കമ്പനിയില്‍നിന്നുള്ള പീഡാനുഭവങ്ങളും പേറി വിനോദ് നാട്ടിലേക്കു മടങ്ങി
Friday, April 10, 2015 6:57 AM IST
റിയാദ്: ജോലിക്കിടയില്‍ വലതുകൈ നഷ്ടപ്പെട്ടിട്ടും ജീവിത പ്രാരാബ്ധങ്ങള്‍ മൂലം പ്രവാസ ജീവിതം തുടര്‍ന്ന മലയാളി അവസാനം രോഗാതുരമായ ശരീരവും കമ്പനിയില്‍നിന്നുള്ള പീഡാനുഭവങ്ങളുമായി നാട്ടിലേക്കു മടങ്ങി. കായംകുളം പുല്ലുകുളങ്ങര തെക്കേമഠത്തില്‍ മഹാദേവന്റെ മകന്‍ വിനോദ് (39) ആണ് 17 വര്‍ഷത്തെ പ്രവാസജീവിതത്തിനൊടുവില്‍ സാമൂഹ്യപ്രവര്‍ത്തകനായ ലത്തീഫ് തെച്ചിയുടെ സഹായത്തോടെ നാട്ടിലേക്കു മടങ്ങിയത്. ജോലിക്കിടയിലുണ്ടായ അപകടത്തില്‍ വലതു കൈ പൂര്‍ണമായും മുറിച്ചു മാറ്റേണ്ടിവന്ന വിനോദിന് പിന്നീടുണ്ടായ ഹൃദ്രോഗം കൂടുതല്‍ അവശനാക്കുകയായിരുന്നു.

1999 ഏപ്രില്‍ 19നാണ് ഗള്‍ഫ് സ്വപ്നവുമായി വിനോദ് റിയാദിലേക്കു വിമാനം കയറുന്നത്. വെല്‍ഡറായി ജോലി ചെയ്തിരുന്ന വിനോദ് കഴിഞ്ഞ പത്തു വര്‍ഷമായി മെക്കാനിക്കല്‍ ഫോര്‍മാന്‍ ആയിരുന്നു. ഇതിനിടയിലാണ് അല്‍ ഖര്‍ജിലെ അല്‍ ഹോത്ത ക്രഷര്‍ പ്ളാന്റിന്റെ മെഷീനില്‍ കൈ കുടുങ്ങി ഗുരുതരമായി പരിക്കേല്‍ക്കുന്നത്. ഒന്നര മാസത്തോളം റിയാദിലെ നാഷണല്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞ ശേഷം രക്തപ്രവാഹം നല്‍ക്കാത്തതിനെത്തുടര്‍ന്ന് കൈ പൂര്‍ണമായും മുറിച്ചു മാറ്റേണ്ടിവന്നു. ഇതോടെയാണു വിനോദിന്റെ ഭാവി ജീവിതം ഇരുളടഞ്ഞതായത്.

ചികിത്സയ്ക്കിടയില്‍ രണ്ടു മാസത്തെ അവധിക്കു നാട്ടില്‍ വന്ന വിനോദ് വിദഗ്ധ ചികിത്സയ്ക്കുശേഷം തിരിച്ചെത്തി ജോലി തുടര്‍ന്നു. ഒരു വര്‍ഷവും നാലു മാസവും ജോലിയില്‍ തുടര്‍ന്ന വിനോദിനുജോലിക്കിടയില്‍ ഹൃദയാഘാതമുണ്ടായി വീണ്ടും ആശുപത്രിയിലായി. ഹൃദയ വാല്‍വിനു മൂന്നിടത്തായി ബ്ളോക്കുണ്െടന്നു കണ്െടത്തിയ ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയ നിര്‍ദേശിച്ചെങ്കിലും വിനോദിന്റെ കമ്പനി അതിന് തയാറായില്ല എന്ന് മാത്രമല്ല ജോലിയില്‍ തുടരാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. തീര്‍ത്തും അവശനായ വിനോദ് നാട്ടില്‍ പോകുന്നതിനുള്ള അനുവാദത്തിനായി കമ്പനിക്കെതിരേ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. എംബസിയുടെ ഉപദേശപ്രകാരമാണ് പിന്നീട് അദ്ദേഹം ലേബര്‍ കോടതിയിലെത്തിയത്. അവിടെവച്ചാണ് സാമൂഹ്യ പ്രവര്‍ത്തകനായ ലത്തീഫ് തെച്ചിയുമായി കണ്ടുമുട്ടുന്നതും വിനോദിനെ സഹായിക്കാന്‍ ലത്തീഫ് തയാറാകുന്നതും. ലത്തീഫിന്റെ സഹായത്തോടെ കേസിന്റെ തുടര്‍ നടപടികളുമായി വിനോദ് മുന്നോട്ട് പോവുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തെങ്കിലും കമ്പനി വിധി അംഗീകരിക്കാന്‍ തയ്യാറായില്ല. ലത്തീഫ് വിനോദിന്റെ കേസ് മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കാര്യമായ ഫലം കണ്ടില്ല.

സ്വദേശിയുടെ കമ്പനി നടത്തിപ്പിനായി ഏറ്റെടുത്ത വിദേശികളായിരുന്നു വിനോദിന്റെ മടക്കയാത്രക്കും കേസിനും തടസമായി നിന്നതെന്ന് ലത്തീഫ് പറഞ്ഞു. അതിനാല്‍ കമ്പനിയുടെ യഥാര്‍ത്ഥ സ്പോണ്‍സറെ നേരിട്ടു കണ്ട ലത്തീഫ് വിനോദിന്റെ ദയനീയാവസ്ഥ ബോധ്യപ്പെടുത്തുകയും നാട്ടില്‍ പോകാനുള്ള രേഖകള്‍ ശരിയാക്കികയും ചെയ്തു. ലത്തീഫ് തെച്ചിയോടൊപ്പം ബഷീര്‍ പാണക്കാട്, സുശീന്ത് കല്ലായി, റഷീദ് പൂക്കാട്ടുപടി, മുഹമ്മദലി ആലുവ, അന്‍ഷാദ് ആലുവ, തുടങ്ങിയവരും സഹായിത്തിനെത്തി.

മൂന്ന് ലക്ഷത്തോളം രൂപയുടെ കടബാധ്യതകളുമായാണ് വിനോദ് അവസാനം നാട്ടിലേക്ക് മടങ്ങിയത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയിലായ വിനോദ് ആശുപത്രിയില്‍ 6000 റിയാലിലധികം ബില്‍ തുക അടക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ വിനോദ് ഭാര്യ ദീപയോടും 3 വയസ് പ്രായമുള്ള മകന്‍ വിഘ്നേശ്വറിനുമൊപ്പം വാടകവീട്ടിലാണു കഴിയുന്നത്. ഒന്നര പതിറ്റാണ്ടിലേറെ പ്രവാസലോകത്ത് കഴിഞ്ഞശേഷം കടബാധ്യതകളും രോഗപീഢയുമായി നാട്ടിലേക്ക് മടങ്ങേണ്ടി വന്ന വിനോദിനെ സഹായിക്കുന്നതിനായി ലത്തീഫ് തെച്ചി ചെയര്‍മാനായി ഒരു സഹായകമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സലീഷ് മാസ്റ്റര്‍ കണ്‍വീനറും ഷമീം ബക്കര്‍, സിദ്ദിഖ് കല്ലൂപ്പറമ്പന്‍, ഫൈസല്‍ കൊണ്േടാട്ടി, അഷ്റഫ് മയിലായില്‍, നൌഷാദ് പൂക്കാട്ടുപടി, ഹിദായത്ത് നിലമ്പൂര്‍, സക്കീര്‍ മണ്ണാര്‍മല, റഷീദ്, മുഹമ്മദലി ആലുവ എന്നിവര്‍ അംഗങ്ങളായുമുള്ള ജനകീയ കമ്മിറ്റി വിനോദിനെ സുമനസുകളുടെ സഹായത്തോടെ വിഷമസന്ധിയില്‍നിന്നു കരകയറ്റാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍