കോണ്‍ക്രീറ്റ് ആണി കഴുത്തില്‍ തുളച്ചുകയറി മലയാളി മരിച്ചു
Wednesday, April 1, 2015 4:32 AM IST
റിയാദ്: കോണ്‍ക്രീറ്റ് ഭിത്തിയിലടിക്കുന്ന ഇലക്ട്രിക് ഗണ്ണില്‍നിന്നുള്ള ആണി കഴുത്തില്‍ തുളച്ചുകയറി കൊല്ലം കടയ്ക്കല്‍ സ്വദേശി മടത്തില്‍ വടക്കേതില്‍ മനു (34) തത്ക്ഷണം മരിച്ചു. മാര്‍ച്ച് 18നു റിയാദിലെ ജോലിസ്ഥലത്തുണ്ടായ സംഭവം ഇപ്പോഴാണു പുറത്തറിഞ്ഞത്. നിര്‍മാണത്തൊഴിലാളിയായ മനു റിയാദ് എക്സിറ്റ് 16ലെ സനാഇയ്യയിലെ ജോലിസ്ഥലത്തു കോണ്‍ക്രീറ്റ് ഭിത്തി തുളച്ചുകൊണ്ടിരിക്കുമ്പോള്‍ ഇലക്ട്രിക് ഗണ്‍ പൊട്ടി ആണി ദിശമാറി സ്വന്തം കഴുത്തില്‍ തുളഞ്ഞുകയറുകയായിരുന്നു. അപ്പോള്‍ തന്നെ മരണം സംഭവിച്ചു.

മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ അന്നുതന്നെ എത്തിച്ചിരുന്നു. മൃതദേഹം നാട്ടിലയക്കുന്നതിനായി നാട്ടില്‍നിന്നു ബന്ധുക്കളുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് റിയാദ് ഒഐസിസി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ സജാദ് ഖാന്‍ രംഗത്തെത്തിയതോടെയാണു വിവരം പുറംലോകം അറിഞ്ഞത്. മനുവിന്റെ കൂടെ ജോലി ചെയ്തിരുന്ന ശ്രീകുമാര്‍ പുനലൂരും ഒഐസിസി ഭാരവാഹികളായ റഹ്മാന്‍ മുനമ്പത്ത്, പ്രഥിന്‍ അലക്സ്, പ്രമോദ് പൂപ്പാല എന്നിവരും സജാദ് ഖാനോടൊപ്പം പ്രവര്‍ത്തന രംഗത്തുണ്ട്. മനുവിന്റെ അച്ഛന്‍ ശശികുമാര്‍. ഭാര്യ: അജ. നാലു വയസുള്ള മഹാദേവ് ഏക മകന്‍.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍