ബെന്നി ബെഹനാന്‍ എംഎല്‍എയ്ക്കു ജര്‍മനിയില്‍ ഉജ്വല സ്വീകരണം
Tuesday, March 31, 2015 8:09 AM IST
കൊളോണ്‍: കെപിസിസിയുടെ പ്രവാസി സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) ജര്‍മനിയുടെ ആഭിമുഖ്യത്തില്‍ ബെന്നി ബെഹനാന്‍ എംഎല്‍എയ്ക്കു കൊളോണില്‍ ഉജ്വല സ്വീകരണം നല്‍കി.

മാര്‍ച്ച് 28നു(ശനി) വൈകുന്നേരം 6.30നു കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയദേവാലയ പാരീഷ് ഹാളില്‍ കൂടിയ യോഗത്തില്‍ ജര്‍മനിയിലെ ഒഐസിസി കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ കൊച്ചുകണ്ടകണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ഒഐസിസി മെംബര്‍ഷിപ്പ് കാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോസ് പുതുശേരി സ്വാഗതം ആശംസിച്ചു.

കേരള നിയമസഭാ സ്പീക്കറായിരിക്കേ അന്തരിച്ച ജി.കാര്‍ത്തികേയന്‍ എംഎല്‍എ, ഒഐസിസി അംഗവും ജര്‍മന്‍ മലയാളി സമൂഹത്തില്‍നിന്നു വേര്‍പിരിഞ്ഞ ഏബ്രഹാം വി. തോമസ് എന്നിവര്‍ക്കും ജര്‍മന്‍വിംഗ്സ് വിമാനാപകടത്തില്‍ മരിച്ചവര്‍ക്കും യോഗം ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ഒഐസിസി അംഗങ്ങള്‍ ഉള്‍പ്പടെ നിരവധിയാളുകള്‍ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി യോഗത്തില്‍ സംസാരിച്ചു. തോമസ് ചക്യത്ത്, റോസി കല്ലുപുരയ്ക്കല്‍ (പ്രവാസികളുടെ സ്വത്തിനു നാട്ടില്‍ സുരക്ഷിതത്വം ഇല്ലായ്മ), ഗ്രിഗറി മേടയില്‍, ജോളി എം പടയാട്ടില്‍ (മുതിര്‍ന്ന നേതാക്കള്‍ യുവാക്കള്‍ക്കു പ്രാധാന്യവും അവസരം നല്‍കി സ്ഥാനമാനങ്ങള്‍ മാറിക്കൊടുക്കണം), ജോസഫ് മാത്യു മെറ്റ്മാന്‍ (രാഷ്ട്രീയക്കാര്‍ക്ക് പ്രവര്‍ത്തനത്തിനു പ്രായപരിധി നിശ്ചയിക്കണം), ഈത്തമ്മ കളപ്പുരയ്ക്കല്‍ (കേരളത്തിലെ സ്ത്രീകളുടെ സുരക്ഷ ഏറ്റവും നല്ല രീതിയില്‍ ഉറപ്പുവരുത്തണം), ആന്റണി മുട്ടത്തോട്ടില്‍, പോള്‍ ചിറയത്ത്, ജോസ് തോമസ് (തുടരെത്തുടരെയുള്ള ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ നിയമനിര്‍മാണം നടത്തണം), സെബാസ്റ്യന്‍ കോയിക്കര (കേരളം സംസ്കാരശൂന്യമാവുന്ന പരിത:സ്ഥിതി മാറണം), ഡേവീസ് വടക്കുംചേരി (യാത്രാസൌകര്യങ്ങള്‍ ഒന്നുകൂടി മെച്ചപ്പെടുത്തി കുറ്റമറ്റതാക്കണം), വില്യം പത്രോസ്, മാത്യു ജേക്കബ്, ജോസ്, ഷീബ കല്ലറയ്ക്കല്‍ (ശുചിത്വവത്കരണം ജനകീയമാക്കണം, വെയ്സ്റ് മാനേജ്മെന്റ് വിപുലപ്പെടുത്തി ഒരു പ്രത്യേക വകുപ്പു രൂപീകരിക്കണം), ജോസ് മറ്റത്തില്‍ ആധാര്‍ കാര്‍ഡ് ആവശ്യമെങ്കില്‍ ജനകീയമാക്കാന്‍ നടപടിവേണം, ജോളി തടത്തില്‍, ജോയി മാണിക്കത്ത്, ഔസേപ്പച്ചന്‍ കിഴക്കേത്തോട്ടം, തോമസ് പഴമണ്ണില്‍, ജോണ്‍ പുത്തന്‍വീട്ടില്‍, ആന്റണി കുറുന്തോട്ടത്തില്‍, മാത്തുക്കുട്ടി പാലയ്ക്കലോടില്‍ (നോര്‍ക്കയുടെ പ്രവര്‍ത്തനം യൂറോപ്പില്‍ വ്യാപിപ്പിച്ച് ശക്തമാക്കണം, നിയമസഭയിലെ കൈയാങ്കളിക്ക് ഉചിതമായ നിയമം കൊണ്ടുവരണം) തുടങ്ങിയവയായിരുന്നു ചര്‍ച്ചയില്‍ പൊന്തിവന്നത്.

ജര്‍മനിയില്‍ ജീവിക്കുന്ന മലയാളി കുടുംബങ്ങള്‍ കേരളത്തിന്റെ പൈതൃകവും സംസ്കാരവും കാത്തുസൂക്ഷിക്കുകയും നാട്ടിലുള്ള സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്യുന്നതു സ്വാഗതാര്‍ഹമാണെന്നു ബെന്നി ബെഹനാന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിക്കുന്നതോടുകൂടി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകാന്‍ അവസരമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. യോഗത്തില്‍ ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, നോര്‍ക്ക, പ്രവാസി വകുപ്പ് മന്ത്രി കെ.സി. ജോസഫ് തുടങ്ങിയവരുമായി ചര്‍ച്ച ചെയ്യുകയും അടുത്ത നിയമസഭാവേളയില്‍ ഇക്കാര്യങ്ങള്‍ സബ്മിഷന്‍ മുഖേന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും എംഎല്‍എ ഉറപ്പു നല്‍കിയാണ് മറുപടി പ്രസംഗം അവസാനിപ്പിച്ചത്.

യോഗത്തില്‍ ഒഐസിസി യൂറോപ്പ് കോഓര്‍ഡിനേറ്റര്‍ ജിന്‍സണ്‍ എഫ്. വര്‍ഗീസ് കല്ലുമാടിക്കല്‍ നന്ദി പറഞ്ഞു. ജോസ് കുമ്പിളുവേലിയുടെ വീട്ടില്‍ നല്‍കിയ അത്താഴവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.