ലോകത്തിലെ ഏറ്റവും സുരക്ഷിത വിമാനക്കമ്പനികള്‍
Monday, April 6, 2015 7:54 AM IST
ഫ്രാങ്ക്ഫര്‍ട്ട്: 2014 വര്‍ഷം വ്യോമയാന രംഗത്ത് ദുരന്തങ്ങളുടെ വര്‍ഷം ആയിരുന്നു. മലേഷ്യന്‍ വിമാന ദുരന്തം, എയര്‍ഏഷ്യാ വിമാന ദുരന്തം എന്നിവ ഉള്‍പ്പെടെ ചെറുതും വലുതുമായ പല അപകടങ്ങള്‍ സംഭവിച്ച വര്‍ഷം. ഈ വര്‍ഷം ജര്‍മന്‍ വിംഗ്സിന്റെ വന്‍ ദുരന്തത്തോടെ വ്യോമയാന രംഗത്തെ ദുരന്തം തുടങ്ങി. കാനഡയില്‍ റണ്‍വേയില്‍നിന്നു തെന്നിപ്പോയ എയര്‍ കാനഡ വിമാനം ഭാഗ്യവശാല്‍ ആളപായം ഉണ്ടാക്കിയില്ല. ഇങ്ങനെ ദുരന്തങ്ങള്‍ ഉണ്ടാകുന്ന സമയത്ത് ലോകത്തെ ഏറ്റവും സുരക്ഷിതമായ എയര്‍ലൈന്‍ സര്‍വീസുകളെപ്പറ്റി അന്തരാഷ്ട്ര യാത്രക്കാരും, എയര്‍ലൈന്‍ ക്രാഷ് ഡേറ്റാ ഇവാല്വേഷന്‍ സെന്ററും ലോകത്തിലെ സുരക്ഷിത എയര്‍ലൈനുകളെക്കുറിച്ച് നടത്തിയ ഒരു അതിവേഗ സര്‍വേ ഇതോടൊപ്പം കൊടുക്കുന്നു.

ഏറ്റവും കൂടുതല്‍ വിമാന യാത്ര നടത്തുന്ന പ്രവാസികള്‍ക്കും ബിസിനസ് യാത്രക്കാര്‍ക്കും ഈ സുരക്ഷിത എയര്‍ലൈന്‍ വിവരങ്ങള്‍ തീര്‍ച്ചയായും ഉപകാരപ്രദമാണ്. പ്രവാസിയാത്രക്കാര്‍ കൂടുതലും വിമാനയാത്രാ നിരക്കുകള്‍ക്കാണു കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. എങ്കിലും സുരക്ഷിത യാത്രകള്‍ക്കു സുരക്ഷിത എയര്‍ലൈനുകളുടെ ഉപയോഗം എയര്‍ലൈന്‍ ക്രാഷ് ഡേറ്റാ ഇവാലുഷേന്‍ സെന്റര്‍ ശിപാര്‍ശ ചെയ്യുന്നു.

ലോകത്തെ 449 വിമാനക്കമ്പനികളെ തെരഞ്ഞെടുത്ത് സുരക്ഷിത വിമാന സര്‍വീസുകളെപ്പറ്റി നടത്തിയ സര്‍വേയിലാണു പത്ത് എയര്‍ലൈന്‍ കമ്പനികളെ സുരക്ഷിത വിമാനക്കമ്പനികളായി തെരഞ്ഞെടുത്തത്.

കാത്തി പസഫിക് (ഹോംങ്കോംഗ്), എമിരേറ്റ്സ് (യുഎഇ), ഈവാ എയര്‍ (തയ്വാന്‍), എയര്‍ കാനഡ (കാനഡ), കെഎല്‍എം (ഹോളണ്ട്), എയര്‍ ന്യൂസിലാന്‍ഡ് (ന്യൂസിലന്‍ഡ്), ക്വാണ്ടാസ് (ഓസ്ട്രേലിയ), ഹൈനാന്‍ എയര്‍ലൈന്‍സ് (ചൈനാ), ജെറ്റ്ബ്ളൂ എയര്‍വേസ് (യുഎസ്എ), എത്തിയാദ് (യുഎഇ) എന്നിവയാണ് ഈ പത്ത് സുരക്ഷിത എയര്‍ലൈനുകള്‍. സുരക്ഷിത എയര്‍ലൈനുകളില്‍ ജര്‍മന്‍ ലുഫ്ത്താന്‍സ പന്ത്രണ്ടാം സ്ഥാനത്തും എയര്‍ ഇന്ത്യാ 54 ാം സ്ഥാനത്തുമാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍