികളാല്‍ നിര്‍മിച്ച ദേവാലയം അഗ്നിക്കിരിയാക്കിയാല്‍ അതിനിടയിലെ സ്വര്‍ണവും വെളളിയുമൊക്കെ കൊളളയടിക്കാമെന്ന ചിന്തയാണു ബാബിലോണിയന്‍ ചക്രവര്‍ത്തിയെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കണിയാലി