ഡാളസ് മാര്‍ത്തോമ ചര്‍ച്ച് ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം ജോസഫ് മാര്‍ത്തോമ നിര്‍വഹിച്ചു
Thursday, April 9, 2015 8:43 AM IST
ടെക്സസ്: ഡാളസ് മാര്‍ത്തോമ ചര്‍ച്ച് (ഫാര്‍മേഴ്സ് ബ്രാഞ്ച്) പുതുതായി നിര്‍മിക്കുന്ന ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപന കര്‍മം മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്താ നിര്‍വഹിച്ചു.

ഏപ്രില്‍ അഞ്ചിന് ഈസ്റര്‍ ദിന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ദേവാലയത്തില്‍ തിങ്ങി നിറഞ്ഞ സഭാ വിശ്വാസികളുടെ സാന്നിധ്യത്തില്‍ നടന്ന ശിലാ വാഴ്വ് ശുശ്രൂഷക്ക് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം നിര്‍വഹിച്ചു.

ചര്‍ച്ച് ഗായക സംഘത്തിന്റെ ഗാനാലാപനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഇടവക വികാരി റവ. ജോസ് സി. ജോസഫ് മാത്യു മുഖ്യാതിഥിക്കും സദസിനും സ്വാഗതമാശംസിച്ചു. സഭാ മണ്ഡലം പ്രതിനിധി ടി.പി. മാത്യു, കമ്മിറ്റി അംഗം ഏബ്രഹാം മാത്യു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. ഓഡിറ്റോറിയത്തില്‍ സ്ഥാപിക്കുന്ന ഫലകത്തിന്റെ അനാച്ഛാദന കര്‍മ്മം മെത്രാപ്പോലീത്താ നിര്‍വഹിച്ചു. തുടര്‍ന്നു ഓഡിറ്റോറിയം നിര്‍മാണത്തിനു പ്രത്യേകം തയാറാക്കിയ സ്ഥലത്ത് അടിസ്ഥാന ശില സ്ഥാപിച്ചു.

നാലര മില്യണ്‍ ചെലവ് ചെയ്തു നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണ ചുമതല ഏറ്റെടുത്തിരിക്കുന്ന മോഡേണ്‍ കോണ്‍ട്രാക്ടര്‍ സിഇഒ അനില്‍ ജേക്കബ് കരാറിന്റെ പകര്‍പ്പ് ട്രസ്റിമാരായ ഷാജി മാത്യു, സാം തോമസ് എന്നിവര്‍ക്ക് കൈമാറി. റവ സജി തോമസ്, റവ. വര്‍ഗീസ് ഫിലിപ്പ് എന്നിവരുടെ സാന്നിധ്യം ചടങ്ങിനു കൂടുതല്‍ ആത്മീയ പ്രഭ ചൊരിഞ്ഞു. ഇടവക ജനങ്ങളുടെ പരിപൂര്‍ണ പിന്തുണയോടെ ഒരു വര്‍ഷത്തിനുളളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ഭദ്രാസന എപ്പിസ്കോപ്പാ, ഭദ്രാസന ട്രഷറര്‍ എന്നിവരുടെ പ്രോത്സാഹന പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനു സഹായകരമാകും. അമേരിക്കന്‍ ഭദ്രാസനത്തിനു അഭിമാനിക്കാവുന്ന ഒരു നേട്ടമായിരിക്കും ഓഡിറ്റോറിയ നിര്‍മാണം പൂര്‍ത്തീകരണം. ആദ്യഘട്ടം ഇത്രയും വിജയകരമായിരിക്കുന്നതിനു ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍ തോമസ് മാത്യു നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍