കുവൈറ്റില്‍ ഇന്ത്യക്കാരുടെ എണ്ണം ഏഴര ലക്ഷമായി
Wednesday, April 1, 2015 6:21 AM IST
കുവൈറ്റ്: 7,62,471 പേരുടെ അംഗബലവുമായി ഇന്ത്യക്കാര്‍ കുവൈറ്റിലെ ഏറ്റവും വലിയ വിദേശിസമൂഹമായി. 5,17,973 ഈജിപ്തുകാരാണ് രണ്ടാം സ്ഥാനത്തുള്ളത്. 181,265 പേരുമായി ബംഗ്ളാദേശ് മൂന്നാം സ്ഥാനത്തും 1,44,633 പേരുമായി ഫിലിപ്പീന്‍സ് നാലാം സ്ഥാനത്തും 1,03,116 ആളുകളുമായി സിറിയക്കാര്‍ അഞ്ചാം സ്ഥാനത്തുമായി. പാക്കിസ്ഥാന്‍ (1,19,847), ശ്രീലങ്ക (1,10,800), എത്യോപ്യ (74,097), ജോര്‍ദാന്‍ (53,141), നേപ്പാള്‍ (52,704), ഇറാന്‍ (42,795) എന്നീ രാജ്യങ്ങളാണു തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

പബ്ളിക് അഥോറിറ്റി ഓഫ് സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുപ്രകാരം 2014 അവസാനിച്ചപ്പോള്‍ 38,25,600 ആണു കുവൈറ്റിലെ സ്വദേശികളും വിദേശികളുമടക്കമുള്ള ജനസംഖ്യ. ഇതില്‍ 24,57,000 പേര്‍ വിദേശികളാണ്. സ്വദേശികളുടെ എണ്ണം 12,75,000. വിദേശികളുടെ പകുതി മാത്രമാണു രാജ്യത്തെ സ്വദേശി ജനസംഖ്യ. സ്വദേശി ജനസംഖ്യയില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് കൂടുതല്‍. സ്വദേശി സ്ത്രീകള്‍ 6,49,000 ഉം പുരുഷന്മാര്‍ 6,26,000 മാണ്. സ്വദേശികളും വിദേശികളുമല്ലാത്ത വിഭാഗക്കാരായി (ബിദുനികള്‍) 93,600 പേരുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍