ദാറുല്‍ഹുദ യൂണിവേഴ്സിറ്റി ഓഫ് കാമ്പസുകള്‍ക്ക് സൌകര്യമൊരുക്കും: ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി
Friday, April 10, 2015 6:57 AM IST
റിയാദ്: കേരളത്തിനു പുറത്ത് ഇതര സംസ്ഥാനങ്ങളില്‍ സാമൂഹിക-സാംസ്കാരിക മേഖലകളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുമെന്നു ദാറുല്‍ ഹുദാ ഇസ്്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി. സ്ഥാപന പ്രചാരണാര്‍ഥം സൌദിയിലെത്തിയ അദ്ദേഹം റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ആന്ധ്രപ്രദേശ്, ആസാം, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഓഫ് കാമ്പസുകള്‍ സ്ഥാപിച്ച ശേഷം ഇനി കര്‍ണാടകയിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ ഹംഗലില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന പുതിയ ഓഫ് കാമ്പസിനു റമദാനിനുശേഷം തറക്കല്ലിടും. ഇതിന്നായി ഏഴ് ഏക്കറോളം ഭൂമി സ്വന്തമാക്കിയിട്ടുണ്ട്.

കേരളത്തിനു പുറത്തെ ഓഫ് കാമ്പസുകള്‍ക്കാവശ്യമായ എല്ലാ സൌകര്യങ്ങളും ദാറുല്‍ഹുദയാണ് ഒരുക്കുന്നതെന്നും വിദ്യാഭ്യാസം നല്‍കിയാല്‍ മാത്രമേ സമൂഹത്തിന് ശരിയായ വളര്‍ച്ചയുണ്ടാവൂവെന്നും അതിന്നാണുദാറുല്‍ഹുദാ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാളിലെ ഭീംപൂര്‍ ജില്ലയിലെ ബീര്‍ഭൂമിലും ആസാമിലെ ബാര്‍പേട്ട ജില്ലയിലെ ബൈശ വില്ലേജിലും ഇപ്പോള്‍ ഓഫ് കാമ്പസുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ദാറുല്‍ഹൂദാ നേരിട്ട് നടത്തുന്ന ഈ സ്ഥാപനങ്ങളിലായി മൂന്നൂറോളം തദ്ദേശീയരായ വിദ്യാര്‍ഥികളാണു പഠിക്കുന്നത്. മലയാളത്തിനു പകരം ഓരോ ഓഫ് കാമ്പസുകളിലും അവിടുത്തെ മാതൃഭാഷകള്‍ സിലബസില്‍ ഉള്‍പ്പെടുത്തി പരിഷ്കരിച്ചിട്ടുണ്ട്.

ദാറുല്‍ഹുദായുടെ സിലബസ് അനുസരിച്ച് വിദ്യാര്‍ഥികളെ തയാറാക്കുന്ന 18 കോളജുകള്‍ കേരളത്തിലും കര്‍ണാടക, മുംബൈ എന്നിവിടങ്ങളില്‍ ഓരോ കോളജുകളും പ്രവര്‍ത്തിക്കുന്നു. ഇവിടങ്ങളിലെല്ലാം ദാറുല്‍ ഹുദായില്‍നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ഹുദവികളാണ് അധ്യാപകരായുള്ളത്. ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വിവിധ സാംസ്കാരിക, സാമൂഹിക മേഖലകളില്‍ ദാറുല്‍ഹുദായില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ രംഗത്തുണ്ട്.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അഞ്ചാം ക്ളാസ് പൊതു പരീക്ഷ പാസായവരും പതിനൊന്നര വയസു കവിയാത്തവരുമായ വിദ്യാര്‍ഥികള്‍ക്കാണു ദാറുല്‍ ഹുദാ സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കുന്നത്. 12 വര്‍ഷത്തെ സിലബസ് സെക്കന്ററി, ഹയര്‍സെക്കന്ററി, ഡിഗ്രി, പിജി എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. ഇരുപതോളം വരുന്ന ദാറുല്‍ഹുദായുടെ യുജി കോളജുകളില്‍ പത്തുവര്‍ഷത്തെ പഠനത്തിന് സൌകര്യമൊരുക്കുകയും പിജി പഠനത്തിന് ദാറുല്‍ഹുദാ വേദിയൊരുക്കുകയും ചെയ്യും.

കെയ്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലീഗ് ഓഫ് ഇസ്ലാമിക് യൂണിവേഴ്സിറ്റീസ്, മൊറോക്കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് ദ യൂണിവേഴ്സിറ്റീസ് ഓഫ് ദി ഇസ്ളാമിക് വേള്‍ഡ് എന്നീ അന്താരാഷ്ട്ര പൊതുവേദികളില്‍ ദാറുല്‍ഹുദാ പങ്കാളിത്തം നേടിക്കഴിഞ്ഞു. ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി, മൌലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്സിറ്റി, ജാമിഅ മില്ലിയ്യ, കെയ്റോ അല്‍അസ്ഹര്‍ യൂണിവേഴ്സിറ്റി, അല്‍ഫാത്തിഹ് യൂണിവേഴ്സിറ്റി ലിബിയ എന്നീ സ്ഥാപനങ്ങള്‍ ദാറുല്‍ ഹുദാ പഠ്യപദ്ധതിയെ അംഗീകരിച്ചിട്ടുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ ദാറുല്‍ ഹുദാ ജനറല്‍ സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട്, ളിയാഉദ്ദീന്‍ ഫൈസി, ദാറുല്‍ ഹുദാ റിയാദ് കമ്മിറ്റി പ്രസിഡന്റ് തെന്നല മൊയ്തീന്‍ കുട്ടി, റിയാദ് ഹാദിയ ജനറല്‍ സെക്രട്ടറി സുലൈമാന്‍ ഊരകം സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍