റയലിനായി 300 ഗോള്‍ തികവില്‍ റൊണാള്‍ഡോ
Thursday, April 9, 2015 8:51 AM IST
മാഡ്രിഡ്: ലോക ഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിനായി മുന്നൂറു ഗോള്‍ തികച്ചു. സ്പാനിഷ് ലീഗില്‍ റയോ വയക്കാനോയ്ക്കെതിരായ മത്സരത്തിലാണ് ക്രിസ്റ്റ്യാനോ മാജിക് നമ്പര്‍ തൊട്ടത്.

റയല്‍ 2-0 എന്ന സ്കോറിനു ജയിച്ച മത്സരത്തില്‍ ആദ്യ ഗോള്‍ ജയിംസ് റോഡ്രിഗസിന്റെ വകയായിരുന്നു. ലീഗില്‍ ഇപ്പോള്‍ എഴുപതു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റയല്‍. 74 പോയിന്റുമായി ബദ്ധവൈരികള്‍ ബാഴ്സലോണയാണ് മുന്നില്‍.

റയലിനായി കളിച്ച 288 -ാമത്തെ കളിയിലാണ് ക്രിസ്റ്റ്യാനോ മുന്നൂറു തികച്ചിരിക്കുന്നത്. റൌളും (323) ആല്‍ഫ്രഡോ ഡി സ്റെഫാനോയുമാണ് (307) ഇതിനു മുമ്പു റയലിനായി മുന്നൂറിനു മേല്‍ ഗോളുകള്‍ നേടിയിട്ടുള്ളത്. ഇതില്‍ റൌള്‍ 741 മത്സരങ്ങളില്‍നിന്നും ഡിസ്റ്റെഫാനോ 396 മത്സരങ്ങളില്‍നിന്നുമാണ് മുന്നൂറു തികച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍