കെ.എസ്. രാജന്‍ സൌഹൃദ പുരസ്കാരം സമ്മാനിച്ചു
Thursday, April 9, 2015 8:38 AM IST
റിയാദ്: ആദ്യകാല പ്രവാസി കെ.എസ്. രാജന്റെ പേരില്‍ പയ്യന്നൂര്‍ സൌഹൃദ വേദി റിയാദ് ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ മികച്ച അധ്യാപികക്കുള്ള പുരസ്കാരം റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ അധ്യാപികയായ സി.എം. പാത്തു ടീച്ചര്‍ക്ക് സമ്മാനിച്ചു.

റമാദ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റിയാദ് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എസ്.എം. ഷൌക്കത്ത് പര്‍വേസ് പുരസ്കാര സമര്‍പ്പണം നിര്‍വഹിച്ചു. സ്വര്‍ണ മെഡല്‍ ഷക്കീല വഹാബ്, മൈമൂന അബാസ് എന്നിവര്‍ ചേര്‍ന്നു സമ്മാനിച്ചു. രക്ഷാധികാരികളായ ഭാസ്കരന്‍ പയ്യന്നൂര്‍, അബൂബക്കര്‍ അബ്ദുള്ള ഷുക്കൂര്‍ ഹാജി എന്നിവര്‍ ചേര്‍ന്ന് പ്രശസ്തി ഫലകവും കൈമാറി.

അല്‍മദീന ഹൈപര്‍മാര്‍ക്കറ്റ് സിഇഒ നാസര്‍ അബൂബക്കര്‍ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുസ്തഫ കവായി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മധുസൂദനന്‍ പയ്യന്നൂര്‍ സ്വാഗതവും മുരളി നന്ദിയും പറഞ്ഞു. ലത്തീഫ് തെച്ചി, ഉബൈദ് എടവണ്ണ, ഷക്കീല വഹാബ്, അഹ്മദ് മേലാറ്റൂര്‍, സിന്ധു ഷാജി, ഹമീദ്, അബ്ദുള്ള വല്ലാഞ്ചിറ, രാജന്‍ നിലമ്പൂര്‍, മൈമൂന അബാസ്, അലി എന്നിവര്‍ ആശംസ പ്രസംഗം നടത്തി.

വേദിയുടെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ സൌഹൃദ സന്ധ്യ സീസണ്‍ നാലിന്റെ ഡിവിഡി ഡോ. ഭരതന്‍ ജോയിന്റ് കണ്‍വീനര്‍ ഹരീന്ദ്രനു നല്‍കി പ്രകാശനം ചെയ്തു. അംഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ മൂന്നുലക്ഷം രൂപയുടെ ഒന്നാം ഘട്ട ഇന്‍ഷ്വറന്‍സിന്റെ പോളിസി രേഖകള്‍ ജനറല്‍ കണ്‍വീനര്‍ അന്‍വര്‍ രാമന്തളിയും ട്രഷറര്‍ ബാബു ഗോവിന്ദും ചേര്‍ന്ന് മെംബര്‍ഷിപ്പ് കണ്‍വീനര്‍ മുരളിക്കു കൈമാറി.

സൌഹൃദ സാന്ത്വനം ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി കാര്‍ അപകടത്തില്‍പ്പെട്ട് മംഗലാപുരം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെരിങ്ങോത്തെ മന്‍സൂറിനും ഗുരുതര രോഗം ബാധിച്ച മുഹമ്മദിനും വൃക്ക രോഗം ബാധിച്ച കരിവെള്ളൂര്‍ സ്വദേശി വൈക്കത്ത് രമേശനും വടക്കേ കൊവ്വല്‍ സ്വദേശി ബേബി ഖദീജക്കും ഇഖ്ബാലിനുമുള്ള ചികിത്സ സഹായം ചടങ്ങില്‍ കൈമാറി.

അന്തരിച്ച പ്രശസ്ത ഗാനരചയിതാവ് യൂസഫ് അലി കേച്ചേരിയെ അനുസ്മരിച്ച് ഗാനാഞ്ജലി നടത്തി. ഉഷ മധുസൂദനനും വിനോദ് വേങ്ങയിലും പരിപാടിയുടെ അവതാരകരായിരുന്നു. ടി.എ.ബി അഷ്റഫ്, പപ്പന്‍ കരിവെള്ളൂര്‍, രഞ്ജിത്ത്, രാജീവന്‍ ഓണക്കുന്ന്, മധു എടച്ചേരി, ഇസ്മായില്‍ കരോളം, ബഷീര്‍ പയ്യന്നൂര്‍, ഷൈജു കൊഴുമ്മല്‍ തുടങ്ങിയവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍