സീറോ മലബാര്‍ രൂപത കാര്യാലയം ഉദ്ഘാടനം ചെയ്തു
Wednesday, March 25, 2015 8:14 AM IST
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ ഓസ്ട്രേലിയ രൂപത കാര്യാലയത്തിന്റെ ആശീര്‍വാദകര്‍മം മെല്‍ബണ്‍ ആര്‍ച്ച്ബിഷപ് ഡെന്നീസ് ഹാര്‍ട്ട് നിര്‍വഹിച്ചു.

മെല്‍ബണിനടുത്തുള്ള പ്രസ്റണിലാണു രൂപത കാര്യാലയം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. രൂപതയുടെ സിരാകേന്ദ്രമായ ഈ കാര്യാലയത്തിലാണു സീറോ മലബാര്‍ രൂപതയുടെ അനുദിനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍, മെല്‍ബണ്‍ അതിരൂപത സഹായമെത്രാന്‍ ടെറി കര്‍ട്ടിന്‍, വികാരി ജനറാള്‍ മോണ്‍. ഗ്രെഗ് ബെന്നറ്റ്, സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സലര്‍ ഫാ. മാത്യു കൊച്ചുപുരക്കല്‍, മെല്‍ബണ്‍ അതിരൂപത പ്രതിനിധികള്‍, വൈദികര്‍, സീറോ മലബാര്‍ രൂപത കൌണ്‍സിലുകളിലെ അംഗങ്ങള്‍, വിവിധ ഇടവകയിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി സ്വാഗതം ആശംസിച്ചു. ഓസ്ട്രേലിയയില്‍ സീറോ മലബാര്‍ രൂപത സ്ഥാപനത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ രൂപത കാര്യാലയത്തിന് ആരംഭം കുറിക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും ബിഷപ് ബോസ്കോ പുത്തൂര്‍ നന്ദി പറഞ്ഞു. രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരണം നല്‍കി കൊണ്ടിരിക്കുന്ന മെല്‍ബണ്‍ ആര്‍ച്ച്ബിഷപ് ഡെന്നീസ് ഹാര്‍ട്ടിന്, മാര്‍ ബോസ്കോ പുത്തൂര്‍ നന്ദി പറഞ്ഞു. രൂപതയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ ഏവരുടെയും സഹകരണവും പ്രാര്‍ഥനയും ഉണ്ടാകണമെന്ന് മാര്‍ ബോസ്കോ പുത്തൂര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍