എബിസി കാര്‍ഗോ ഫുട്ബോള്‍ മേള: പി.എ.എം. ഹാരിസിനു കായിക പ്രേമികളുടെ ആദരം
Friday, April 10, 2015 7:27 AM IST
ദമാം: പ്രവിശ്യയിലെ സാമൂഹിക ജീവകാരുണ്യ മാധ്യമരംഗത്തെ പ്രമുഖനും ഫുട്ബോള്‍ പ്രേമികൂടിയായ പി.എ.എം. ഹാരിസിന് അല്‍ കോബാര്‍ യുണൈറ്റഡ് ഫുട്ബോള്‍ ക്ളബ്ബ് മൊമെന്റോ നല്‍കി ആദരിച്ചു.

എബിസി കാര്‍ഗോ ഫുട്ബോള്‍ മേളയുടെ വേദിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി കമ്യൂണിറ്റി സ്കൂള്‍ ഹെയര്‍ ബോര്‍ഡ് അംഗം ജോണ്‍ തോമസ് മൊമെന്റോ സമ്മാനിച്ചു. ഖാലിദ് സൈഫുള്ള, റഫീക് കൂട്ടിലങ്ങാടി, അബ്ദുള്‍ അലി കളത്തിങ്ങല്‍, അനസ് വയനാട്, ഷമീര്‍ കൊടിയത്തൂര്‍, സി. അബ്ദുള്‍ റസാക്, രാജു കെ. ലുക്കാസ് എന്നിവര്‍ സംബന്ധിച്ചു. കായികരംഗത്തെ വാര്‍ത്തള്‍ക്ക് നല്‍കിയ പ്രോത്സാഹനങ്ങളെ മാനിച്ചാണു ക്ളബ്ബ് ആദരവ് നല്‍കിയത്.

എബിസി കാര്‍ഗോ ഫുട്ബോള്‍ മേളയുടെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ ഇന്നു ആരംഭിക്കുമ്പോള്‍ ഇത്തിഫാക്ക് മൈതാനം ശക്തമായ പോരാട്ടത്തിനു വേദിയാകും. ആദ്യ മല്‍സരത്തില്‍ ജാക്സനും നിഷാദ് കൊളക്കാടനും ജേഴ്സിയണിയുന്ന ഇംകോ കോബാറും വാസിലും ഹംദാനുമടങ്ങുന്ന ഐഡിയലിങ്ക് തെക്കേപ്പുറവും തമ്മിലാണ് ഏറ്റുമുട്ടുന്നത്. രണ്ടാമത് നടക്കുന്ന മല്‍സരത്തില്‍ തുല്യ ശക്തികളുടെ പോരാട്ടത്തില്‍ റിദ കെമിക്കല്‍ കോര്‍ണിഷ് സോക്കറും ബദര്‍ റബി ഡിസ്പെന്‍സറിയും തമ്മില്‍ മാറ്റുരയ്ക്കും.

പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ എതിര്‍ ടീമുകളോടു മികച്ച മല്‍സരം കാഴ്ചവച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇരു ടീമുകളും മൈതാനത്ത് മാറ്റുരയ്ക്കുക. ആദ്യ മല്‍സരത്തില്‍ത്തന്നെ എതിരാളികള്‍ക്കെതിരേ ഹാട്രിക് ഗോള്‍ നേടിയ കോര്‍ണിഷിന്റെ ഹാരിസ് വയനാടും ബദറിന്റെ ജാഫറുമടങ്ങുന്ന മുന്നേറ്റ നിര ഇരു ടീമുകളുടെയും മികച്ച പ്രകടനത്തിനും വാശിക്കും വഴിയൊരുക്കും.

ഇന്നു മാറ്റുരയ്ക്കുന്ന ടീമുകള്‍ക്ക് റിയാദില്‍നിന്നു ജിദ്ദയില്‍നിന്നുമടക്കം പ്രമുഖരായ അതിഥിതാരങ്ങള്‍ ജേഴ്സിയണിയും.  രാത്രി ഏഴിനു തന്നെ മല്‍സരം ആരംഭിക്കുമെന്നു ടൂര്‍ണമെന്റ് കമ്മിറ്റി അറിയിച്ചു.

ക്വാര്‍ട്ടര്‍ ഫൈനല്‍-സെമി മല്‍സരങ്ങളില്‍ ഗോളുകള്‍ നേടുന്ന കളിക്കാരന് ഒരോ ഗോളിക്കും ഇന്‍ഡോമി സമ്മാനം നല്‍കും. പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും കേന്ദ്ര സര്‍ക്കാറിന്റെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാര ജേതാവുമായ ശിഹാബ് കൊട്ടുകാട് മുഖ്യാതിഥിയായി പങ്കെടുക്കും

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം