കോപൈലറ്റ് ആത്മഹത്യയെക്കുറിച്ച് ഗവേഷണം തന്നെ നടത്തിയിരുന്നു
Saturday, April 4, 2015 8:42 AM IST
ബര്‍ലിന്‍: ജര്‍മന്‍വിംഗ്സ് വിമാന ദുരന്തത്തിനു കാരണക്കാരനായ കോപൈലറ്റ് ആന്‍ഡ്രിയാസ് ലൂബിറ്റ്സ് ആത്മഹത്യ ചെയ്യാനുള്ള വിവിധ മാര്‍ഗങ്ങളെക്കുറിച്ചും കോക്ക്പിറ്റ് ഡോറുകളുടെ സുരക്ഷയെക്കുറിച്ചും ഗവേഷണം തന്നെ നടത്തിയിരുന്നതായി ജര്‍മന്‍ പ്രോസിക്യൂട്ടര്‍മാര്‍ വെളിപ്പെടുത്തി.

ദുരന്തം നടക്കുന്നതിന് ഒരാഴ്ച മുന്‍പ് ലൂബിറ്റ്സ് ഇന്റര്‍നെറ്റില്‍ നടത്തിയ തെരച്ചിലിന്റെ വിശദാംശങ്ങള്‍ ഇയാളുടെ ടാബ്ളറ്റ് കംപ്യൂട്ടറില്‍ നിന്നാണു പിടിച്ചെടുത്തത്.

ദുരന്തമുണ്ടാക്കുമ്പോള്‍ തീര്‍ത്തും നാമാവശേഷമാകണമെന്ന മുന്നില്‍ നിര്‍ത്തി യാതൊരു പഴുതും ഉണ്ടാവാന്‍ പാടില്ല എന്ന ഒറ്റക്കാരണംകൊണ്ടുതന്നെ ദുരന്തമുണ്ടാക്കാന്‍ ലുബിറ്റ്സ് ശരിക്കും തയാറെടുപ്പുകള്‍ നടത്തിയതായി ഫ്രഞ്ച് അന്വേഷണ ഉദ്യോഗസ്ഥരെ(ബിഇഎ) ഉദ്ധരിച്ചുകൊണ്ട് ഫ്രഞ്ച് ടെലിവിഷന്‍ ചാനല്‍ ബിഎഫ്എം ഉം ഇക്കാര്യം സ്ഥിരീകരിക്കുന്നു.

ഇതിനിടെ വിമാനത്തിലെ രണ്ടാമത്തെ ബ്ളാക്ക് ബോക്സും കണ്ടെടുക്കാന്‍ സാധിച്ചു. നൂറ്റമ്പതു പേര്‍ കൊല്ലപ്പെട്ട ദുരന്തത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതില്‍നിന്നു കിട്ടുമെന്നാണ് പ്രതീക്ഷ.

മാര്‍ച്ച് 16 മുതല്‍ 23 വരെയാണ് ടാബ്ളറ്റില്‍ ആത്മഹത്യയെക്കുറിച്ചും കോക്ക്പിറ്റ് ഡോറിനെക്കുറിച്ചും സെര്‍ച്ച് ചെയ്തിരിക്കുന്നത്. ഇതിനു ഉപയോഗിച്ച കൃത്യമായ വാക്കുകള്‍ അന്വേഷണോദ്യോഗസ്ഥര്‍ പുറത്തുവിട്ടു.

ഇടിച്ചിറങ്ങും മുന്‍പ് വിമാനത്തിന്റെ വേഗം കൂട്ടി

ആല്‍പ്സിലേക്ക് ഇടിച്ചറക്കും മുന്‍പ് കോ പൈലറ്റ് ആന്‍ഡ്രിയാസ് ലൂബിറ്റ്സ് ജര്‍മന്‍വിംഗ്സ് വിമാനത്തിന്റെ വേഗം വര്‍ധിപ്പിച്ചിരുന്നു എന്ന് സൂചന. അപകടസ്ഥലത്തുനിന്നു കിട്ടിയ രണ്ടാമത്തെ ബ്ളാക്ക് ബോക്സ് പരിശോധിച്ചപ്പോഴാണ് ഇതു സംബന്ധിച്ച തെളിവുകള്‍ കിട്ടിയത്.

നൂറു മീറ്ററിലേക്ക് വിമാനത്തിന്റെ ഉയരം ക്രമീകരിക്കാന്‍ ഓട്ടോ പൈലറ്റാണ് ഉപയോഗിച്ചത്. തുടര്‍ന്ന് ഓട്ടോ പൈലറ്റ് സെറ്റിംഗ്സില്‍ പലവട്ടം മാറ്റങ്ങള്‍ വരുത്തി വിമാനത്തിന്റെ വേഗം കൂട്ടുകയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍