വിദേശികള്‍ക്ക് ഓണ്‍ലൈന്‍ ഫാമിലി വീസ പ്രാബല്യത്തില്‍
Thursday, March 26, 2015 6:44 AM IST
ജിദ്ദ: വിദേശികള്‍ക്ക് ഓണ്‍ലൈന്‍ വഴി ഫാമിലി വീസ ലഭ്യമായി തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഓണ്‍ലൈന്‍ സേവന വിഭാഗം അറിയിച്ചു.

അബ്ഷിര്‍ അക്കൌണ്ട് ഉള്ളവര്‍ക്ക് ഓണ്‍ലൈന്‍ വീസയ്ക്ക് അപേക്ഷിക്കാം. ജവാസാത്തിന്റെ ഔദ്യോഗിക സൈറ്റില്‍ പ്രവേശിച്ച് ഓണ്‍ലൈന്‍ സേവന പോര്‍ട്ടലായ അബ്ഷിറില്‍ രജിസ്റര്‍ ചെയ്തശേഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച കയോസ്കുകള്‍ വഴി വിരലടയാളം നല്‍കി അബ്ഷിര്‍ ആക്ടിവേറ്റ് ചെയ്യുന്നതോടെ സേവനം ലഭ്യമാകും.

തുടര്‍ന്നു സൈറ്റില്‍ പ്രവേശിച്ച് ഓണ്‍ലൈന്‍ സേവനങ്ങളുടെ കാറ്റഗറിയില്‍നിന്ന് റിക്രൂട്ടിംഗ് വിഭാഗവും തുടര്‍ന്നു വിദേശികളുടെ ഫാമിലി വീസ എന്ന ഉപവിഭാഗവും തെരഞ്ഞെടുക്കുക. ശേഷം പുതിയ വീസ എന്ന വിഭാഗത്തില്‍ പ്രവേശിച്ച് ആവശ്യമായ വിവരങ്ങള്‍ നല്‍കി അപേക്ഷ സമര്‍പ്പിക്കുക.

അപേക്ഷ സമര്‍പ്പിച്ച ശേഷം അതിന്റെ കോപ്പി പ്രിന്റ് ചെയ്ത് അപേക്ഷകന്‍ ഒപ്പിട്ട് ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ സീല്‍ പതിപ്പിച്ച ശേഷം ചേംബറില്‍ നിന്ന് അറ്റസ്റ് ചെയ്യുന്നതോടെ അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായി.

അപേക്ഷ സ്വീകരിക്കുന്നതു സംബന്ധിച്ച വിവരം പിന്നീട് സൈറ്റുവഴി ലഭ്യമാകുന്നതാണ്. ഓണ്‍ലൈന്‍ ഫാമിലി വീസ നടപടികള്‍ അപേക്ഷ സമര്‍പ്പിച്ച തീയതി മുതല്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കിയിരിക്കണം. അപേക്ഷകന്റെ ഇഖാമ അപേക്ഷിക്കുന്ന സമയത്ത് 90 ദിവസത്തിനുമേല്‍ കാലാവധി ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. 18 വയസിനു മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കുവേണ്ടി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍