കാലിഫോര്‍ണിയ സാക്രമെന്റോയില്‍ പുതിയ ആരാധനാലയം
Friday, April 10, 2015 7:29 AM IST
കാലിഫോര്‍ണിയ: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ കീഴില്‍ കാലിഫോര്‍ണിയയുടെ തലസ്ഥാനമായ സാക്രമെന്റോയില്‍ പുതിയ ജേക്കബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയം.

ഏപ്രില്‍ 11ന് (ശനി)രാവിലെ 9.30ന് ഇടവക മെത്രാപ്പോലീത്താ യല്‍ദൊ മാര്‍ തീത്തോസ് ആദ്യബലി അര്‍പ്പിച്ച് ആശീര്‍വദിച്ച് അനുഗ്രഹിക്കുന്നതോടെ തദ്ദേശവാസികളായ യാക്കോബായ വിശ്വാസികളുടെ ചിരകാലാഭിലാഷം പൂവണിയുകയാണ്.

സഭയുടെ വിശ്വാസാചാരാനുഷ്ഠാനങ്ങള്‍ പരിരക്ഷിക്കുന്നതിനും അതു വരും തലമുറയിലേക്കു പകര്‍ന്നുകൊടുക്കുന്നതിനുമായി കാലിഫോര്‍ണിയായിലെ തെരക്കേറിയ തലസ്ഥാനനഗരിയില്‍ത്തന്നെ ഒരു ആരാധനാലയത്തിനു തുടക്കം കുറിക്കുവാന്‍ സാധിക്കുന്നതു ദൈവത്തിന്റെ അളവറ്റ കൃപയും വിശ്വാസികളുടെ ആത്മാര്‍ഥമായ പരിശ്രമവും ഒന്നുകൊണ്ടു മാത്രമാണെന്നു വികാരി ഫാ. തോമസ് കോര പറഞ്ഞു.

പ്രാരംഭമെന്നോണം ആഴ്ചയില്‍ അവസാനത്തെ ശനിയാഴ്ച മാത്രമായി വിശുദ്ധ ആരാധനയ്ക്കായുളള ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും തുടര്‍ന്ന് കൂടുതല്‍ വിശ്വാസികളുടെ സഹകരണത്തോടെ എല്ലാ ആഴ്ചകളിലും ആരാധന നടത്തുന്നതിനും ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. തോമസ് കോര 303 596 6365, എല്‍ദോസ് പാലക്കാടന്‍ 916 479 1507, എല്‍ദോസ് 904 483 1679.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍