ഇന്ത്യക്കാരന്റെ മരണം: ആത്മഹത്യയെന്നു സ്പോണ്‍സര്‍, സഹോദരന്‍ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി
Wednesday, April 1, 2015 6:32 AM IST
റിയാദ്: രണ്ടാഴ്ച മുന്‍പ് താമസസ്ഥലത്തുനിന്നു സ്പോണ്‍സര്‍ പിടിച്ചു കൊണ്ടു പോയ ശേഷം കാണാതായ ജാര്‍ഖണ്ഡ് സ്വദേശി മുഹമ്മദ് അഫ്സര്‍ (30) ആത്മഹത്യ ചെയ്തതാണെന്നു സ്പോണ്‍സര്‍ പറയുമ്പോള്‍ തന്റെ സഹോദരന്റെ മരണം കൊലപാതകമാണെന്നും ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുകൊണ്ടു റിയാദില്‍ തന്നെ ജോലി ചെയ്യുന്ന സഹോദരന്‍ ഇഫ്തിഖാര്‍ അന്‍സാരി ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി.

ദരയ്യയിലുള്ള കമ്പനിയുടെ താമസസ്ഥലത്തുനിന്നാണ് സ്പോണ്‍സറും രണ്ട് മക്കളും ചേര്‍ന്ന് അഫ്സറിനെയും സഹപ്രവര്‍ത്തകരായ രണ്ട് ഇന്ത്യക്കാരെയും വിളിച്ചു കൊണ്ടുപോയതത്രേ. കമ്പനിയില്‍ രണ്ടു വര്‍ഷവും ഒരു മാസവുമായി ബുള്‍ഡോസര്‍ ഓപ്പറേറ്ററായി ജോലി ചെയ്തു വരികയായിരുന്ന അഫ്സര്‍ സ്പോണ്‍സറോട് അവധി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു വര്‍ഷംകൂടി കഴിയാതെ അവധി തരില്ലെന്നും അവധി വേണമെങ്കില്‍ 8000 റിയാല്‍ നല്‍കണമെന്നും സ്പോണ്‍സര്‍ ആവശ്യപ്പെട്ടതായും അഫ്സര്‍ സഹോദരനോട് പറഞ്ഞിരുന്നു.

2015 മാര്‍ച്ച് 13 നാണു ദരയ്യയിലെ കമ്പനി താമസസ്ഥലത്തുനിന്ന്, ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയില്‍ ഖാര്‍കി പോലീസ് സ്റേഷന്‍ പരിധിയിലുള്ള താണ്‍ഡ്വ സ്വദേശി മുഹമ്മദ് അഫ്സറിനെ സ്പോണ്‍സര്‍ വന്നു വിളിച്ചു കൊണ്ടു പോയത്. ആറു പേര്‍ താമസിക്കുന്ന മുറിയില്‍നിന്ന് അഫ്സറിനെയും മറ്റ് മുറിയില്‍നിന്നു രണ്ടു പേരെയും അന്നു കൊണ്ടുപോയതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. അതിനുശേഷം ഒരാഴ്ച കഴിഞ്ഞാണ് അഫ്സറിന്റെ മൃതദേഹം ശുമൈസി ആശുപത്രിയില്‍ സ്പോണ്‍സര്‍ എത്തിച്ചത്. സ്പോണ്‍സറുടെ വീട്ടിലെ എയര്‍കണ്ടീഷണറില്‍ ഇലക്ട്രിക് വയര്‍ കെട്ടി അഫ്സര്‍ ആത്മഹത്യ ചെയ്തതായാണു സ്പോണ്‍സര്‍ ആശുപത്രിയില്‍ മൊഴി നല്‍കിയതത്രെ.

താമസസ്ഥലത്തു കിടന്നുറങ്ങുകയായിരുന്ന അഫ്സറിനെ വിളിച്ചുകൊണ്ടു പോവുകയും ഒരാഴ്ച കഴിഞ്ഞ് ദരയ്യയില്‍നിന്നു 30 കിലോമീറ്റര്‍ അകലെയുള്ള അല്‍ ഹമ്റയിലുള്ള സ്പോണ്‍സറുടെ വീട്ടില്‍ ആത്മഹത്യ ചെയ്തതായി കണ്െടത്തി എന്നു പറയുകയും ചെയ്യുന്നതില്‍ ദുരൂഹതയുണ്െടന്നും തന്റെ സഹോദരന്‍ ആത്മഹത്യ ചെയ്യാന്‍ യാതൊരു കാരണവുമില്ലെന്നുമാണു ന്യൂ സനയ്യയിലെ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇഫ്തിഖാര്‍ പറയുന്നത്.

അഫ്സറിനെ കാണാതായ വിവരം അറിഞ്ഞയുടന്‍ ഇഫ്തിഖാര്‍ ഇന്ത്യന്‍ എംബസിയില്‍ പരാതിയുമായി എത്തിയിരുന്നു. എംബസിയില്‍നിന്നു സ്പോണ്‍സര്‍ക്കു ഫോണ്‍ ചെയ്തപ്പോഴാണ് അഫ്സര്‍ ആത്മഹത്യ ചെയ്തതായും മൃതദേഹം ശുമൈസി ആശുപത്രിയിലുള്ളതായും സ്പോണ്‍സര്‍ അറിയിച്ചത്. അഞ്ചു മാസത്തെ ശമ്പള കുടിശിക അഫ്സറിനു കമ്പനി നല്‍കാനുണ്ട്. ഈ പണം എടുത്ത് എക്സിറ്റ് അടിച്ചു നല്‍കാന്‍ അഫ്സര്‍ സ്പോണ്‍സറോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് സ്പോണ്‍സറും അഫ്സറും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുമ്പോഴാണ് അഫ്സറിനെ പിടിച്ചു കൊണ്ടു പോകുന്നതെന്ന് ഇഫ്തിഖാര്‍ പരാതിയില്‍ പറയുന്നു. സ്പോണ്‍സറുടെ കൂടെ പോകുന്ന സമയത്ത് കൈയിലുണ്ടായിരുന്ന 3500 റിയാലും 1000 റിയാലിന്റെ സാംസംഗ് മൊബൈല്‍ ഫോണും കാണാതായതായും പരാതിയിലുണ്ട്.

അഫ്സറിന്റെ മരണത്തോടെ അനാഥമായത് ഭാര്യയും അഞ്ച് വയസുള്ള പെണ്‍കുട്ടിയുമാണ്. അഫ്സറിന്റെ മരണത്തിനു പിന്നിലുള്ള വസ്തുതകള്‍ പുറത്തു കൊണ്ടുവരണമെന്നും കുറ്റവാളികളെ കണ്െടത്തി ശിക്ഷിക്കണമെന്നുമാണു സഹോദരന്‍ ഇഫ്തിഖാറും ബന്ധുക്കളും പറയുന്നത്.

സൌദി അറേബ്യയിലെ ഇന്ത്യന്‍ എംബസി ഡെഡപ്യൂട്ടി ചീഫ് ഓഫ് മിഷനു സമര്‍പ്പിച്ച പരാതിയുടെ കോപ്പി ഇന്ത്യന്‍ അംബാസഡര്‍ ഹാമിദലി റാവുവിനും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനും നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ എംബസിയില്‍നിന്നുള്ള നിര്‍ദ്ദേശ പ്രകാരം അഫ്സറിന്റെ സ്പോണസര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് ഇഫ്തിഖാറും സഹായത്തിനു കൂടെയുള്ള സാമൂഹ്യപ്രവര്‍ത്തകരും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍