റണ്‍വേ നവീകരണത്തിനു പിന്നില്‍ ബാഹ്യശക്തികള്‍
Thursday, March 26, 2015 6:42 AM IST
'റണ്‍വേ നവീകരണത്തിനു പിന്നില്‍ ബാഹ്യശക്തികള്‍'

ജിദ്ദ: റണ്‍വേ നവീകരണത്തിന്റെ പേരു പറഞ്ഞു കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ മേയ് ഒന്നു മുതല്‍ ആറു മാസത്തേക്കും പിന്നീട് ഒരു വര്‍ഷംകൂടി നീട്ടി നല്‍കാവുന്ന രീതിയില്‍ ജംബോ വിമാനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയ നടപടി എയര്‍പോര്‍ട്ടിനെ പാടെ ഇല്ലാതാക്കുന്നതിന്റെ ഒരു തുടക്കം മാത്രമാണെന്ന് ഐഎംസിസി ജിദ്ദ പ്രവര്‍ത്തകസമിതി അഭിപ്രായപ്പെട്ടു.

രണ്ടു പതിറ്റാണ്ടില്‍ ഏറെയായി മലബാറിലെ ജനങ്ങളുടെ ആശ്രയകേന്ദ്രമായ കാലിക്കട്ട് എയര്‍പോര്‍ട്ടില്‍ റണ്‍വേ നവീകരണ പ്രവര്‍ത്തികള്‍ മുമ്പും നടന്നിട്ടുണ്ട്. സാധാരണയായി ഓഫ് പീക്ക് സമയങ്ങളില്‍ ചെയ്യുന്ന നവീകരണപ്രവൃത്തികള്‍ തിടുക്കപ്പെട്ട് നടപ്പിലാക്കുന്നതിന്റെ പിന്നിലുള്ള കരങ്ങളെ വെളിച്ചത്തു കൊണ്ടുവരണം. ഇത്തരം നടപടികള്‍ സംസ്ഥാനത്തുനിന്നുള്ള ഉംറ, ഹജ്ജ് തീര്‍ഥാടകരെയും ഗള്‍ഫ് നാടുകളില്‍നിന്നു പ്രത്യേകിച്ച് സൌദി അറേബ്യയില്‍നിന്നു റമദാന്‍, വെക്കേഷന്‍ സമയങ്ങില്‍ നാട്ടില്‍ വരുന്ന പതിനായിരക്കണക്കിനുള്ള യാത്രക്കാരോട് ചെയ്യുന്ന ക്രൂരതയാണെന്നു യോഗം അഭിപ്രായപ്പെട്ടു. കൂടാതെ റണ്‍വേ നവീകരണം നടക്കുമ്പോള്‍ 250 സീറ്റുകളൂള്ള എയര്‍ബസ് 300, ഡ്രീംലൈനര്‍ തുടങ്ങിയ വിമാനങ്ങള്‍ക്ക് ഇറങ്ങുന്നതിനു ഒരു തടസവും ഇല്ലായെന്നു എയര്‍പോര്‍ട്ട് ഡയറക്ടര്‍തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ അത്തരത്തില്‍ ഒരു നടപടിയും കൈക്കൊള്ളാതെ ജംബോ സര്‍വീസുകള്‍ക്കു പൂര്‍ണമായും നിരോധനം എര്‍പ്പെടുത്തിയ നടപടിയില്‍ ബാഹ്യ ശക്തികളുടെ സമ്മര്‍ദ്ദം ഉള്ളതായി സംശയിക്കുന്നു.

സിവില്‍ വ്യോമയാന വകുപ്പിന്റെയും എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെയും ധൃതിപിടിച്ചുള്ള ഈ നടപടിക്കെതിരേ വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ ഓഫ് പീക്ക് സമയത്തേക്കു തീരുമാനം മാറ്റി വച്ചിട്ടുണ്െടന്ന റിപ്പോര്‍ട്ട് വന്നു ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച യാതൊരു അറിയിപ്പും തങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എയര്‍പോര്‍ട്ട് അധികൃതരും വ്യക്തമാക്കിക്കഴിഞ്ഞ സാഹചര്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരും പ്രദേശത്തുനിന്നുമുള്ള എംപിമാരും ഈ കാര്യത്തിലെങ്കിലും യോജിച്ചുനിന്നു ശക്തമായ നടപടികള്‍ കൈകൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് ഹംസ പള്ളിക്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അബ്ദുറഹ്മാന്‍ കാളംബ്രാട്ടില്‍, കെ.പി. അബൂബക്കര്‍, ബി.എ. മുഹമ്മദ് ഇഞ്ചിലങ്കോട്, എ.പി.എ. ഗഫൂര്‍, സി.എച്ച്. അബ്ദുള്‍ ജലീല്‍, അലി ഹസന്‍ മാട്ര, ലുക്മാന്‍ തിരുരങ്ങാടി, അമീര്‍ പുകയൂര്‍, സഹീര്‍ കാളംബ്രാട്ടില്‍, മന്‍സൂര്‍ വണ്ടൂര്‍, സലിം കൊടൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രടറി എ.എം. അബ്ദുള്ളകുട്ടി സ്വാഗതവും ഷരീഫ് കാവുങ്ങല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍