മനാമയില്‍ കബീര്‍ ബാഖവിയുടെ പ്രഭാഷണ പരമ്പരക്ക് തുടക്കമായി
Saturday, March 28, 2015 8:33 AM IST
മനാമ: ബഹറിനിലെ വിവിധ ഏരിയകളില്‍ നിന്നായി ഒഴുകിയെത്തിയ ജനസഞ്ചയത്തെ സാക്ഷിയാക്കി ഹാഫിള്‍ അഹ്മദ് കബീര്‍ ബാഖവിയുടെ മൂന്നാം വാര്‍ഷിക ത്രിദിന മത പ്രഭാഷണ പരമ്പരക്ക് ബഹറിനില്‍ തുടക്കമായി.

ഖുര്‍ആനും ശാസ്ത്രവും എന്ന വിഷയത്തില്‍ വെള്ളിയാഴ്ച രാത്രി നടന്ന ഉദ്ഘാടന പ്രഭാഷണം ശ്രവിക്കാന്‍ ജാതി മത വ്യത്യാസമില്ലാതെയാണ് ബഹറിന്‍ കേരളീയ സമാജത്തിലേക്ക് ഒഴുകിയെത്തിയത്.

അര്‍ദ്ധ രാത്രി വരെ നീണ്ടുനിന്ന പ്രഭാഷണത്തിലുടനീളം വിശുദ്ധ ഖുര്‍ആന്‍ സൂചന നല്‍കിയ ശാസ്ത്രീയ സത്യങ്ങള്‍ ഓരോന്നും അദ്ദേഹം വിശദീകരിച്ചു.

ഒരു ശാസ്ത്ര ഗ്രന്ഥമല്ലാതിരുന്നിട്ടും നിരവധി ശാസ്ത്രീയ സത്യങ്ങളാണ് 1400 വര്‍ഷം മുമ്പ് ഖുര്‍ആന്‍ മാനവ രാശിക്ക് സമര്‍പ്പിച്ചിട്ടുള്ളതെന്നും അതു പഠിക്കാനും മനസിലാക്കാനും നാം അമാന്തം കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വിശുദ്ധ ഖുര്‍ആനില്‍ ശാസ്ത്രീയ സത്യങ്ങളുടെ വിവരണം കൊണ്ടുള്ള ഉദ്ദേശം മനുഷ്യന് ദൈവാസ്തിക്യം ബോധ്യപ്പെടുത്താനും അതുവഴി ആത്മീയോന്നതി കൈവരിക്കലുമാണെന്നും ബാഖവി വിശദീകരിച്ചു.

ഗോവധ നിരോധനത്തിനു മുമ്പ് സര്‍ക്കാരുകള്‍ ചെയ്യേണ്ടത് മനുഷ്യ വധത്തെ ഇല്ലാതാക്കാനാണെന്നും ഒരു മനുഷ്യനെ വധിച്ചാല്‍ അതു ഒരു മനുഷ്യകുലത്തെ ഇല്ലാതാക്കുന്നതിനു തുല്യമായ മഹാപാതകമായാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളതെന്നും ആനുകാലിക സംഭവവികാസങ്ങളിലേക്ക് വിരല്‍ ചൂണ്ടി ബാഖവി പറഞ്ഞു.

മാനവനെ മൃഗീയതയില്‍ നിന്നും മാനുഷിക മൂല്യങ്ങളിലേക്കുയര്‍ത്താനാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത്. വിശുദ്ധ ഖുര്‍ആനിലെ അധ്യായങ്ങളുടെ ക്രമീകരണങ്ങളില്‍ പോലും ഇതിന്റെ സൂചനയുണ്ട്. പശു എന്ന ഒരു നാല്‍ക്കാലി മൃഗത്തിന്റെ പേരില്‍ തുടങ്ങി മനുഷ്യര്‍ എന്ന അധ്യായത്തില്‍ അവസാനിപ്പിക്കുന്ന അധ്യായ ക്രമീകരണമാണ് ഖുര്‍ആനിലേത്.

കൂടാതെ നാം വളരെ നിസാരമായി കാണുന്ന പല ജീവികളെ കുറിച്ചും പ്രത്യേക അധ്യായങ്ങളും വിശദീകരണവും ഖുര്‍ആനിലുണ്െടന്നും അതിലെല്ലാം ചിന്തിക്കുന്നവര്‍ക്ക് നിരവധി ദൃഷ്ടാന്തങ്ങളുണ്െടന്നും മുന്‍വിധിയില്ലാതെ മാനവരാശി ഖുര്‍ആന്‍ വായിക്കാനും പഠിക്കാനും തയാറാവണമെന്നും ബാഖവി കൂട്ടിച്ചര്‍ത്തു.

ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹറിന്‍ എം.പി. ആദില്‍ അബ്ദുറഹ്മാന്‍ അല്‍ അസൂമി നിര്‍വഹിച്ചു. അബ്ദുറഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. ബഹറിന്‍ എംപിമാരായ അബാസ് അല്‍ മാദി, റാഷിദ് അബ്ദുറഹ്മാന്‍ അസൂമി എംപി, സമസ്ത ഗുദൈബിയ ഏരിയ പ്രസിഡന്റ് അന്‍സാര്‍ അന്‍വരി കൊല്ലം, ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, സമസ്ത ബഹറിന്‍ കേന്ദ്രകമ്മിറ്റി ജന.സെക്രട്ടറി എസ്.എം.അബ്ദുള്‍ വാഹിദ്, കെഎംസിസി പ്രസിഡന്റ് എസ്.വി.ജലീല്‍, അല്‍ നൂര്‍ സ്കൂള്‍ മുഹമ്മദ് മശ്ഹൂദ്, വര്‍ഗീസ് കാരക്കല്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു.

ഉസ്താദ് അബ്ദുറസാഖ് നദ്വിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച ചടങ്ങില്‍ അബ്ദുള്‍ ബാസ്വിത്ത് ഖിറാഅത്ത് നടത്തി. അഷ്റഫ് ഹാജി കാട്ടില്‍ പീടിക സ്വാഗതവും അബ്ദുറഹ്മാന്‍ മാട്ടൂല്‍ നന്ദിയും പറഞ്ഞു.

പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസമായ ശനിയാഴ്ച മനാമ പാക്കിസ്ഥാന്‍ ക്ളബില്‍ 'സച്ചരിതരുടെ പാത' എന്ന വിഷയം അവതരിപ്പിക്കും. തുടര്‍ന്നു 'ഖബ്റിലേക്കുള്ള യാത്ര' എന്ന വിഷയത്തില്‍ ഞായറാഴ്ച ബഹറിന്‍ കേരളീയ സമാജത്തില്‍ നടക്കുന്ന പ്രഭാഷണത്തോടെ ത്രിദിന പ്രഭാഷണ പരമ്പര സമാപിക്കും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കായി സൌജന്യ വാഹന സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0097333772792.39234072, 39474715, 39256178.