ജര്‍മനിയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ ഈസ്റര്‍ ആഘോഷിച്ചു
Monday, April 6, 2015 8:04 AM IST
ബോണ്‍: ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ വിശ്വാസികള്‍ ബോണിലെ പീത്രൂസ് ആശുപത്രി കപ്പേളയില്‍ ഉയിര്‍പ്പു തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യന്‍ ആരാധനകള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചു.

'ശത്രുക്കളെ തോല്‍പ്പിച്ച് മഹത്വത്തോടെ ഉയിര്‍ത്തെഴുന്നേറ്റ രക്ഷകനെ, അങ്ങയുടെ കാരുണ്യത്താല്‍ തീര്‍പ്പും സമാധനവും വിജയവും ഞങ്ങള്‍ക്ക് നല്‍കേണമേ' എന്നു വിശ്വാസികള്‍ പ്രാര്‍ഥനാ വചനങ്ങള്‍ ഉരുവിട്ടു.

ഗുരു ഉയര്‍ത്തെഴുറ്റേതിനാല്‍ ധൈര്യപ്പെടുക, സര്‍വ ലോകത്തോടും ഈ സന്തോഷ വാര്‍ത്ത അറിയിക്കുക. ഇരുട്ടിനെ പ്രകാശം തോല്‍പ്പിച്ചത് കാണുക ഫാ. ഷൈജു കുര്യന്‍ നല്‍കിയ ഈസ്റര്‍ സന്ദേശത്തില്‍ പ്രസ്താവിച്ചു. അള്‍ത്താര ശുശ്രൂഷകള്‍ക്കു കെ.വി. തോമസ് നേതൃത്വം നല്‍കി.

ഏപ്രില്‍ നാലിന് (ശനി) വൈകുന്നേരം 6.30നു നമസ്കാരവും തുടര്‍ന്ന് ഉയിര്‍പ്പിന്റെ പ്രത്യേക ശുശ്രൂഷകള്‍, വിശുദ്ധ കുര്‍ബാന, ധൂപപ്രാര്‍ഥന എന്നിവ നടന്നു. തുടര്‍ന്ന് കൊളോണ്‍-ബോണ്‍ ഇടവക ട്രസ്റി തോമസ് പഴമണ്ണില്‍ നേതൃത്വം നല്‍കിയ കേരള തനിമയില്‍ ഒരുക്കിയ വിഭവസമര്‍ഥമായ ഈസ്റര്‍ വിരുന്നും സമ്മേളനവും നടന്നു.

പീഡാനുഭവ ശുശ്രൂഷകളിലും ഉയിര്‍പ്പു പെരുനാള്‍ ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത ഇടവകസമൂഹത്തിനും നേതൃത്വം നല്‍കിയ പാരീഷ് കൌസില്‍ അംഗങ്ങള്‍ക്കും ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിച്ച ഗായകസംഘത്തിനും അള്‍ത്താര ശുശ്രൂഷകര്‍ക്കും ഇടവക സെക്രട്ടറി ജോണ്‍ കൊച്ചുകണ്ടത്തില്‍ നന്ദി പറഞ്ഞു. ഈസ്റര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി വിശ്വാസികളെത്തിയിരുന്നു.

ഹാശാ ആഴ്ച ശുശ്രൂഷകളുടെ വിജയകരമായ നടത്തിപ്പിനു മാത്യു കാക്കനാട്ടുപറമ്പില്‍, കെ.വി. തോമസ്, ബോസ് പത്തിച്ചേരില്‍ ജേക്കബ് ദാനിയേല്‍, ജിത്തു കുര്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍