അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Thursday, April 9, 2015 8:42 AM IST
പെന്‍സില്‍വാനിയ: അമേരിക്കന്‍ മലങ്കര അതിഭദ്രാസന 29-ാമത് ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ 15 മുതല്‍ 18 വരെ പെന്‍സില്‍വാനിയ ലാന്‍കാസ്റര്‍ ഹോസ്റ് റിസോര്‍ട്ടില്‍ നടത്താനുളള ഒരുക്കങ്ങള്‍ ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ പുരോഗമിച്ചു വരുന്നു.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി പാത്രിയര്‍ക്കീസ് ബാവായുടെ സാന്നിധ്യം കുടുംബമേളയുടെ പ്രത്യേകതകളില്‍ ഒന്നാണ്.

പെന്‍സില്‍വാനിയായുടെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ലാന്‍കാസ്റര്‍ ഹോസ്റ് റിസോര്‍ട്ട്, ആയിരത്തിലധികം പേര്‍ക്ക് പരിപാടികള്‍ വീക്ഷിക്കുവാന്‍ സാധ്യമാകുന്ന ഓഡിറ്റോറിയം കോണ്‍ഫറന്‍സ് ഹാളുകള്‍, വിപുലമായ ബാങ്ക്വറ്റ് ഹാള്‍ സൌകര്യപ്രദമായ ഫാമിലി റൂമുകള്‍, എല്ലാറ്റിനുമുപരി തികഞ്ഞ ആത്മീയത നിറഞ്ഞ ഒരു കുടുംബമേളക്ക് അനുയോജ്യമായ ശാന്തസുന്ദരവും പ്രകൃതി മനോഹരവുമായ അന്തരീക്ഷം എന്നിങ്ങനെയുളള പ്രത്യേകതകളാല്‍ ശ്രദ്ധേയമാണ്. ഇതിനോടകം തന്നെ അമേരിക്കയിലേയും കാനഡയിലേയും വിവിധ ദേവാലയങ്ങളില്‍ നിന്നുമായി നൂറുകണക്കിനു വിശ്വാസികള്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി ഡോ. ജോണ്‍ തോമസ് അറിയിച്ചു.

കുടുംബമേളയില്‍ സംബന്ധിക്കുന്ന ഏവര്‍ക്കും വിവിധ പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നതിനും ആസ്വദിക്കുന്നതിനും മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേകം ചര്‍ച്ചാ ക്ളാസുകളും സിബോസിയങ്ങളും സംഘടിപ്പിക്കുന്നതിനും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി വരുന്നതായി ഫെസിലിറ്റി കോഓര്‍ഡിനേറ്റര്‍ അലക്സ് ജോര്‍ജ് വ്യക്തമാക്കി.

ഫൈനാന്‍സ് ആന്‍ഡ് ഫണ്ട് റെയിസിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളും സജീവമായി പുരോഗമിക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും അധികമായി ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളിലെ സഭാംഗങ്ങള്‍, ഇതിനോടകം നല്‍കിയ സഹകരണത്തില്‍ തികഞ്ഞ ആത്മവിശ്വാസമാണുളളതെന്നും അതു കുടുംബ മേളയുടെ വിജയകരമായ പര്യവസാനത്തിന്റെ ശുഭ സൂചനയായി കണക്കാക്കുന്നുവെന്നും ഫിനാന്‍സും കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ സാജു സ്കറിയ അറിയിച്ചു.

ഷെവലിയാര്‍ ചെറിയാന്‍ വെങ്കിടത്ത് (ഇല്ലിനോയ്സ്) ഷെവലിയാര്‍ ജോര്‍ജ് പടിയേടത്ത് (ന്യുയോര്‍ക്ക്), ഏലിയാസ് പുന്നൂസ് (ഡാളസ്), ബിനോയി വര്‍ഗീസ് (കാനഡ) ഡോ. കുരിയന്‍ മാണി (ലോസ് ആഞ്ചലസ്) ഫിലിപ്പ് സ്കറിയ (ഷിക്കാഗോ) എന്നിവര്‍ ഫിനാന്‍സ് കമ്മിറ്റി അംഗങ്ങളായും പ്രവര്‍ത്തിച്ചു വരുന്നു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍