മസ്കറ്റ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ പീഡാനുഭവവാര ശുശ്രൂഷകള്‍
Wednesday, March 25, 2015 5:52 AM IST
മസ്കറ്റ്: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ പീഡാനുഭവവാര ശുശ്രൂഷകള്‍ക്ക് മാര്‍ച്ച് 28നു(ശനി) തുടക്കമാകും. സഖറിയാസ് മോര്‍ പീലക്സിനോസ് മെത്രാപ്പോലീത്ത ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. വൈകുന്നേരം ഏഴു മുതല്‍ ഓശാനയുടെ ശുശ്രൂഷയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടക്കും.

ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വൈകുന്നേരം സന്ധ്യ പ്രാര്‍ഥന ഉണ്ടായിരിക്കും. ബുധന്‍ വൈകുന്നേരം ഏഴു മുതല്‍ പെസഹായുടെ ശുശ്രൂഷയും കുര്‍ബാനയും നടക്കും. വ്യാഴം വൈകുന്നേരം ഏഴു മുതല്‍ കാല്‍ കഴുകല്‍ ശുശ്രൂഷ നടക്കും. ദുഃഖവെള്ളിയാഴ്ചയിലെ ശുശ്രൂഷകള്‍ രാവിലെ എട്ടു മുതല്‍ റൂവി റെക്സ് റോഡിലുള്ള അല്‍ മസാ ഹാളില്‍ ആരംഭിക്കും.

ഏപ്രില്‍ നാലിനു(ശനി) വൈകുന്നേരം എട്ടു മുതല്‍ ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ ആരംഭിക്കും.

ഈ വര്‍ഷത്തെ വിശുദ്ധവാര ശുശ്രൂഷകളുടെ ക്രമീകരണങ്ങള്‍ക്കായി വികാരി ഫാ. ഡേവിഡ് പി. തങ്കച്ചന്‍, സെക്രട്ടറി പി.വി. എല്‍ദോ, ട്രസ്റി ജീസോ കെ. ഏലിയാസ് എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം