ജര്‍മനിയിലെ എട്ടു സംസ്ഥാനങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ ആലോചന
Thursday, April 9, 2015 8:49 AM IST
ഫ്രാങ്ക്ഫാര്‍ട്ട്: ജര്‍മന്‍ സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന സാമ്പത്തിക സഹായവും ഭരണനിര്‍വഹണ ചെലവും കുറയ്ക്കാന്‍ ഇപ്പോള്‍ നിലവിലുള്ള എട്ട് സംസ്ഥാനങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഗൌരവമായി ആലോചന തുടങ്ങി.

ഇപ്പോഴത്തെ കൂട്ടു മന്ത്രിസഭാ കക്ഷികളായ സിഡിയു, സിഎസ്യു, എസ്പിഡി എന്നിവരില്‍ സിഎസ്യു ആണ് സംസ്ഥാനങ്ങള്‍ കൂട്ടിച്ചേര്‍ക്കല്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. മെക്കലന്‍ബൂര്‍ഗ് ഫോര്‍പൊമ്മന്‍, ഷ്ളേസ്വിഗ് ഹോള്‍സ്റ്റെയിന്‍, ബ്രേമന്‍ എന്നിവ കൂട്ടിച്ചേര്‍ക്കുക, അതുപോലെ സാര്‍ലാന്‍ഡ്, റൈന്‍ലാന്‍ഡ് ഫാള്‍സ് ഒന്നാക്കുക, ബെര്‍ലിന്‍, ബ്രാന്‍ഡെന്‍ബൂര്‍ഗ്, സാക്സന്‍ അന്‍ഹാള്‍ട്ട് എന്നിവയും ഒന്നാക്കുക എന്നതാണ് ഈ സംസ്ഥാന കൂട്ടിച്ചേര്‍ക്കല്‍ പദ്ധതി.

സംസ്ഥാനങ്ങള്‍ തമ്മില്‍ കൂട്ടിച്ചേര്‍ക്കുന്നതുകൊണ്ട് കോടിക്കണക്കിനു യൂറോ ഭരണ നടത്തിപ്പു ചെലവ്, സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന സാമ്പത്തിക സഹായം എന്നിവ ലാഭിക്കാമെന്ന് സിഎസ്യു എംപി റൈനര്‍ മയര്‍ ചൂണ്ടിക്കാട്ടി. ഇദ്ദേഹത്തിന്റെ ഈ പ്ളാന്‍ സിഎസ്യു പാര്‍ട്ടി പ്രസിഡന്റും ബവേറിയ മുഖ്യമന്ത്രിയമായ ഹോര്‍സ്റ് സീഹോഫര്‍ പരിപൂര്‍ണമായി പിന്തുണച്ചു. മറ്റു രാഷ്ട്രീയ കക്ഷികളും സാമ്പത്തികമായി വളരെയേറെ ഗുണപ്രദമായ ഈ പ്ളാന്‍ അനൌദ്യോഗികമായി പിന്താങ്ങുന്നു. ഇതു പ്രാവര്‍ത്തികമായാല്‍ ഇപ്പോഴത്തെ 16 ജര്‍മന്‍ സംസ്ഥാനങ്ങള്‍ എട്ട് ആയി കുറയും. പുതിയ സംസ്ഥാന കൂട്ടിച്ചേര്‍ക്കല്‍ പ്ളാന്‍ ചാര്‍ട്ട് ഈ റിപ്പോര്‍ട്ടിനോടൊപ്പം ചേര്‍ത്തിരിക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍