സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ ഏകദിന ധ്യാനവും പീഡാനുഭവ വാരാചരണവും
Thursday, March 26, 2015 6:52 AM IST
ഡാളസ്: അമേരിക്കന്‍ അതിഭദ്രാസനത്തിലുള്‍പ്പെട്ട ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിലെ ഈ വര്‍ഷത്തെ പീഡാനുഭവ വാരാചരണത്തിനായുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

പീഡാനുഭവ വാരാചരണത്തിന്റെ മുന്നോടിയായി മാര്‍ച്ച് 28 (ശനി) രാവിലെ 9.30 മുതല്‍ വചന പ്രഘോഷകന്‍ ഫാ. ബിനു ജോസഫിന്റെ (വികാരി, സെന്റ് മേരീസ് ചര്‍ച്ച് ഹൂസ്റണ്‍) നേതൃത്വത്തില്‍ ഏകദിന ധ്യാനയോഗം നടത്തും. 'എന്നാല്‍ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാന്‍ കഴിയുന്നതല്ല. എബ്രായര്‍ 11-6' എന്നതായിരിക്കും പ്രധാന ചിന്താവിഷയം.

വിവിധങ്ങളായ പ്രശ്നങ്ങളാല്‍ അനുദിനം സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍ അടിപതറാതെ ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോട് കൂടെയുണ്ട് എന്ന ക്രിസ്തു വചനത്തില്‍ അടിയുറച്ച് വിശ്വസിച്ച് ജീവിതത്തില്‍ മുന്നേറുവാന്‍, ദൈവ വചനം നമ്മെ ഓര്‍മിപ്പിക്കുന്നു. പീഡാനുഭവ വാരത്തിലേക്ക് അടുത്തു വരുന്ന ഈ ദിവസങ്ങളില്‍ ഇടവകയെ തികഞ്ഞ ആത്മീയ നിറവിലേക്ക് ഒരുക്കുന്നതിനായി നടത്തപ്പെടുന്ന ഈ ആത്മീയ വിരുന്നിന്, ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പാ അറിയിച്ചു.

കഷ്ടാനുഭവാഴ്ചയോടനുബന്ധിച്ച് 29ന് (ഓശാന ഞായര്‍) രാവിലെ എട്ടിനു ശുശ്രൂഷകള്‍ ആരംഭിക്കും. പെസഹാ വ്യാഴാഴ്ച ആചരണത്തിന്റെ ഭാഗമായി ഏപ്രില്‍ ഒന്നിന് (ബുധന്‍) വൈകുന്നേരം 6.30നു സന്ധ്യാപ്രാര്‍ഥനയും ഏഴിനു പെസഹായുടെ പ്രത്യേക ശുശ്രൂഷയും നടക്കും. ദുഃഖവെളളിയാഴ്ച രാവിലെ 8.30നു പ്രത്യേക ശുശ്രൂഷകള്‍ക്കു തുടക്കം കുറിക്കും. ദുഃഖശനിയാഴ്ച രാവിലെ ഒമ്പതിനു പ്രഭാതപ്രാര്‍ഥനയും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. ഈസ്റര്‍ ദിനമായ ഏപ്രില്‍ അഞ്ചിന് (ഞായര്‍) രാവിലെ 6.30 ന് ഈസ്ററിന്റെ പ്രത്യേക ശുശ്രൂഷകള്‍ ആരംഭിക്കും. 12നു സ്നേഹ വിരുന്നോടെ ഈ വര്‍ഷത്തെ പീഡാനുഭവ വാരാചരണത്തിനു സമാപനമാകും.

മാര്‍ച്ച് 26 മുതല്‍ 31 വരെയുളള ദിവസങ്ങളില്‍ വിശ്വാസികള്‍ക്കു വൈകുന്നേരം അഞ്ചു മുതല്‍ ഏഴു വരെ കുമ്പസാരം നടത്തുന്നതിനുളള അവസരമുണ്ടായിരിക്കും.

സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍