ബ്ളാക്ക് ബോക്സ് ഓഡിയോ ഫയല്‍ ലഭ്യമായി; അപകടം മനഃപൂര്‍വമെന്നു സംശയം
Thursday, March 26, 2015 8:16 AM IST
പാരീസ്: ആല്‍പ്സ് പര്‍വതനിരകളില്‍ തകര്‍ന്നുവീണ ജര്‍മന്‍ വിമാനത്തിന്റെ കോക്ക്പിറ്റ് ഡേറ്റ റെക്കോര്‍ഡറില്‍നിന്ന് ഓഡിയോ ഫയല്‍ ലഭ്യമായതായി ഫ്രഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. വ്യക്തമായി കേള്‍ക്കാവുന്ന രീതിയിലുള്ള ഫയല്‍ തന്നെയാണിതെന്നും സ്ഥിരീകരണം വ്യക്തമാക്കുന്നു. പൈലറ്റുമാര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം അപകടമുണ്ടാക്കാന്‍ കാരണമായതായും വെളിപ്പെടുത്തുന്നുണ്ട്.

വിമാനം അപകടത്തില്‍പ്പെടുന്നതിനു തൊട്ടു മുന്‍പ് ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായത് എങ്ങനെയെന്ന് ഇതില്‍നിന്നു വ്യക്തമാകുമെന്നു തന്നെയാണു കരുതുന്നത്. ഈ ഫയല്‍ പരിശോധിക്കുന്നതുവരെ ഇത് അപകടം തന്നെയായിരുന്നോ എന്നു പോലും ഉറപ്പിക്കാന്‍ സാധിക്കില്ലെന്നാണു വിദഗ്ധര്‍ പറയുന്നത്.

വിമാനത്തിന്റെ പാത ഉറപ്പിക്കുന്നതിനുള്ള കോള്‍ ആയിരുന്നു അവസാനത്തെ ആശയവിനിമയം. അതുകഴിഞ്ഞ് ഒരു മിനിറ്റ് പിന്നിടും മുന്‍പാണ് വിമാനം താഴേക്കു നീങ്ങിത്തുടങ്ങിയത്. ഇടിച്ചിറങ്ങും വരെ ഇതേ രീതിയില്‍ തുടരുകയും ചെയ്തു. ഇടി നടക്കുന്ന സമയം വരെ വിമാനം റഡാറില്‍ തന്നെയായിരുന്നുതാനും.

അപകടത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി ജര്‍മനിയില്‍ ഇന്നലെ ദുഃഖാചരണം നടത്തി. ദേശീയ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടി. ഡുസല്‍ഡോര്‍ഫ് വിമാനത്താവളത്തില്‍ ചെറിയൊരു സ്മാരകം തന്നെ ഉയര്‍ന്നു. യാത്രക്കാരും സന്ദര്‍ശകരും ഇവിടെ മെഴുകുതിരികള്‍ കൊളുത്തുകയും കുറിപ്പുകള്‍ എഴുതിവയ്ക്കുകയും ചെയ്തു.

ഇതിനിടെ, ജര്‍മന്‍ സ്റേറ്റ് പ്രോസിക്യൂട്ടര്‍മാരും ഫെഡറല്‍ പോലീസിലെ ഫോറന്‍സിക്സ് വിദഗ്ധരും ഫ്രഞ്ച് അന്വേഷണ സംഘത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

അപകടത്തില്‍ പതിനാറ് വിദ്യാര്‍ഥികളെയും രണ്ട് അധ്യാപകരെയും നഷ്ടപ്പെട്ട ഹാള്‍ട്ടേണിലെ സ്കൂളില്‍ ഇന്നലെ പൂര്‍ണമായ ദുഃഖാചരണം തന്നെയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍