ബാബുരാജ് ഫുട്ബാള്‍: ലിന്‍സ മെഡിക്കല്‍സ് ജേതാക്കള്‍
Monday, March 30, 2015 7:28 AM IST
അബുദാബി: പയ്യന്നൂര്‍ സൌഹൃദവേദി അബുദാബിയില്‍ സംഘടിപ്പിച്ച ഒന്നാമത് സി.കെ. ബാബുരാജ് മെമ്മോറിയല്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ലിന്‍സ മെഡിക്കല്‍സ് മണര്‍കാട് ജേതാക്കളായി. ഏ7 അല്‍ ഐന്‍ (ഏ7 അഹ അശി) രണ്ടാം സ്ഥാനം നേടി.

വിജയികള്‍ക്ക് 5,000 ദിര്‍ഹം കാഷ് പ്രൈസും ബാബുരാജ് മെമ്മോറിയല്‍ ട്രോഫിയും ഇന്ത്യ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി എം. അബ്ദുള്‍ സലാം സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാര്‍ക്ക് 2000 ദിര്‍ഹവും ട്രോഫിയും അബുദാബി മലയാളിസമാജം ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍ സമ്മാനിച്ചു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള സമ്മാനം ലിന്‍സയുടെ വിജല്‍ കരസ്ഥമാക്കി. മികച്ച ഗോള്‍ കീപ്പര്‍ ആയി ഫ്രാന്‍സിസ് ടോപ് സ്കോറര്‍ ആയി.

സില്‍വര്‍ സ്റാര്‍ അജ്മാന്‍ ടീമിലെ അബു താഹിര്‍, മികച്ച പ്രൊമിസിംഗ് പ്ളെയര്‍ ആയി സഹല്‍ (ഏ 7 അല്‍ ഐന്‍) എന്നിവരെ തെരഞ്ഞെടുത്തു. ടൂര്‍ണമെന്റില്‍ ആദ്യത്തെ ഗോളടിച്ച ജംഷീര്‍ ബാബുവിനു (അഹ ഞമ്യവമി) സമ്മാനം നല്‍കി. 24 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് അബുദാബി സായുധ സേന ഓഫീസേഴ്സ് ക്ളബ് മൈതാനിയിലാണ് നടന്നത്.

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, മുന്‍ സന്തോഷ് ട്രോഫി താരം എ.ഐ ജാഫര്‍, കെ.ബി. മുരളി, വി.പി. കൃഷ്ണകുമാര്‍ തുടങ്ങിയര്‍ ആശംസകള്‍ നേര്‍ന്നു. വി.ടി.വി ദാമോദരന്‍, ഷിജു കാപ്പാടന്‍, വി.കെ. ഷാഫി, പി.കെ. ഗോപാലകൃഷ്ണന്‍, മുത്തലിബ് നെക്ളി, എം. പ്രദീപ് കുമാര്‍, പി.കെ. മണി മണികണ്ട കുമാര്‍, മുഹമ്മദ് നെക്ളി, യു. ദിനേശ് ബാബു, എം. അബാസ്, ഗഫൂര്‍, ഷുഹൈബ്, മുസ്താക്, യാക്കൂബ്, രാജീവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കേരള സംസ്ഥാന ടീമിനും പ്രമുഖ ക്ളബുകള്‍ക്കും വേണ്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ച വയ്ക്കുകയും ഒരു ബൈക്ക് അപകടത്തില്‍ കൊല്ലപ്പെടുകയും ചെയ്ത പയ്യന്നൂരിലെ സി.കെ. ബാബുരാജിന്റെ ഓര്‍മയ്ക്കായാണ് സൌഹൃദ വേദി ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ടീമുകളുടെ പ്രാതിനിധ്യം കൊണ്ടും കാണികളുടെ പങ്കാളിത്തം കൊണ്ടും വന്‍ വിജയം നേടിയ ടൂര്‍ണമെന്റ് വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മികച്ച രീതിയില്‍ സംഘടിപ്പിക്കുമെന്നു സൌഹൃദ വേദി പ്രസിഡന്റ് വി.ടി.വി. ദാമോദരന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള