നാരായണനു രാജ്യം വിടാനാകില്ല; മേയ് മൂന്നിന് കോടതി കേസില്‍ തീര്‍പ്പുകല്‍പ്പിക്കും
Monday, March 30, 2015 7:24 AM IST
റിയാദ്: നസീമിലെ സര്‍വീസ് സ്റേഷനില്‍നിന്നും സ്വദേശിയുടെ ലാന്‍ഡ് ക്രൂയിസര്‍ കാര്‍ കളവു പോയതുമായി ബന്ധപ്പെട്ട് കോടതി ശിക്ഷിച്ച മലപ്പുറം പൊന്നാനിക്കടുത്ത് വട്ടംകുളം കുറ്റിപ്പാല സ്വദേശി മങ്ങാരത്ത് നാരായണന്‍ (55) അഞ്ചു വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം കഴിഞ്ഞ ദിവസം മോചിതനായെങ്കിലും രാജ്യം വിടാനാകില്ലെന്നു ജയിലധികൃതര്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചു.

ഇതുമായി അന്വേഷണം നടത്തിയ സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ഇതേ മറുപടിയാണു ജയിലധികൃതരില്‍നിന്നു ലഭിച്ചത്. നാരായണന്‍ ജോലി ചെയ്തിരുന്ന സര്‍വീസ് സ്റേഷനില്‍ കഴുകാനായി ഏല്‍പ്പിച്ച വാഹനം കളവു പോയതു നാരായണന്റെ കൃത്യവിലോപം മൂലമാണെന്നും അതിനാല്‍ കാറിന്റെ വിലയായ 1,15,000 റിയാല്‍ അദ്ദേഹം ഉടമയ്ക്കു നല്‍കണമെന്നുമാണു കോടതി വിധിച്ചത്. എന്നാല്‍, ഇന്ത്യന്‍ എംബസി സമര്‍പ്പിച്ച രേഖകളില്‍നിന്നു നാരായണന്‍ പാപ്പരാണെന്നും ഇത്രയും വലിയ തുക അടയ്ക്കാന്‍ കഴിവില്ലാത്തവനാണെന്നും കണ്െടത്തിയ കോടതി ഉടനെ ജയിലില്‍ നിന്നു നാരായണനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണു കഴിഞ്ഞ ദിവസം അദ്ദേഹം സ്വന്തം ജാമ്യത്തില്‍ മോചിതനായത്. എന്നാല്‍, പുറത്തിറങ്ങുന്ന നാരായണന്‍ അധികൃതരുടെ നിരീക്ഷണത്തിലായിരിക്കുമെന്നും മേയ് മൂന്നിന് കോടതി അവസാന തീരുമാനം പ്രഖ്യാപിക്കുമെന്നുമാണ് ഇപ്പോള്‍ അറിയാന്‍ സാധിച്ചിട്ടുള്ളത്.

മേയ് മുന്നിനു മുമ്പുതന്നെ കോടതിയില്‍ നാരായണന്റെ അവസ്ഥ ബോധിപ്പിക്കാനും എത്രയും പെട്ടെന്ന് അദ്ദേഹത്തെ നാട്ടിലയക്കാനുമാണ് ഇന്ത്യന്‍ എംബസി അധികൃതര്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കോഴിക്കോട് സ്വദേശി മുഹമ്മദ് കോയയുടെ അസീസിയയിലുള്ള റൂമില്‍ കഴിയുന്ന നാരായണനെ സാമൂഹ്യപ്രവര്‍ത്തകരും സംഘടനാ പ്രതിനിധികളും സന്ദര്‍ശിച്ച് എല്ലാവിധ പിന്തുണയും സഹായവും അറിയിക്കുന്നുണ്ട്. ദിവസവും നിരവധി ഫോണ്‍കോളുകളാണു നാരായണന്റെ കേസിന്റെ പുരോഗതി അന്വേഷിച്ചു കൊണ്ടുവരുന്നതെന്നു മുഹമ്മദ് കോയ പറഞ്ഞു.

മോഷണം പോയ ലാന്റ് ക്രൂയിസര്‍ കാറിന്റെ ഉടമ ആയിദ് ബിന്‍ റാഷിദ് അല്‍ റാഷിദുമായി ബന്ധപ്പെട്ട് നാരായണന്റെ കേസില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങളും സാമൂഹ്യപ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്. കൃത്യവിലോപം മാത്രമാണ് പോലീസ് ആരോപിച്ചിട്ടുള്ള കുറ്റം എന്നതിനാല്‍ നാരായണന്റെ പേരില്‍ വ്യക്തി അവകാശ കുറ്റം മാത്രമാണുള്ളത്. പൊതുതാത്പര്യ കുറ്റമില്ലാത്തതിനാല്‍ വാഹന ഉടമ മാപ്പു നല്‍കിയാലും നാരായണനു നാട്ടിലേക്കു പോകാന്‍ സാധിക്കും.

മേയ് മൂന്നിനു(ഞായര്‍) രാവിലെ 8.30നു റിയാദിലെ രണ്ടാം ക്ളാസ് സെഷന്‍സ് കോടതിയില്‍ ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കുന്നതിനായി ഹാജരാകാനാണു കേസിലെ കക്ഷികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനു മുന്‍പു തന്നെ എംബസിയുടെ ശ്രമഫലമായി ഒരു തീര്‍പ്പുണ്ടാക്കാനാകും എന്ന ശുഭ പ്രതീക്ഷയിലാണു സാമൂഹ്യപ്രവര്‍ത്തകര്‍.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍