വിമാനാപകടത്തില്‍ മരിച്ചവര്‍ ഒരേ ക്ളാസിലുള്ള 16 വിദ്യാര്‍ഥികള്‍
Wednesday, March 25, 2015 8:15 AM IST
ബര്‍ലിന്‍: വിമാനാപകടത്തില്‍ മരിച്ച 150 പേരില്‍ ഹാള്‍ട്ടണിലുള്ള ജോസഫ് കേണിംഗ് സ്കൂളിലെ പതിനാറു വിദ്യാര്‍ഥികളും ഇവരുടെ രണ്ടു അധ്യാപകരും ഉള്‍പ്പെടുന്നു.

സ്പെയിനുമായുള്ള വിദ്യാര്‍ഥി വിനിമയ പരിപാടിയുടെ ഭാഗമായി ബാഴ്സലോണയില്‍ പോയി മടങ്ങുന്ന വഴിയായിരുന്നു ഇവര്‍. വിദ്യാര്‍ഥികളില്‍ ഏറെയും പതിനാറു വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ്.

അപകടത്തെത്തുടര്‍ന്ന് സ്കൂളിന് അവധി നല്‍കിയിരുന്നെങ്കിലും വിദ്യാര്‍ഥികളില്‍ പലരും വീടുകളില്‍നിന്നു മടങ്ങിയെത്തി പരസ്പരം ആശ്വസിപ്പിക്കുകയും കൂട്ടുകാര്‍ക്കായി മെഴുകുതിരികള്‍ കത്തിക്കുകയും ചെയ്തു.

പതിനേഴ് വിദ്യാര്‍ഥികളാണ് ഈ സംഘത്തിലുണ്ടായിരുന്നത്. എന്നാല്‍, പാസ്പോര്‍ട്ട് എടുക്കാന്‍ മറന്നതു കാരണം ഒരു കുട്ടിക്കു മറ്റുള്ളവരോടൊപ്പം യാത്ര ചെയ്യാന്‍ സാധിക്കാതെ വന്നതുകൊണ്ട് ഈശ്വരനു നന്ദി പറയുകയാണു കുട്ടിയുടെ മാതാപിതാക്കള്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍