ഗുജറാത്ത് സ്വദേശി ഇസഹാക്കിന്റെ ഭാര്യയും മകളും നാട്ടിലെത്തി
Saturday, April 4, 2015 8:28 AM IST
കുവൈറ്റ് സിറ്റി: സ്വന്തം ബന്ധുക്കളാല്‍ കുവൈറ്റിലും നാട്ടിലും ചതിക്കപ്പെടുകയും വീസ രേഖകള്‍ തന്റെ ബന്ധു തന്നെ നശിപ്പിക്കുകയും, കല പ്രവര്‍ത്തകരുടെ സഹായത്തോടെ വീസ പുതുക്കാനുള്ള ശ്രമങ്ങള്‍ക്കിടെ കുവൈറ്റ് പോലീസ് പിടിയിലാവുകയും തുടര്‍ന്നു നാട്ടിലേക്കു കയറ്റിയയക്കപ്പെടുകയും ചെയ്ത ഗുജറാത്ത് സ്വദേശിയായ മുഹമ്മദ് ഇസഹാക്കിന്റെ ഭാര്യയും മകളും കല കുവൈറ്റ് പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും നിരന്തര ഇടപെടലിന്റെ ഭാഗമായി കുവൈറ്റില്‍ നിന്നും നാട്ടിലേക്കു യാത്രയായി.

കഴിഞ്ഞ ഡിസംബറിലാണ് മുഹമ്മദ് ഇസ്ഹാക്കിനെ മതിയായ താമസ രേഖകള്‍ കൈവശം ഇല്ലാത്തതിനാല്‍ പോലിസ് പിടികൂടി നാട്ടിലേക്കയച്ചത്. എന്നാല്‍ തന്നോടൊപ്പം കുവൈറ്റില്‍ ഉണ്ടായിരുന്ന ഭാര്യ ഷെയ്ഖബീബിയും മകള്‍ മുംതാസും ഇതോടെ ആരോരും തുണയില്ലാതെ ഒറ്റപ്പെട്ടത്.

എന്നാല്‍ വിവരം ശ്രദ്ധയില്‍പ്പെട്ട കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് പ്രവത്തകര്‍ ഇവരുടെ സംരക്ഷണം ഏറ്റെടുക്കുകയും കഴിഞ്ഞ നാലു മാസത്തോളം ഇവര്‍ക്കാവശ്യമായ താമസം, ഭക്ഷണം മരുന്ന് ഉള്‍പ്പെടെയുള്ള എല്ലാവിധ സഹായങ്ങളും നല്‍കുകയുമുണ്ടായി. ഇസ്ഹാക്കിന്റെ ഭാര്യ ഷെയ്ഖയുടെ ഹൃദ്രോഗ ചികിത്സയും ഇതിനിടക്ക് നടക്കുകയുണ്ടായി. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു ഇവരുടെ യാത്ര രേഖകള്‍ തയാറാക്കുകയും ചെയ്തു.

ഇതിനിടയിലാണ് നാട്ടിലെത്തിയ മുഹമ്മദ് ഇസഹാക്കിന് കണ്ണിനു കാഴ്ച കുറയുകയും ശസ്ത്രക്രിയ ആവശ്യമായി വരികയും ചെയ്തത്. ഓപ്പറേഷനാവശ്യമായ തുകയും കല കുവൈറ്റ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചു നല്‍കുകയും സര്‍ജറി നടത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം യാത്ര രേഖകള്‍ തയാറാവുകയും കല കുവൈറ്റ് പ്രവര്‍ത്തകര്‍ കുടുംബ സമേതം ഷെയ്ഖബീബിയെയും മകള്‍ മുംതാസിനെയും കുവൈറ്റ് എയര്‍പോര്‍ട്ടില്‍ എത്തി യാത്രയയക്കുകയും ചെയ്തു. ജീവിതത്തില്‍ ഏറ്റവും പ്രയാസം നിറഞ്ഞ ഘട്ടത്തില്‍ തങ്ങളെ സംരക്ഷിക്കുകയും സര്‍വവിധ സഹായങ്ങളും നല്‍കിയ കലാ കുവൈറ്റ് കുടുംബാംഗങ്ങളോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്െടന്നും നാട്ടിലെത്തിയ ശേഷവും ഫോണില്‍ വിളിച്ചു തങ്ങളെ സഹായിച്ച എല്ലാവരോടും ഇവര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍