എങ്ങനെ തടയും പൈലറ്റിന്റെ ആത്മഹത്യ ?
Friday, March 27, 2015 8:01 AM IST
ഡുസല്‍ഡോര്‍ഫ്: നൂറുകണക്കിനു യാത്രക്കാരുമായി പറക്കുന്ന വിമാനത്തിന്റെ പൈലറ്റ് ആകാശത്തുവച്ച് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചാല്‍ എന്തു സംഭവിക്കും? ഒരുപക്ഷേ, ആ ചോദ്യത്തിന് ഉത്തരമായിരിക്കാം 150 പേരുടെ മരണത്തിന് ഇടയാക്കിയ ജര്‍മന്‍വിംഗ്സ് വിമാനാപകടം.

ഇത്തരത്തില്‍, ജോലിക്കിടെ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്ന പൈലറ്റുമാരെ എങ്ങനെ പിന്തിരിപ്പിക്കാന്‍ സാധിക്കും എന്ന ചര്‍ച്ചയും ഈ സൂചന ഉയര്‍ന്നതോടെ ശക്തമായിരിക്കുകയാണ്. വിമാനം മലനിരകളില്‍ ഇടിച്ചുതകരുന്നത് ഒഴിവാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നു വ്യക്തമായ സാഹചര്യത്തില്‍, പൈലറ്റി}ു ബോധമില്ലായിരുന്നുവെന്നോ മരിച്ചുപോയിരുന്നുവെന്നോ മരിക്കാന്‍ തീരുമാനിച്ചിരുന്നോ, അതുമല്ലെങ്കില്‍ ആക്രമിക്കപ്പെട്ടിരുന്നു എന്നോ വേണം അനുമാനിക്കാന്‍.

ജര്‍മന്‍കാരനായ ആന്‍ഡ്രയാസ് ലൂബിറ്റ്സ് ആയിരുന്നു അപകടത്തില്‍പ്പെട്ട ജര്‍മന്‍വിംഗ്സ് വിമാനത്തിന്റെ കോ പൈലറ്റ്. പ്രധാന പൈലറ്റ് കോക്ക്പിറ്റിനു പുറത്തിറങ്ങിയപ്പോള്‍ ഇരുപത്തെട്ടുകാരനായ കോപൈലറ്റ് ഉള്ളില്‍നിന്നു ഡോര്‍ പൂട്ടിയിരുന്നുവെന്നാണു വ്യക്തമാകുന്നത്. കോക്ക്പിറ്റ് ഡോര്‍ പുറത്തുനിന്ന് ഇടിച്ചു പൊളിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളും ബ്ളാക്ക് ബോക്സില്‍നിന്നു ലഭിച്ചിരിക്കുന്നു.

ഫ്രഞ്ച് അന്വേഷണസംഘം നല്‍കിയ വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തില്‍ ലൂബിറ്റ്സിനെക്കുറിച്ച് ജര്‍മന്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. മനഃപൂര്‍വം അപകടം സൃഷ്ടിക്കാന്‍ ഇയാള്‍ക്കു പ്രേരണയായത് എന്താണെന്നതിനെക്കുറിച്ച് വിവരം ലഭിച്ചു എന്നാണ് അറിയുന്നത്.

ഫ്രാങ്ക്ഫര്‍ട്ടിനടുത്ത് മാതാപിതാക്കള്‍ക്കൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇയാള്‍ക്കു വിഷാദരോഗമായിരുന്നു എന്നും സംശയിക്കപ്പെടുന്നു. ആത്മഹത്യാക്കുറിപ്പൊന്നുമല്ലെങ്കിലും വ്യക്തമായ തെളിവുതന്നെയാണു വീട്ടില്‍നിന്നു കിട്ടിയിരിക്കുന്നത്. ഇതെന്താണെന്നു വ്യക്തമാക്കാന്‍ പോലീസ് തയാറായില്ല. പരിശോധനയ്ക്കയച്ചു എന്നു മാത്രമാണു വെളിപ്പെടുത്തല്‍.

കൂട്ടക്കൊല നടത്തിയശേഷം സ്വയം മരിക്കുന്ന തരം മാനസികാവസ്ഥയിലായിരുന്നു ലൂബിറ്റ്സ് എന്നാണ് ഒരു മനഃശാസ്ത്ര വിദഗ്ധന്റെ വിലയിരുത്തല്‍. വ്യക്തമായി ആസൂത്രണം ചെയ്ത പദ്ധതിയാണ് ഇയാള്‍ നടപ്പാക്കിയതെന്നും കരുതുന്നു.

പാസഞ്ചര്‍ വിമാനത്തിന്റെ പൈലറ്റാകുക എന്നതു ലൂബിറ്റ്സിന്റെ ദീര്‍ഘകാല സ്വപ്നം തന്നെയായിരുന്നു. ലുഫ്താന്‍സ ട്രെയ്നിംഗ് സ്കൂളില്‍നിന്നാണ് 2013ല്‍ ഇയാള്‍ വിമാനം പറത്താനുള്ള യോഗ്യത നേടിയത്. ജര്‍മന്‍വിംഗ്സിനായി ജോലി ചെയ്യുന്നതില്‍ ലൂബിറ്റ്സ് സംതൃപ്തനായിരുന്നുവെന്നാണു സുഹൃത്തുക്കള്‍ പറയുന്നത്. പ്രണയപരാജയമാണ് ഇയാളെ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍