അവിസ്മരണീയമായ അപകടമുണ്ടാക്കുമെന്ന് കോപൈലറ്റ് മുന്‍പേ പറഞ്ഞിരുന്നു
Saturday, March 28, 2015 8:31 AM IST
ഡുസല്‍ഡോര്‍ഫ്: 150 പേര്‍ മരിച്ച ജര്‍മന്‍വിംഗ്സ് വിമാനാപകടം കോപൈലറ്റ് ആന്‍ഡ്രിയാസ് ലൂബിറ്റ്സ് വളരെ മുന്‍കൂട്ടി കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയതായിരുന്നു എന്ന സംശയം ബലപ്പെടുന്നു.

അതിക്രൂരവും അവിസ്മരണീയവുമായൊരു പ്രവൃത്തി താന്‍ ചെയ്യുമെന്ന് ഇയാള്‍ പലപ്പോഴും പറഞ്ഞിരുന്നതായി മുന്‍ കാമുകിയുടെ വെളിപ്പെടുത്തല്‍.

പലപ്പോഴും ഇയാള്‍ ഉറക്കത്തില്‍ ദുഃസ്വപ്നങ്ങള്‍ കണ്ട് ഞെട്ടിയുണരുകയും നമ്മളിതാ താഴേക്കു പോകുന്നേ എന്ന് അലറുകയും ചെയ്തിരുന്നുവത്രെ. അതേസമയം, ഇയാളുടെ ചിന്തകള്‍ ഒരിക്കലും തനിക്കു വ്യക്തമായിരുന്നില്ലെന്നു കാമുകി പറയുന്നു.

മനസിലുള്ളത് ഒളിച്ചു വയ്ക്കുന്നതില്‍ ഒരു വിദഗ്ധന്‍ തന്നെയായിരുന്നു ലൂബിറ്റ്സ്. ഈ പേടിപ്പെടുത്തുന്ന സ്വഭാവം കാരണമാണ് അയാളുമായുള്ള ബന്ധം താന്‍ ഉപേക്ഷിച്ചതെന്നും യുവതി വെളിപ്പെടുത്തി.

ആഴ്ചകള്‍ക്കു മുന്‍പ് ഇയാള്‍ രണ്ട് ഓഡി കാറുകള്‍ വാങ്ങിയിരുന്നതായും വ്യക്തമാകുന്നു. ഒന്ന് തനിക്കായും ഒന്നും കാമുകിക്കായുമാണത്രെ വാങ്ങിയത്. സ്വന്തം മാതാപിതാക്കളോടൊത്ത് കഴിയുന്ന കാമുകിയുടെ വീട്ടിലും ജര്‍മന്‍ പോലീസ് പരിശോധന നടത്തി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍