എയര്‍ കേരള വിമാന സര്‍വീസ് ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകും
Saturday, March 28, 2015 3:39 AM IST
ഫ്രാങ്ക്ഫര്‍ട്ട്-കൊച്ചി: പ്രവാസി മലയാളികളുടെ സ്വപ്നമായ എയര്‍ കേരളയുടെ ആദ്യ വിമാനം ഈ വര്‍ഷം നവംബറില്‍ കൊച്ചിയില്‍ നിന്നു പറന്നുയരുമെന്ന് കൊച്ചിന്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ആദ്യം ആഭ്യന്തരവിമാന സര്‍വീസുകള്‍ 15 സീറ്റുകളുള്ള ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ച് തുടങ്ങാനാണ് പദ്ധതി. ചെറു വിമാനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ന്യൂഡല്‍ഹി, മുംബൈ,ചെന്നൈ എന്നിവിടങ്ങളിലേക്കാണ് ആദ്യ സര്‍വീസുകള്‍ പ്ളാന്‍ ചെയ്യുന്നത്.

ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങള്‍ക്കു പുറമെ മധുര, തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍, സേലം, പോണ്ടിച്ചേരി, ബെല്‍ഗാം, മംഗ്ളൂര്‍ എന്നീ ചെറുവിമാനത്താവളങ്ങളിലെ വിപണിസാധ്യതയും പഠനവിധേയമാക്കിയിട്ടുണ്ട്. ഈ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള മറ്റു ഗതാഗത സൌകര്യങ്ങള്‍ ഇവ ഉപയോഗിക്കാന്‍ യാത്രക്കാരന് എത്രത്തോളം പണച്ചെലവു വരും തുടങ്ങിയ പഠനവും സിയാല്‍ നടത്തിയിട്ടുണ്ട്. പ്രവാസി മലയാളികളില്‍ നിന്നും യാത്രകള്‍ സംബന്ധിച്ച് നിരന്തരം ഉണ്ടാകുന്ന പരാതികള്‍ കണക്കിലെടുത്താണ് എയര്‍ കേരള പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന്റെ ആദ്യപടിയായി ആഭ്യന്തര സര്‍വീസ് ആരംഭിക്കുന്നത്. രണ്ടാമതായി ഇന്റര്‍നാഷണല്‍ ഫ്ളൈറ്റുകളിലേക്കും എയര്‍ കേരള സര്‍വീസ് വ്യാപിപ്പിക്കും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍