ഗതകാല സ്മരണകളുമായി 'ക്ളാസ്മേറ്റ് 2015' സംഘടിപ്പിച്ചു
Wednesday, April 8, 2015 5:21 AM IST
മെല്‍ബണ്‍: കെ.പി.എസ് മേനോന്‍, കെ.ആര്‍. നാരായണന്‍ തുടങ്ങിയ മഹാരഥന്മാരുടെ പാദസ്മരണകള്‍ ഏറ്റ ചൂളമരങ്ങളുടെ സംഗീതമേറ്റ് ചരിത്രസ്മരണകള്‍ അന്തിയുറങ്ങുന്ന കോട്ടയത്തെ സിഎംഎസ് കോളജില്‍ പഴയ സഹപാഠികളുടെ കൂട്ടായ്മ വേറിട്ട അനുഭവമായി.

1982-87 കാലഘട്ടത്തില്‍ സിഎംഎസ് കോളജ് 84-87 ചരിത്ര വിദ്യാര്‍ഥികളുടെ രണ്ടാമത്തെ കൂട്ടായ്മക്കാണ് സിഎംഎസ് കോളജ് സാക്ഷ്യം വഹിച്ചത്. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ താമസമാക്കിയ മെല്‍ബണ്‍ മലയാളികള്‍ക്കിടയില്‍ നിറസാന്നിധ്യമായ റെജി ഫാറയ്ക്കന്‍ ആയിരുന്നു ഇപ്രാവശ്യത്തെ അഥിഥി. കോളജിലെ പ്രഫസര്‍മാരായ വൈ. മാത്യു, സാജമ്മ വര്‍ക്കി, തോമസ് വര്‍ഗീസ്, വര്‍ഗീസ് കുരുവിള, സുമി എന്നിവര്‍ കൂട്ടായ്മക്ക് സാന്നിധ്യമായി. അഞ്ചു വര്‍ഷക്കാലത്തെ കോളജ് ജീവിതത്തിന്റെ മധുരസ്മരണകള്‍ ഏവരും പങ്കുവച്ചു.

കൂട്ടായ്മയില്‍ വരുവാന്‍ സാധിക്കാതിരുന്ന ജയദേവന്‍ (കാനഡ). ജെയിംസ് (ന്യൂയോര്‍ക്ക്), അലക്സാണ്ടര്‍ (ബഹറിന്‍) തുടങ്ങിയവര്‍ ടെലഫോണിലൂടെ തങ്ങളുടെ സാന്നിധ്യം അറിയിച്ചു.

തങ്ങള്‍ പഠിച്ചിരുന്ന ക്ളാസില്‍ ഇരുന്നുതന്നെ പഴയ സ്മരണകള്‍ അയവിറക്കാന്‍ സാധിച്ചതിലും പഴയ അധ്യാപകരുമായി സ്നേഹബന്ധം നിലനിര്‍ത്തുന്നതിനും ചരിത്ര വിദ്യാര്‍ഥികള്‍ വിജയിച്ചുവെന്ന് ഡിപ്പാര്‍ട്ടുമെന്റ് ഹെഡ് വൈ. മാത്യു ആമുഖപ്രസംഗത്തില്‍ പറഞ്ഞു. ഗസ്റ് ആയിരുന്ന റെജി പാറയ്ക്കന്‍ ഇംഗ്ളണ്ടിലേയും ഓസ്ട്രേലിയയിലെയും വിശേഷങ്ങള്‍ പങ്കുവച്ചു. മോന്‍സി മാളിയേക്കല്‍ സ്വാഗതവും ഷാജി പാലാട് നന്ദിയും പറഞ്ഞു.

എല്ലാ വര്‍ഷവും വിദ്യാര്‍ഥികളുടെ കൂട്ടായ്മ സംഘടിപ്പിക്കുവാന്‍ യോഗത്തില്‍ തീരുമാനമായി. ഇതിനായി മോന്‍സി മാളിയേക്കലിനെ കോഓര്‍ഡിനേറ്ററായി തെരഞ്ഞെടുത്തു. 9447598102 എന്ന നമ്പരില്‍ നാട്ടില്‍ വരുന്നവര്‍ മോന്‍സി മാളിയേക്കലുമായി ബന്ധപ്പെടണം.