പെരിന്തല്‍മണ്ണ സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു
Tuesday, April 7, 2015 5:15 AM IST
റിയാദ്: പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ചെലക്കാപറമ്പ് സ്വദേശി മുഹമ്മദ്് പള്ളിപ്പുറം (40) ഹൃദയാഘാതം മുലം റിയാദില്‍ മരിച്ചു. റിയാദ് മലാസിലെ താമസ സ്ഥലത്തുവച്ച് ഞായറാഴ്ച മഗ്രിബിനുശേഷം നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് സ്വകാര്യ ക്ളിനിക്കില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. 17 വര്‍ഷമായി സൌദിയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് കഴിഞ്ഞ നവംബറിലാണ് ജിദ്ദയില്‍നിന്നു റിയാദില്‍ എത്തിയത്. റൈദാന്‍ ഹോട്ടലില്‍ കബ്സ മുഅല്ലിം ആയി ജോലി ചെയ്തു വരികയായിരുന്നു. പരേതനായ മായിന്‍കുട്ടി-ബിയ്യക്കുട്ടി ദമ്പതികളുടെ മകനാണ്. സാബിറയാണ് ഭാര്യ, മകള്‍ ഫിദ (ഒരുവയസ്സ്), ജുനൈദ് (9). മെയ്തുട്ടി (ബാപ്പുട്ടി), അലവി, ഹംസ (ജിദ്ദ) പാത്തുമ്മ, സൈനബ, ബുഷ്റ സഹോദരങ്ങളാണ്. മരണവിവരം അറിഞ്ഞ് സഹോദരന്‍ ഹംസ ജിദ്ദയില്‍നിന്നു റിയാദില്‍ എത്തിയിട്ടുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടു പോകുമെന്നു സഹോദരന്‍ ഹംസ അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരും സുഹൃത്തുക്കളും ബന്ധുക്കളും സഹായവുമായി രംഗത്തുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍