ഓസ്ട്രേലിയ ജര്‍മനിയെ സമനിലയില്‍ പിടിച്ചു
Thursday, March 26, 2015 8:15 AM IST
ബര്‍ലിന്‍: ജര്‍മന്‍ ഫുട്ബോള്‍ ടീമിനെ ഓസ്ട്രേലിയ 2-2 എന്ന സമനിലയില്‍ കുടുക്കി. കോച്ച് ജോക്വിം ലോ അണിനിരത്തിയത് രണ്ടാം നിര ടീമിനെ ആയിരുന്നുവെങ്കിലും ജര്‍മന്‍ ആരാധകര്‍ക്കു കടുത്ത നിരാശ സമ്മാനിക്കുന്നതായിരുന്നു മത്സരഫലം.

പഴയ സൂപ്പര്‍ സ്ട്രൈക്കര്‍ ലൂക്കാസ് പൊഡോള്‍സ്കി ഫോമിലേക്കു തിരിച്ചെത്തുന്നതിന്റെ സൂചനകള്‍ നല്‍കിയതു മാത്രമാണു മത്സരത്തില്‍ ജര്‍മനിക്കുള്ള ആശ്വാസം.

പതിനേഴാം മിനിറ്റില്‍ മാര്‍ക്കോ റൂസിലൂടെ ജര്‍മനിയാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍, 40, 50 മിനിറ്റുകളില്‍ ജയിംസ് ട്രോയ്സി, മിലി ജെഡിനാക് എന്നിവരിലൂടെ ഓസ്ട്രേലിയ 2-1 നു മുന്നിലെത്തി. തുടര്‍ന്ന് നാല്‍പ്പത്തഞ്ചാം മിനിറ്റില്‍ കളത്തിലിറങ്ങിയ ലൂക്കാസ് പൊഡോള്‍സ്കിയിലൂടെ ജര്‍മനി സമനില പിടിക്കുന്നത്.

ദീര്‍ഘകാലത്തിനു ശേഷം ജര്‍മനിക്കായി ഗോളടിക്കുന്ന പൊഡോള്‍സ്കി അന്താരാഷ്ട്ര മത്സരങ്ങളില്‍ തന്റെ 48-ാം ഗോള്‍ കൂടിയാണു കുറിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍