ജര്‍മന്‍വിംഗ്സ് ദുരന്തം: കോ പൈലറ്റിന്റെ ഉള്‍പ്പടെ 78 പേരുടെ ഡിഎന്‍എ സാംപിളുകള്‍ തിരിച്ചറിഞ്ഞു
Monday, March 30, 2015 7:27 AM IST
ബര്‍ലിന്‍: 149 പേരുടെ മരണത്തിലേക്കു തള്ളിയ ജര്‍മന്‍ വിംഗ്സ് കോ പൈലറ്റ് ആന്ത്രയാസ് ലുബിറ്റ്സിന്റെ മൃതദേഹഭാഗം കണ്ടെടുത്തതായി തെരച്ചില്‍ സേനയെ ഉദ്ധരിച്ചുകൊണ്ട് ഫ്രഞ്ച് വാര്‍ത്താ ഏജന്‍സി അറിയിച്ചു. 27 കാരനായ ലുബിറ്റ്സിന്റെ കണ്ടെടുത്ത ശരീരഭാഗത്തിന്റെ ഡിഎന്‍എ ടെസ്റിനു വിധേയമാക്കിയതിനുശേഷമാണ് ഇക്കാര്യമറിയിച്ചത്്.

അപകടത്തില്‍ 150 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിലെ 78 പേരുടെ ഡിഎന്‍എ പരിശോധനയാണു പൂര്‍ത്തിയാക്കിയത്. ബന്ധുക്കളുടെ ഡിഎന്‍എയുമായി താരതമ്യം ചെയ്ത് ഇവരെ തിരിച്ചറിയാന്‍ സാധിക്കും.

അതേസമയം, ദുരന്തത്തിനു കാരണക്കാരനായ കോപൈലറ്റ് ആന്‍ഡ്രിയാസ് ലൂബിറ്റ്സിന്റെ ഡിഎന്‍എ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അന്വേഷണോദ്യേഗസ്ഥര്‍ ഇതു നിഷേധിച്ചെങ്കിലും ജര്‍മനി അതു സ്ഥിരീകരിച്ചിട്ടുണ്ട്.

റോഡില്ലാത്ത പര്‍വതനിരകളിലേക്കാണു വിമാനം ഇടിച്ചിറക്കിയിരിക്കുന്നത്. ഇവിടേക്കു കാല്‍നടയായും ഹെലികോപ്റ്റര്‍ മുഖേനയും എത്തിച്ചേര്‍ന്ന രക്ഷാപ്രവര്‍ത്തകര്‍ ശേഖരിച്ച ശരീരഭാഗങ്ങളില്‍നിന്നാണ് 78 പേരുടെ ഡിഎന്‍എ വേര്‍തിരിച്ചെടുത്തത്.

സ്പെയിനിലെ ബാഴ്സിലോണയില്‍നിന്നു ജര്‍മനിയിലെ ഡ്യൂസല്‍ഡോര്‍ഫിലേക്ക് ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 9.35നു പറന്ന വിമാനമാണു വിമാനത്തിലെ പൈലറ്റ് ടോയിലറ്റില്‍ പോയനേരത്ത് മനഃപൂര്‍വം കോപൈലറ്റ് ആല്‍പ്സ് പര്‍വതനിരകള്‍ക്കിടയില്‍ ഇടിപ്പിച്ച് നാമാവശേഷമാക്കിയത്. ടോയ്ലറ്റില്‍ നിന്നു തിരിച്ചെത്തിയ പൈലറ്റ് കോക്പിറ്റില്‍ കയറി യഥാസ്ഥാനത്തു ഇരിക്കാന്‍ ശ്രമിച്ചിച്ചിട്ടും അകത്തുകടക്കാനാവാത്തവിധം കോക്പിറ്റിന്റെ വാതില്‍ കോപൈലറ്റ് അകത്തു നിന്നും പൂട്ടിയതിനു ശേഷമാണ് വിമാനം ഇടിപ്പിച്ചു യാത്രക്കാരുടെ അന്തകനായത്.

സംഭവത്തില്‍ 16 സ്കൂള്‍ കുട്ടികളും രണ്ട് അധ്യാപകരും ഉള്‍പ്പടെ 75 ജര്‍മന്‍കാരും 52 സ്പെയിന്‍കാരും ഉള്‍പ്പടെ 150 പേരാണു മരിച്ചത്. ഇതുവരെയുള്ള തെരച്ചിലില്‍ മുഴുവന്‍ യാത്രക്കാരുടെയും മൃതദേഹാവാശിഷ്ടങ്ങള്‍ കണ്ടെടുത്തില്ല എന്നതും ശ്രദ്ധേയമാണ്. അതിനായുള്ള തെരച്ചില്‍ തുടരുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍