ജര്‍മനിയില്‍ കൊടുങ്കാറ്റ് 'നിക്ളാസ്': ഏഴു പേര്‍ മരിച്ചു
Wednesday, April 1, 2015 8:07 AM IST
ബര്‍ലിന്‍: ജര്‍മനിയില്‍ ആഞ്ഞുവീശിയ നിക്ളാസ് കൊടുങ്കാറ്റില്‍പ്പെട്ട് ഏഴു പേര്‍ക്ക് ജീവന്‍ നഷ്ടമായി. വിവിധ ഭാഗങ്ങളില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടുകയോ റദ്ദാക്കുകയോ ചെയ്തു.

കാറ്റത്ത് കോണ്‍ക്രീറ്റ് ബോള്‍ ഇളകി തലയില്‍ വീണാണു കിഴക്കന്‍ ജര്‍മനിയില്‍ ഒരാള്‍ മരിച്ചത്. കാറ്റത്ത് മതില്‍ ഇടിഞ്ഞുവീഴുന്നതു തടയാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍.

തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ ജര്‍മനി ആകെ വിറച്ചു. 193 കിലോമീറ്റര്‍ വേഗത്തിലാണുകാറ്റു വീശിയത്. കാറ്റിനെ തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ 180 ഫ്ളൈറ്റുകള്‍ റദ്ദു ചെയ്തു. ഹാംബുര്‍ഗില്‍ 63 എണ്ണം റദ്ദു ചെയ്യേണ്ടി വന്നു.

മരിച്ച മറ്റു രണ്ടു പേര്‍ റോഡ് പണിക്കാരായിരുന്നു. വടക്കന്‍ ജര്‍മനിയില്‍ ഇവരുടെ കാറിനു മുകളിലേക്കു മരം ഒടിഞ്ഞുവീഴുകയായിരുന്നു. കാറ്റത്ത് കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണു രണ്ടു പേര്‍ മരിച്ചത്. മറ്റുള്ളവര്‍ കാറ്റത്തുണ്ടായ റോഡപകടങ്ങളിലാണു മരിച്ചത്. തീവണ്ടിയിന്മേല്‍ മരം കടപുഴകി വീണ് പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചു.

ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, യുകെ എന്നിവിങ്ങളിലും കാറ്റിന്റെ പ്രഭാവം പ്രകടമായിരുന്നു. ഓസ്ട്രിയയിലും രണ്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍