ഇറാന്‍ ആണവ ചര്‍ച്ച ചരിത്രമായി; രൂപരേഖ അംഗീകരിച്ചു
Saturday, April 4, 2015 8:42 AM IST
ബര്‍ലിന്‍: സ്വിറ്റ്സര്‍ലാന്‍ഡിലെ ലൂസേണില്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇറാന്റെ ആണവ പദ്ധതിയുടെ ഭാവി സംബന്ധിച്ച രൂപരേഖ തയാറായി. ഇതുപ്രകാരം, ഉപരോധങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിനുള്ള ഉപാധിയായി ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണ ശേഷി കുറയ്ക്കും.

ഇറാനുമായി എത്തിച്ചേര്‍ന്നിരിക്കുന്നത് ചരിത്രപരമായ ധാരണയിലാണെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ അഭിപ്രായപ്പെട്ടു. എട്ടു ദിവസത്തെ ചര്‍ച്ചകള്‍ക്കു ശേഷമാണ് യൂറോപ്യന്‍ യൂണിയന്‍ ഈ രൂപരേഖയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

യുഎസ്, യുകെ, ഫ്രാന്‍സ്, ചൈന, റഷ്യ, ജര്‍മനി എന്നീ ആറു രാജ്യങ്ങളുടെ പ്രതിനിധികളാണ് ഇറേനിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. തങ്ങള്‍ ആണവായുധം നിര്‍മിക്കുന്നു എന്ന പാശ്ചാത്യ ശക്തികളുടെ ആരോപണം ഇറാന്‍ ശക്തിയായി നിഷേധിക്കുകയും ഉപരോധങ്ങള്‍ നീക്കുക എന്നത് പ്രധാന ലക്ഷ്യമാക്കി ചര്‍ച്ചയെ സമീപിക്കുകയുമായിരുന്നു. ജര്‍മനിയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റൈന്‍മയര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സമവായചര്‍ച്ചയുടെ പ്രഖ്യാപനം വന്നതോടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെത്യാനിയാഹു ഉടമ്പടിയില്‍ വിമുഖതകാട്ടി പ്രതികരിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍