ജര്‍മന്‍ വിംഗ്സ് വിമാന ദുരന്തം; തൊട്ടു മുന്‍പുള്ള രംഗങ്ങള്‍ ചിത്രീകരിച്ച വീഡിയോ ലഭ്യമായി
Wednesday, April 1, 2015 8:07 AM IST
ബര്‍ലിന്‍: 150 പേരുടെ മരണത്തിനിടയാക്കിയ ജര്‍മന്‍വിംഗ്സ് വിമാനത്തിലെ അവസാന രംഗങ്ങള്‍ ചിത്രീകരിച്ച വീഡിയോ രംഗങ്ങള്‍ ലഭ്യമായി. അപകടത്തെക്കുറിച്ചുള്ള പുതിയ തെളിവുകള്‍ ഇതില്‍നിന്നു ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ദുരന്തമുണ്ടാക്കിയത് മനഃപൂര്‍വം ആണെന്നുള്ള വസ്തുതയിലേക്കു ചൂണ്ടുന്നതാണ് ഈ തെളിവുകള്‍.

വിമാനം തകര്‍ന്നുവീണ സ്ഥലത്തു നടത്തിയ പരിശോധനയിലാണു വീഡിയോ സീക്വന്‍സ് പകര്‍ത്തിയ സ്റോറേജ് മാധ്യമം കാര്യമായ കേടുപാടുകളില്ലാതെ കിട്ടിയത്. ഫ്രാന്‍സിലെയും ജര്‍മനിയിലെയും മാധ്യമപ്രവര്‍ത്തകര്‍ വീഡിയോയിലെ ദൃശ്യങ്ങള്‍ കണ്ടുവെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. ഏതാനും സെക്കന്‍ഡുകള്‍ മാത്രമാണു വീഡിയോയുടെ ദൈര്‍ഘ്യം. ജര്‍മന്‍ പത്രമായ ബില്‍ഡ്, ഫ്രഞ്ച് പത്രമായ പാരീസ് മാച്ചുമാണു ദൃശ്യങ്ങള്‍ കണ്ടതിന്റെ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

മരണം ഉറപ്പാക്കിയ യാത്രക്കാര്‍ പ്രാണവേദനയില്‍ അലമുറയിടുന്ന സംഘര്‍ഷഭരിതമാണ് ഇതിലെ ദൃശ്യങ്ങള്‍. ആരെയും തിരിച്ചറിയാന്‍ കഴിയാത്ത വിധം മങ്ങിയ ദൃശ്യങ്ങളാണെങ്കിലും ഇതിന്റെ ആധികാരികത സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഉള്ളില്‍നിന്നു കോപൈലറ്റ് അടച്ച കോക്ക്പിറ്റ് ഡോര്‍ മഴു ഉപയോഗിച്ച് വെട്ടിപ്പൊളിക്കാന്‍ പൈലറ്റ് ശ്രമിക്കുന്നതിന്റെ ശബ്ദവും ഇതില്‍ വ്യക്തമായി കേള്‍ക്കാം. വിമാനം അതിശക്തമായി കുലുങ്ങിയതിന്റെ ഫലമാവാം ദൃശ്യങ്ങള്‍ക്കു വ്യക്തത ലഭിക്കാത്തതെന്നും പത്രങ്ങള്‍ പറയുന്നു.

അതേസമയം, ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രോഗികളുടെ സ്വകാര്യത ഉറപ്പാക്കുന്ന നിയമങ്ങളില്‍ അയവു വരുത്താനുള്ള നീക്കം ശരിയല്ലെന്നു വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ദുരന്തത്തിനു കാരണക്കാരനായ കോപൈലറ്റ് ആന്‍ഡ്രിയാസ് ലൂബിറ്റ്സിന് ഡോക്ടര്‍ സിക്ക് നോട്ട് നല്‍കിയിരുന്നെങ്കിലും ഇയാള്‍ അതവഗണിച്ച് ജോലിക്കു കയറുകയായിരുന്നു. ഡോക്ടര്‍ നേരിട്ട് ഈ വിവരം എയര്‍ലൈന്‍ അധികൃതരെ അറിയിച്ചിരുന്നെങ്കില്‍ വന്‍ ദുരന്തം ഒഴിവാക്കാമായിരുന്നു എന്ന മട്ടില്‍ അഭിപ്രായപ്രകടനങ്ങള്‍ ഉയര്‍ന്നിരുന്നു.

സ്പെയിനിലെ ബാഴ്സലോണയില്‍നിന്നു ജര്‍മനിയിലെ ഡ്യൂസല്‍ഡോര്‍ഫിലേക്കു വരികയായിരുന്ന ജര്‍മന്‍ വിംഗ്സിന്റെ വിമാനത്തില്‍ 144 യാത്രക്കാരും ആറു ജോലിക്കാരുമാണ് ഉണ്ടായിരുന്നത്. മാര്‍ച്ച് 24നു രാവിലെ നടന്ന ദുരന്തത്തില്‍ 150 പേരും മരിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍