കൊലയാളി കോ പൈലറ്റിന്റെ ഞെട്ടിക്കുന്ന വിവരങ്ങളുടെ അഭിമുഖം തയാറാക്കിയതു ജര്‍മന്‍ മലയാളി ജോണ്‍ പുത്തന്‍പുരയ്ക്കല്‍
Monday, March 30, 2015 9:41 AM IST
ബര്‍ലിന്‍: ജര്‍മന്‍ വിംഗ്സ് എയര്‍ബസ് ആല്‍പ്സ് പര്‍വതത്തില്‍ ഇടിപ്പിച്ച് തകര്‍ത്ത കോ പൈലറ്റ് അന്ത്രയാസ് ലുബിറ്റ്സിന്റെ ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന അഭിമുഖം തയാറാക്കിയത് യുവമാധ്യമപ്രവര്‍ത്തകനായ ജര്‍മന്‍ മലയാളി ജോണ്‍ പുത്തന്‍പുരയ്ക്കലാണ്. മുന്‍ കാമുകിയും ജര്‍മന്‍ വിംഗ്സിലെ എയര്‍ഹോസ്റസുമായ മരിയയുമായി (മരിയ ഡബ്ള്യു, 26 വയസ്) ജര്‍മനിയിലെ മുഖ്യധാരാ പത്രമായ ബില്‍ഡ് പത്രത്തിന്റെ ബര്‍ലിനിലെ സ്പെഷല്‍ കറസ്പോണ്ടന്റ് ജോണ്‍ പുത്തന്‍പുരയ്ക്കല്‍ ജര്‍മന്‍ വിംഗ്സ് ദുരന്തത്തിനു ശേഷം നടത്തിയ അഭിമുഖത്തിലാണു ലിബിറ്റ്സിന്റെ മനസിലിരുപ്പ് പുറത്തായത്. ലോകത്തെ നടുക്കുന്ന അതിക്രൂരവും അവിസ്മരണീയവുമായൊരു പ്രവൃത്തി താന്‍ ചെയ്യുമെന്നു പലപ്പോഴും ഇയാള്‍ പറഞ്ഞിരുന്നതായിട്ടാണ് മുന്‍ കാമുകി മരിയ വെളിപ്പെടുത്തിയത്. അഞ്ചു മാസത്തോളം ഇവര്‍ ഒരുമിച്ച് യൂറോപ്യന്‍ മേഖലയില്‍ വിമാനത്തില്‍ പറന്നിട്ടുണ്ടെന്നും മരിയ പറഞ്ഞു.

പലപ്പോഴും ഇയാള്‍ ഉറക്കത്തില്‍ ദുഃസ്വപ്നങ്ങള്‍ കണ്ട് ഞെട്ടിയുണരുകയും നമ്മളിതാ താഴേക്കു പോകുന്നേ എന്ന് അലറുകയും ചെയ്തിരുന്നുവത്രെ. അതേസമയം, ഇയാളുടെ ചിന്തകള്‍ ഒരിക്കലും തനിക്കു വ്യക്തമായിരുന്നില്ലെന്നു കാമുകി പറയുന്നു. മനസിലുള്ളത് ഒളിച്ചു വയ്ക്കുന്നതില്‍ ഒരു വിദഗ്ധന്‍ തന്നെയായിരുന്നു ലൂബിറ്റ്സ്. ഈ പേടിപ്പെടുത്തുന്ന സ്വഭാവം കാരണമാണ് അയാളുമായുള്ള ബന്ധം താന്‍ ഉപേക്ഷിച്ചതെന്നും യുവതി വെളിപ്പെടുത്തി. ദുരന്തം നടത്തുന്നതിന്റെ ആഴ്ചകള്‍ക്കു മുന്‍പ് ഇയാള്‍ രണ്ട് ജര്‍മന്‍ നിര്‍മിത ഔഡി കാറുകള്‍ വാങ്ങിയിരുന്നതായും വ്യക്തമാക്കുന്നു. ഒന്ന് തനിക്കായും ഒന്നും കാമുകിക്കായുമാണത്രേ വാങ്ങിയത്. സ്വന്തം മാതാപിതാക്കളോടൊത്തു കഴിയുന്ന ലുബിറ്റ്സ് കാമുകിയുടെ വീട്ടിലും കഴിഞ്ഞിരുന്നു.

ബില്‍ഡിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ഈ വെളിപ്പെടുത്തല്‍ സിഎന്‍എന്‍, ബിബിസി തുടങ്ങിയ ചാനലുകള്‍ ഉള്‍പ്പെടെ അന്താരാഷ്ട ദൃശ്യശ്രാവ്യഅച്ചടി മാധ്യമങ്ങള്‍ വന്‍ വാര്‍ത്താപ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. സിഎന്‍എന്‍ ആകട്ടെ ജോണിന്റെ ചിത്രവുംകൂടി ചേര്‍ത്താണ് അഭിമുഖത്തിന്റെ പൂര്‍ണരൂപം പുറത്തുവിട്ടത്. ബിബിസി റേഡിയോയിലും അഭിമുഖത്തിന്റെ പൂര്‍ണരൂപം ചേര്‍ത്തിട്ടുണ്ട്.

ജര്‍മന്‍ പത്രപ്രവര്‍ത്തനരംഗത്തെ മലയാളി താരമാണു ജോണ്‍ പുത്തന്‍പുരയ്ക്കല്‍. ബര്‍ലിനില്‍ ടാബ്ളോയ്ഡ് റിപ്പോര്‍ട്ടറായി കരിയര്‍ തുടങ്ങിയ ജോണ്‍ ഇന്ന് അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനായി മാറിക്കഴിഞ്ഞു. ബോറിസ് ബെക്കറുടെ മകനുമായി ആദ്യത്തെ അഭിമുഖം, സമി ഖെദീരയും ലെന ഗെര്‍ക്കെയുമായുള്ള പ്രണയവാര്‍ത്ത തുടങ്ങി സ്പോര്‍ട്സ് മേഖലയില്‍ ബ്രേക്ക് ചെയ്ത എക്സ്ക്ളൂസീവുകള്‍ കൂടാതെ, ജസ്റിന്‍ ബീബറെയും ഷാറുഖ് ഖാനെയും പോലുള്ള വന്‍ താരങ്ങളുമായി നേരിട്ടു നടത്തിയ അഭിമുഖങ്ങളുമുണ്ട് ജോണിന്റെ ക്രെഡിറ്റില്‍. 2012ല്‍ ജര്‍മനിയിലെ ബില്‍ഡ് പത്രത്തില്‍ റിപ്പോര്‍ട്ടറായി ആരംഭം കുറിച്ച ജോണ്‍ ഇതിനേടകം നൂറിലധികം പ്രശസ്ത വ്യക്തികളുമായി അഭിമുഖം നടത്തിയതും ഇപ്പോള്‍ പ്രശസ്തി വര്‍ധിപ്പിക്കുന്നു.

സ്പോര്‍ട്സ് റിപ്പോര്‍ട്ടറാകണമെന്നു പതിനാറാം വയസില്‍ പ്രഖ്യാപനം നടത്തിയ ആളാണ് ജോണ്‍. സ്കൂള്‍ ന്യൂസ് പേപ്പര്‍ മുതല്‍ തുടങ്ങി ആ ലക്ഷ്യം നേടുന്നതിനുള്ള കഠിനാധ്വാനം. ജര്‍മനിയിലെ വെസ്റ്റ് ഫാളിയയിലെ ഗ്ളാഡ്ബെക്കില്‍ ജനിച്ചു വളര്‍ന്ന ജോണ്‍ യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിനു ശേഷം ജേര്‍ണലിസത്തില്‍ ബിരുദവും നേടിയിട്ടാണ് ബില്‍ഡ് പത്രത്തില്‍ ജോലി നേടിയത്. ബില്‍ഡ് പത്രത്തിന്റെ ബര്‍ലിനിലെ റിപ്പോര്‍ട്ടര്‍, ഇപ്പോള്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റ് എന്ന നിലയില്‍ നിരവധി അവസരങ്ങള്‍ ജോണിനു ലഭിയ്ക്കുന്നത് അസുലഭ ഭാഗ്യമായി കരുതുന്നു.

ഗ്ളാഡ്ബെക്കറില്‍ ലോക്കല്‍ സ്പോര്‍ട്സ് എഡിറ്ററായിരിക്കുമ്പോള്‍ ബാസ്കറ്റ് ബോളാണു കവര്‍ ചെയ്തിരുന്നത്. പിന്നെ ഹാന്‍ഡ് ബോളായി. ഒപ്പം യുവാക്കള്‍ നേരിടുന്ന പ്രശ്നങ്ങളും സാമൂഹ്യ പ്രശ്നങ്ങളുമൊക്കെ കൈകാര്യം ചെയ്തു. ഇതിനിടെ ലോക്കല്‍ റേഡിയോയില്‍ ഒരു പരിപാടി മോഡറേറ്റ് ചെയ്തു. അപ്പോഴും സമ്പൂര്‍ണ സ്പോര്‍ട്സ് ലേഖകനാകുക എന്ന ലക്ഷ്യം ബാക്കിനിന്നു. അതൊട്ടും എളുപ്പവുമായിരുന്നില്ല.

ചില ഇന്റേണ്‍ഷിപ്പുകള്‍ സ്പോര്‍ട്സ് റിപ്പോര്‍ട്ടിങ്ങില്‍ പരിചയം നല്‍കിയെങ്കിലും അവസരങ്ങള്‍ കിട്ടിയില്ല. അങ്ങനെ അധ്യാപകനായി കുറേക്കാലം. പിന്നീട് ബില്‍ഡ് ദിനപത്രത്തിന്റെ എന്റര്‍ടെയ്ന്‍മെന്റ് ഡെസ്കിന്റെ ചുമതലക്കാരനായപ്പോഴും സ്പോര്‍ട്സ് ചെയ്യാനുണ്ടായിരുന്ന അവസരം നാമമാത്രം. മറ്റുള്ളവര്‍ കാണാത്തതു കാണുക എന്ന ദൌത്യം അവിടെ നിറവേറ്റിയതിന് ഉദാഹരണമായിരുന്നു ലിലി ബെക്കറുടെ ഗര്‍ഭവാര്‍ത്ത ബ്രേക്ക് ചെയ്തത്. അതോടെ സ്പോര്‍ട്സ് ജേര്‍ണലിസത്തിലേക്കു കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനുള്ള അവസരവും ജോണിനെ തേടിയെത്തി.

നാല്പതു വര്‍ഷം മുന്‍പ് കേരളത്തില്‍നിന്നു ജര്‍മനിയിലേക്കു കുടിയേറിയതാണ് ജോണിന്റെ മാതാപിതാക്കള്‍.ഇവര്‍ ജര്‍മനിയിലെ ഗ്ളാഡ്ബക്കില്‍ താമസിയ്ക്കുന്നു. അവരില്‍നിന്നാര്‍ജിച്ച ആത്മവിശ്വാസമാണ് എന്നും തന്റെ പ്രധാന കരുത്തെന്നും ജോണ്‍ പറയുന്നു. അച്ഛന്‍ പറയാറുള്ള വാക്കുകള്‍ എന്നും പിന്തുടരുകയും ചെയ്യുന്നു- ഒരു ലക്ഷ്യം മുന്നില്‍ കണ്ടാല്‍ അത് നേടിയിരിക്കണം. അതുകൊണ്ടുതന്നെ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ എന്ന കിംഗ്ഖാന്‍ ഒപ്പം നൃത്തത്തില്‍ ചുവടുവയ്ക്കാന്‍ ജര്‍മനിയിലെ രണ്ടാം തലമുറക്കാരനും മലയാളിയുമായ ജോണ്‍ പുത്തന്‍പുരയ്ക്കലിന് ഭാഗ്യം കൈവന്നു. ബര്‍ലിനില്‍ നടന്ന അറുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ബര്‍ലിനാലെയില്‍ ക്ഷണിക്കപ്പെട്ട അതിഥികളായെത്തിയ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര എന്നിവരെ ഇന്റര്‍വ്യൂ ചെയ്യാനാണ് ജോണ്‍ പുത്തന്‍പുയ്ക്കലിനു നിയോഗമുണ്ടായതെങ്കില്‍ അതൊരു നൃത്തത്തിന്റെ വഴിത്തിരിവിലേക്കു വരുമെന്നു ജോണ്‍ സ്വപ്നത്തില്‍പ്പോലും നിനച്ചിരുന്നില്ല എന്നും ജോണ്‍ സാക്ഷ്യപ്പെടുത്തുന്നു. ജര്‍മന്‍ ടാബ്ളോയിഡ് ഡെയ്ലിയായ ബില്‍ഡ് പത്രത്തിന്റെ ഔദ്യോഗിക പ്രതിനിധിയായ ജോണ്‍ പുത്തന്‍പുരയ്ക്കല്‍ ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്രാ എന്നിവരെ ബര്‍ലിനാലെയില്‍വച്ചാണ് അഭിമുഖം നടത്തിയത്.

എറണാകുളം തെക്കന്‍പറവൂര്‍ സ്വദേശികളായ പുത്തന്‍പുരയ്ക്കല്‍ ജോസ്-ശാന്ത ദമ്പതികളുടെ മൂത്ത മകനാണ് ജോണ്‍. ജോണിന്റെ സഹോദരന്‍ ജെസ് ഫ്രാങ്ക്ഫര്‍ട്ടിലെ കൊമേഴ്സ് ബാങ്ക് ഹെഡ് ഓഫീസില്‍ കംപ്യൂട്ടര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം വിവാഹിതയായ സഹോദരി സെന്റാ റോസ് മൈന്‍സിലെ യൂണിവേഴ്സിറ്റി ക്ളിനിക്കില്‍ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ഇപ്പോള്‍ കൈസേഴ്സ്ലൌട്ടേന്‍ ക്ളിനിക്കില്‍ ന്യൂറോളജി വിഭാഗത്തില്‍ ഡോക്ടറായി ജോലി ചെയ്യുന്നു.
ജര്‍മന്‍ മലയാളികള്‍ക്കഭിമാനമായി മാറിയ ജര്‍മനിയിലെ രണ്ടാം തലമുറക്കാരനായ പ്രശസ്ത പത്രപ്രവര്‍ത്തകനെപ്പറ്റി ദീപിക മുന്‍പ് ലേഖകന്‍ മുഖേന റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജോസ് കുമ്പിളുവേലില്‍