ഷിക്കാഗോ ക്നാനായ ഫൊറോനായില്‍ വാര്‍ഷിക ധ്യാനം സംഘടിപ്പിച്ചു
Thursday, March 26, 2015 6:46 AM IST
ഷിക്കാഗോ: തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍, അമ്പതുനോയമ്പിനോടനുബന്ധിച്ചു മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും ധ്യാനം സംഘടിപ്പിച്ചു.

അമേരിക്കയിലുള്ള ചാവറ മിനിസ്ട്രിയിലെ ഫാ. ജോ പാച്ചേരിയുടെ നേതൃത്വത്തില്‍ മുതിര്‍ന്നവര്‍ക്കുള്ള ധ്യാനം മാര്‍ച്ച് 18 മുതല്‍ 22 വരെ നടന്നു.

സെഹിയോന്‍ യൂത്ത് മിനിസ്ട്രിയിലെ അയിനീഷ് ഫിലിപ്പും സംഘവും ചേര്‍ന്നാണ് കുട്ടികള്‍ക്കും യുവതീയുവാക്കള്‍ക്കുമായുള്ള ധ്യാനം മാര്‍ച്ച് 20 മുതല്‍ 22 വരെ നടത്തിയത്.

എല്ലാ ധ്യാനദിവസങ്ങളിലും വചനപ്രഘോഷണം, ആരാധന, അനുരഞ്ജന ശുശ്രൂഷകള്‍, കുടുംബനവീകരണ സന്ദേശങ്ങള്‍, ഷൈജന്‍ വടക്കന്‍ നയിച്ച ഗാനശുശ്രൂഷകള്‍ എന്നിവ നടന്നു. ധ്യാനത്തോടനുബന്ധിച്ച് മധ്യസ്ഥപ്രാര്‍ഥനയും നടന്നു.

മാര്‍ച്ച് 22ന് (ഞായര്‍) വൈകുന്നേരം നാലിനു നടന്ന ദിവ്യബലിയോടെയാണു ധ്യാനം സമാപിച്ചത്. സെന്റ് തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിച്ച ദിവ്യബലിയില്‍ ബെല്‍ത്തങ്ങാടി മെത്രാന്‍ മാര്‍ ലോറന്‍സ് മൂക്കുഴി, സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, ഫാ. ജോ പാച്ചേരി, ഒമ്പതില്‍പരം വൈദികര്‍ സഹകാര്‍മികത്വം വഹിച്ചു.

നോമ്പുകാലം ഫലദായകമാക്കാന്‍ ഒരുക്കപ്പെട്ട വചന ശുശ്രൂഷകള്‍ നയിച്ച ഫാ. ജോ പാച്ചേരിക്കും സംഘത്തിനും ഷിക്കാഗോ ചാവറ മിനിസ്ട്രിയുടെ കോ ഓര്‍ഡിനേറ്റര്‍ തോമസ് ആലുംപറമ്പിലിനും സെഹിയോന്‍ മിനിസ്ട്രിയുടെ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ റോയ് തച്ചില്‍, അയിനീഷ് ഫിലിപ്പ്, ജോണ്‍ പോളൂം സംഘത്തിനും ഗാനശുശ്രൂഷകളാല്‍ അനുഗ്രഹീതരാക്കിയ ഷൈജന്‍ വടക്കലിനും മതബോധന വിദ്യാര്‍ഥികള്‍ക്കായുള്ള ധ്യാനം കോ- ഓര്‍ഡിനേറ്റ് ചെയ്ത സാബു മുത്തോലത്തിനും മറ്റുസംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കും ഫൊറോന വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് നന്ദി അറിയിച്ചു.